Friday, June 8, 2012

സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ കേപ് ഡയറക്ടര്‍ രാജിവച്ചു


വഴിവിട്ട നടപടികള്‍ക്കായുള്ള ഭരണകക്ഷി സമ്മര്‍ദങ്ങളെത്തുടര്‍ന്ന് കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്) ഡയറക്ടര്‍ എസ് പ്രേമചന്ദ്രക്കുറുപ്പ് രാജിവച്ചു. കേപിനു കീഴിലെ എന്‍ജിനിയറിങ് കോളേജുകളില്‍ യോഗ്യരായവരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയ ഡയറക്ടറെ മന്ത്രിയുടെ ഓഫീസ് തടയുകയായിരുന്നു. ഭരണകക്ഷി നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍നിന്ന് വന്‍തുക കോഴ വാങ്ങി നിയമനം നടത്താനുള്ള നീക്കം ശക്തമായതോടെയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രേമചന്ദ്രക്കുറുപ്പ് സഹകരണമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്.

കേപില്‍ എന്‍ജിനിയറിങ് അധ്യാപകരുടെ നൂറില്‍പ്പരം ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും കഴിഞ്ഞ് തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് അവഗണിച്ച് മന്ത്രിയുടെ ഒത്താശയോടെ വഴിവിട്ട നിയമനങ്ങള്‍ക്കാണ് നീക്കം. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് 15 ലക്ഷം രൂപ വരെ കോഴ ആവശ്യപ്പെട്ടുവെന്ന് ആരോപണമുണ്ട്.

"മനഃസാക്ഷിക്കും അഭിമാനബോധത്തിനും യോജിക്കാത്ത ഒന്നിനും കൂട്ടുനിന്ന ചരിത്രം എന്റെ സര്‍വീസിലില്ല. ഞാന്‍ മേധാവിയായ സ്ഥാപനത്തില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് വ്യക്തമായപ്പോള്‍ ഇറങ്ങിപ്പോന്നു. വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല"-രാജി സംബന്ധിച്ച് എസ് പ്രേമചന്ദ്രക്കുറപ്പ് "ദേശാഭിമാനി"യോട് പറഞ്ഞു.

നിലവില്‍ ഏഴ് എന്‍ജിനിയറിങ് കോളേജ് കേപിനു കീഴിലുണ്ട്. നാലെണ്ണം ഉടന്‍ ആരംഭിക്കും. എന്‍ജിനിയറിങ് കോളേജുകളില്‍ എഐസിടിഇ മാനദണ്ഡപ്രകാരമുള്ള അധ്യാപകര്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയിലാണ് നൂറോളം അസി. പ്രൊഫസര്‍ തസ്തകയില്‍ നിയമനം നടത്തുന്നത്. ഏപ്രിലിലായിരുന്നു എഴുത്തുപരീക്ഷ. ഡയറക്ടറെക്കൂടാതെ സഹകരണ വകുപ്പ് സെക്രട്ടറി വി എം ഗോപാലമേനോന്‍, ഗവ. എന്‍ജിനിയറിങ് കോളേജിലെ ഒമ്പത് സീനിയര്‍ പ്രൊഫസര്‍മാര്‍ എന്നിവരടങ്ങിയ ബോര്‍ഡാണ് അഭിമുഖം നടത്തി റാങ്ക്ലിസ്റ്റ് തയ്യാറാക്കിയത്. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ചെയര്‍മാനായ കേപ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തിനായി ലിസ്റ്റ് സമര്‍പ്പിച്ചപ്പോഴാണ് മന്ത്രിയുടെ ഓഫീസ് അതു നിരാകരിച്ച് പുതിയ ലിസ്റ്റിന് രൂപം നല്‍കിയത്. ഇതില്‍ ശക്തമായ അമര്‍ഷമുണ്ടെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തിയാണ് പ്രേമചന്ദ്രക്കുറുപ്പ് രാജിക്കത്ത് നല്‍കിയത്.
ഉപജാപകസംഘത്തിന്റെ പിടിയിലാണ് സഹകരണമന്ത്രിയെന്ന് പ്രേമചന്ദ്രക്കുറുപ്പ് പറഞ്ഞു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സഹകരണവകുപ്പിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി അടുത്തിടെ നിയമിതനായ മന്ത്രിയുടെ വിശ്വസ്തന്‍ എസ് രവീന്ദ്രന് ആണ് കേപ് ഡയറക്ടറുടെ ചുമതല. ജില്ലാ ബാങ്കുകളിലെ ജനകീയ ഭരണസമിതികളെയെല്ലാം പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിനു വഴിയൊരുക്കിയ മുന്‍ സഹകരണ രജിസ്ട്രാറായ രവീന്ദ്രന് വിരമിച്ചശേഷം പുതിയ തസ്തികയുണ്ടാക്കി പുനര്‍നിയമനം നല്‍കിയത് വിവാദമായിരുന്നു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 080612

1 comment:

  1. വഴിവിട്ട നടപടികള്‍ക്കായുള്ള ഭരണകക്ഷി സമ്മര്‍ദങ്ങളെത്തുടര്‍ന്ന് കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്) ഡയറക്ടര്‍ എസ് പ്രേമചന്ദ്രക്കുറുപ്പ് രാജിവച്ചു. കേപിനു കീഴിലെ എന്‍ജിനിയറിങ് കോളേജുകളില്‍ യോഗ്യരായവരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയ ഡയറക്ടറെ മന്ത്രിയുടെ ഓഫീസ് തടയുകയായിരുന്നു. ഭരണകക്ഷി നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍നിന്ന് വന്‍തുക കോഴ വാങ്ങി നിയമനം നടത്താനുള്ള നീക്കം ശക്തമായതോടെയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രേമചന്ദ്രക്കുറുപ്പ് സഹകരണമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്.

    ReplyDelete