Saturday, June 9, 2012

കേപ്: ഇടപെട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്; അസംബന്ധം: പ്രേമചന്ദ്രക്കുറുപ്പ്


കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്) ഡയറക്ടറെ നീക്കിയതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് സഹകരണമന്ത്രിയുടെ ഓഫീസ്. കേപിനു കീഴിലെ എന്‍ജിനിയറിങ് കോളേജുകളിലെ അസി. പ്രൊഫസര്‍ നിയമനത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സുദേവന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുന്‍ ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റ് അംഗീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഏകപക്ഷീയ തീരുമാനങ്ങളാണ് മുന്‍ ഡയറക്ടര്‍ എടുത്തിരുന്നതെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പ്രേമചന്ദ്രക്കുറുപ്പിനു പിന്നാലെ രാജിവച്ച നാല് സഹപ്രവര്‍ത്തകരേയും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഡയറക്ടറായിരിക്കെ പ്രേമചന്ദ്രക്കുറുപ്പ് കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജുകള്‍ക്കുവേണ്ടി നടത്തിയ എല്ലാ സിവില്‍ വര്‍ക്കുകളും മറ്റു സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ കേപ് എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം തീരുമാനിച്ചതായും മന്ത്രി ഓഫീസ് അറിയിച്ചു.

നിയമനകാര്യത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെടാറില്ലെന്നതടക്കം വാര്‍ത്താകുറിപ്പില്‍ പറയുന്നതെല്ലാം അസംബന്ധമാണെന്ന് പ്രേമചന്ദ്രക്കുറുപ്പ് പറഞ്ഞു. തന്നെ സര്‍ക്കാര്‍ ഒഴിവാക്കിയതല്ല, ജൂണ്‍ രണ്ടിന് രാജിവച്ചതാണ്. പിറ്റേന്ന് പത്രങ്ങളില്‍ ആ വാര്‍ത്ത വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഒഴിവാക്കിയശേഷമാണ് മന്ത്രിക്ക് രാജിക്കത്ത് കൊടുത്തതെങ്കില്‍ ആ കത്ത് പ്രസിദ്ധീകരിക്കാന്‍ മന്ത്രിയുടെ ഓഫീസ് തയ്യാറുണ്ടോ. കേപില്‍ താന്‍ തയ്യാറാക്കിയ അധ്യാപകനിയമന ലിസ്റ്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചതു ശരിയാണെങ്കില്‍ അത് മുഖം രക്ഷിക്കാനാണ്. താന്‍ രാജിവച്ചതും മാധ്യമങ്ങളില്‍ അതുസംബന്ധിച്ചുവന്ന വാര്‍ത്തകളുമാണ് ലിസ്റ്റ് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവരെ നിര്‍ബന്ധിതമാക്കിയത്. കേപിന്റെ നല്ല ഭാവിക്കാണ് തന്നെ ഒഴിവാക്കിയതെന്ന വാദം വിചിത്രമാണ്. താന്‍ ഡയറക്ടറായ കാലം ഏറ്റവും മെച്ചപ്പെട്ടതായിരുന്നുവെന്നാണ് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും ഇതുവരെ പറഞ്ഞത്. താന്‍ രാജിവച്ചശേഷം ഏഴുപേരാണ് കേപില്‍നിന്ന് രാജിവച്ചത്. ഇവരെയെല്ലാം മന്ത്രിയറിയാതെ താന്‍ നിയമിച്ചതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന സഹകരണ മന്ത്രിയുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. കാര്യങ്ങള്‍ ഈ വിധത്തിലായ നിലയ്ക്ക് മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന ഓഫീസുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും താന്‍ പുറത്തുവിടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും പ്രേമചന്ദ്രക്കുറുപ്പ് പറഞ്ഞു.

deshabhimani 090612

1 comment:

  1. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്) ഡയറക്ടറെ നീക്കിയതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് സഹകരണമന്ത്രിയുടെ ഓഫീസ്. കേപിനു കീഴിലെ എന്‍ജിനിയറിങ് കോളേജുകളിലെ അസി. പ്രൊഫസര്‍ നിയമനത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സുദേവന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുന്‍ ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റ് അംഗീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഏകപക്ഷീയ തീരുമാനങ്ങളാണ് മുന്‍ ഡയറക്ടര്‍ എടുത്തിരുന്നതെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പ്രേമചന്ദ്രക്കുറുപ്പിനു പിന്നാലെ രാജിവച്ച നാല് സഹപ്രവര്‍ത്തകരേയും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഡയറക്ടറായിരിക്കെ പ്രേമചന്ദ്രക്കുറുപ്പ് കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജുകള്‍ക്കുവേണ്ടി നടത്തിയ എല്ലാ സിവില്‍ വര്‍ക്കുകളും മറ്റു സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ കേപ് എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം തീരുമാനിച്ചതായും മന്ത്രി ഓഫീസ് അറിയിച്ചു.

    ReplyDelete