Saturday, June 9, 2012
കോണ്‍ഗ്രസ് നേതാക്കള്‍ കമീഷന് തട്ടിയത് വായ്പ തിരിച്ചടയ്ക്കേണ്ടെന്ന് പ്രചരിപ്പിച്ച്
ആലപ്പുഴ: കയര്‍ തറികള്‍ക്ക് കയര്‍ബോര്‍ഡ് നല്കുന്ന വായ്പ തിരിച്ചടക്കേണ്ടെന്ന ഉറപ്പുനല്‍കിയാണ് കയര്കോര്പറേഷന് ചെയര്മാന് രാജേന്ദ്രപ്രസാദും മറ്റും വന്‍ തുക കമീഷന് കൈപ്പറ്റിയതെന്ന് സിബിഐ കണ്ടെത്തി. ബാങ്കുകള്‍ ജപ്തി നടപടി സ്വീകരിച്ചു തുടങ്ങിയതോടെ വായ്പയെടുത്ത പാവങ്ങള്‍ക്ക് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സ്ഥിതിയായി. അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കില്‍ മാത്രം അറുനൂറോളം പേര്‍ക്കാണ് കയര്‍തറി നിര്‍മിക്കാന്‍ വായ്പ നല്‍കിയത്. അഞ്ചുലക്ഷം വായ്പ ലഭ്യമാക്കി തറി സ്ഥാപിച്ചാല്‍ രണ്ടു ലക്ഷം രൂപ കയര്‍ ബോര്‍ഡ് ഇളവ് അനുവദിക്കുന്നതായിരുന്നു പദ്ധതി. ഗുണഭോക്താക്കളെ കയര്ബോര്ഡിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളും അവരുടെ ഏജന്റുമാരും ചേര്‍ന്ന് തീരുമാനിച്ചു. കയര്‍ബോര്‍ഡിന്റെ ഇളവു കഴിച്ചുള്ള വായ്പത്തുകയും തിരിച്ചടക്കേണ്ടതില്ലെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പലരെക്കൊണ്ടും വായ്പയെടുപ്പിച്ചത്. തറി സ്ഥാപിക്കേണ്ടെന്നും കടലാസില്‍ ഒപ്പിട്ടാല്‍ മാത്രം മതിയെന്നും പറഞ്ഞു.
തറിയന്ത്രം സ്ഥാപിക്കുന്ന ഏജന്‍സിയെ കയര്‍ബോര്‍ഡ് നിശ്ചയിക്കുമെന്നും ഇവര്‍ തറി സ്ഥാപിച്ച ശേഷം ബാങ്ക് വായ്പ തുക ഈ ഏജന്‍സിയുടെ പേരില്‍ നല്‍കുമെന്നുമായിരുന്നു പദ്ധതി നിബന്ധന. അതിനായി കയര്‍ കോര്പറേഷന് ചെയര്മാന് സ്വന്തം പേരില്‍ തന്നെ ഇല്ലാത്ത തറി നിര്‍മാണ കമ്പനി രജിസ്റ്റര്‍ ചെയ്തു. ഡിസിസി ട്രഷറര്‍ സുബ്രമണ്യദാസും സ്വന്തം പേരില്‍ ശിവമൈ കയര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിനാമികളുടെ പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. 600 പേരില്‍ നിന്ന് ശരാശരി 35,000 രൂപ വെച്ച് രാജേന്ദ്ര പ്രസാദും സുബ്രമഹ്മണ്യദാസും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ദേശം രണ്ടു കോടി രൂപയാണ് കമീഷനായി കൈപ്പറ്റിയത്. 209 പേര്‍ക്ക് തറിയുടെ ക്വട്ടേഷന്‍ നല്കിയ രാജേന്ദ്രപ്രസാദിന് മാത്രം 70 ലക്ഷം രൂപ കമീഷന് കിട്ടി. സര്‍ക്കാരിന് ഇളവ് ഇനത്തില്‍ 12 കോടി രൂപ നഷ്ടമായതായി സിബിഐ കണക്കാക്കുന്നു. കേരളത്തില്‍ ആയിരത്തിലേറെ തറികള്‍ ബോര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. ചേര്‍ത്തല അമ്പലപ്പുഴ ഭാഗത്തെ തട്ടിപ്പ് മാത്രമാണ് ഇതുവരെ സിബിഐ അന്വേഷിച്ചത്.
പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മരുമകന് സര്‍ക്കാര്‍ ഭൂമി കൈയേറി
കാഞ്ഞങ്ങാട്: പെരിയയില്‍ വീണ്ടും സര്‍ക്കാര്‍ ഭൂമി കൈയേറി. സ്ഥലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകനാണ് ഒരേക്കറോളം സര്‍ക്കാര്‍ ഭൂമി കൈയേറിയത്. നാട്ടുകാരുടെ പരാതിയില്‍ മതില്‍കെട്ടുന്ന പ്രവൃത്തി പെരിയ വില്ലേജ് ഓഫീസര്‍ തടഞ്ഞു. പെരിയ വില്ലേജിലെ റി. സര്‍വേ നമ്പര്‍ 183/3ല്‍പ്പെട്ട പെരിയ മൊയോലത്ത് റോഡരികിലുള്ള റവന്യുഭൂമിയാണ് കൈയേറിയത്. മൂന്നാംകടവ് റോഡിന്റെയും കല്യോട്ട് റോഡിന്റെയും ജങ്ഷനായ ഇവിടെ നേതാവിന്റെ മരുമകന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരില്‍ നിന്ന് ഭൂമി പതിച്ചുകിട്ടിയവരില് നിന്ന് നാലേക്കര്‍ വിലയ്ക്ക് വാങ്ങി. ഇവിടെ മതില് കെട്ടിയത് റവന്യൂ ഭൂമി കൈയേറിയാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനുപുറമെയാണ് റോഡരികിലായുള്ള 50 സെന്റ് റവന്യൂഭൂമി കൈയേറിയത്.
കൈയേറ്റം സംബന്ധിച്ച് വിചിത്രമായ ന്യായമാണ് അമേരിക്കന്‍ മലയാളിയായ ഭൂവുടമ ഉന്നയിക്കുന്നത്. "ടെക്നോപാര്‍ക്കിനും സൗരോര്‍ജം ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന പുതിയടെക്നോളജി വികസിപ്പിക്കാനുമായുള്ള സ്ഥാപനമാണ് ഇവിടെ ആരംഭിക്കുന്നത്. തന്റെ ഭൂമിയില്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ക്ലബ്ബും കുടുംബശ്രീ യൂണിറ്റും താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. സ്ഥലത്തോട് ചേര്‍ന്ന റവന്യു ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചതിനാല്‍ സംഘടനകളെ പറഞ്ഞ് മനസിലാക്കി കെട്ടിടം പൊളിച്ചുമാറ്റി ഇതിനോട് ചേര്‍ന്നുള്ള റവന്യൂ ഭൂമിയില്‍ കെട്ടിടം സ്വന്തം ചെലവില്‍ നിര്‍മിച്ചു നല്‍കുകയാണ്. ഭൂമി സര്‍ക്കാര്‍ തനിക്ക് പതിച്ചുനല്‍കും". റവന്യൂഭൂമി ഭൂരഹിതര്‍ക്കാണ് പതിച്ചുനല്‍കുകയെന്ന സര്‍ക്കാര്‍ നയത്തെതന്നെ അട്ടിമറിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന റവന്യൂഭുമി വഴിവിട്ടമാര്‍ഗത്തിലൂടെ പതിച്ചെടുക്കാമെന്ന ധാരണയിലാണ് കൈയേറ്റം നടത്തിയതെന്ന് ഇതോടെ വ്യക്തമായി.
അതേസമയം റവന്യു ഭൂമിക്കായുള്ള ഭൂവുടമയുടെ അപേക്ഷ കിട്ടിയിട്ടില്ലെന്ന് വില്ലേജ് അധികൃതര്‍ വെളിപ്പെടുത്തി. ഭരണസ്വാധീനമുപയോഗിച്ച് പെരിയയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം വ്യാപകമാവുകയാണെന്നും ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ വില്ലേജ്കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റൊരു കോണ്‍ഗ്രസ് നേതാവ് ചാലിങ്കാലില്‍ ഭൂമി കൈയേറിയ വിവരം പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ഡിവൈഎഫ്ഐ സമരത്തെ തുടര്‍ന്നാണ് ഇവിടെ നടപടിയുണ്ടായത്. കാസര്‍കോടിനെ ഭൂരഹിതരില്ലാത്ത ജില്ലയാക്കുന്ന പരിപാടിയുടെ മറവില്‍ ഭരണസ്വാധീനമുപയോഗിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന റവന്യൂഭൂമി ഭൂവുടമക്ക് പതിച്ചുനല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി തുടങ്ങിയ സംഘടനകള്‍ ആരോപിച്ചു. ചാലിങ്കാലില്‍ കോണ്‍ഗ്രസ് നേതാവും സഹോദരനും ചേര്‍ന്ന് കൈയേറിയ റവന്യുഭൂമി ഉടന്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്നറിയിച്ച റവന്യു അധികൃതരുടെ മൗനം സംഘടനകളുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്.
തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് കോണ്‍ഗ്രസ് ഓഫീസ് ശുചീകരിച്ചതായി പരാതി
കോട്ടത്തറ: തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക ഓഫീസിന്റെ പരിസരം വൃത്തിയാക്കിയതായി പരാതി. കോട്ടത്തറ പഞ്ചായത്ത് ആറാം വാര്‍ഡിലെ കരിങ്കുറ്റി വാര്‍ഡ് കമ്മിറ്റി ഓഫീസാണ് തൊഴിലുറപ്പ്പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരിച്ചത്. നാട്ടുകാരുടെയും തൊഴിലാളികളുടെയും എതിര്‍പ്പിനെ അവഗണിച്ച് നടന്ന പൊതുഫണ്ട് ദുര്‍വിനിയോഗത്തിനെതിരെ തൊഴിലുറപ്പ് പദ്ധതി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിക്കും ബിപിഒക്കും പരാതി നല്കി.
ബുധനാഴ്ചയാണ് ആറാം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ മുപ്പതോളം തൊഴിലാളികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് ഓഫീസിന്റെ പരിസരം കാടുവെട്ടല്‍ ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവികള് നടത്തിയത്. ആദിവാസി കോളനി ശുചീകരണം-പൊതുസ്ഥാപനങ്ങളുടെ പരിസരം വൃത്തിയാക്കല്‍ എന്നീ പേരുകളില്‍ പ്രൊജക്ടുണ്ടാക്കി ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയാണ് കോണ്‍ഗ്രസ് ഓഫീസിനുവേണ്ടി ഫണ്ട് അനുവദിച്ചത്. പഞ്ചായത്തിലെ രേഖകളില്‍ കരിങ്കുറ്റി കോണ്‍ഗ്രസ് ഓഫീസിന് നൂറുമീറ്റര്‍ അകലെയുള്ള അങ്കണവാടിയുടെ പരിസരം ശുചീകരിച്ചുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യാന്‍ നേതൃത്വം നല്കിയ പഞ്ചായത്ത് അംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
കലക്ടറുടെ ഉത്തരവ് മറികടക്കാന്‍ നികത്തിയ നിലത്ത് ഒറ്റരാത്രികൊണ്ട് കോണ്‍ഗ്രസ് നേതാവ് വാഴനട്ടു
തിരുവല്ല: ആര്‍ഡിഒയുടെയും പൊലീസിന്റെയും ഒത്താശയോടെ നിരണത്ത് നികത്തിയ നിലം തിരികെ പിടിക്കാന്‍ കലക്ടര്‍ ആര്‍ഡിഒയ്ക്ക് ഉത്തരവ് നല്കി 24 മണിക്കൂര്‍ കഴിയുംമുമ്പ് വസ്തു ഉടമയായ ഡിസിസി ജനറല്‍ സെക്രട്ടറി നികത്തിയ വസ്തുവില്‍ തെങ്ങും വാഴ തൈകളും നട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി കടപ്ര കൊച്ചുപറമ്പില്‍ വീട്ടില്‍ അഡ്വ. എന്‍ ഷൈലാജാണ് കലക്ടറുടെ ഉത്തരവ് മറികടക്കാന്‍ പുതിയ തന്ത്രവുമായി എത്തിയത്. നിരണം വില്ലേജില്‍പ്പെട്ട ബ്ലോക്ക് ഒന്ന് റീസര്‍വ്വേ 646/9ല്‍പ്പെട്ട 37.15 ആര് നിലം എന്‍ ഷൈലാജ് നികത്തിയെടുത്തിരുന്നു. ഇതുള്‍പ്പെടെ കടപ്ര, നിരണം, കുറ്റൂര്‍, കോയിപ്രം വില്ലേജുകളില്‍ നികത്തിയെടുത്ത എല്ലാ സ്ഥലങ്ങളും തിരികെപിടിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. നിലംനികത്തലിന് അനുകൂലമായ നിലപാടാണ് തിരുവല്ല ആര്‍ഡിഒ സ്വീകരിക്കുന്നതെന്ന ആക്ഷേപത്തെ തുടര്‍ന്ന് പരാതികളെല്ലാം പരിശോധിച്ച ശേഷമാണ് കലക്ടര്‍ ഈ ഉത്തരവ് ആര്‍ഡിഒയ്ക്ക് നല്‍കിയത്. കലക്ടറുടെ ഉത്തരവിറങ്ങിയതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച രാത്രി ഗുണ്ടകളുടെയും മറ്റും സഹായത്തോടെ നികത്തിയ നിലത്ത് ഇരുനൂറോളം തെങ്ങിന് തൈകളും വാഴയും നട്ടുപിടിപ്പിച്ചു. സംഭവസമയത്ത് പ്രദേശത്ത് ഗുണ്ടകള്‍ ഭീകരാന്തരീക്ഷം സൃഷ്ടച്ചതിനാല് നാട്ടുകാര്‍ അടുത്തതേയില്ല. നിലവില്‍ കൃഷിചെയ്യുന്ന സ്ഥലമാണെന്ന് കാണിച്ച് നടപടി ഒഴിവാക്കാനാണ് ഈ ശ്രമം.
സംഭവമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും എത്തിയപ്പോള്‍ കൃഷിയിടം ആക്രമിക്കാനെന്ന് പറഞ്ഞ് പുളിക്കീഴ് എസ്ഐയെ വിളിക്കുകയും പൊലീസ് സ്ഥലത്തെത്തുകയുംചെയ്തു. തൊട്ടുപിന്നാലെ ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ ഷൈലാജും അവിടെയെത്തി. ഭരണകക്ഷിയായ കോണ്‍ഗ്രസ് നേതാവിന്റെ ചുവടുപിടിച്ച് നിരണം പഞ്ചായത്തില്‍ നിലംനികത്തല്‍ വ്യാപകമാവുകയാണ്. പഞ്ചായത്തും വില്ലേജ് അധികൃതരും നടപടിയെടുക്കുന്നില്ല. ഇതേതുടര്‍ന്ന് കടപ്ര, കുറ്റൂര്‍, കോയിപ്രം വില്ലേജുകളിലും നികത്തല്‍ വ്യാപിച്ചു. കടപ്രയിലെ ബ്ലോക്ക് രണ്ട് റീസര്‍വ്വേ 189/17 നമ്പരില്‍പ്പെട്ട കടപ്ര - മാന്നാര്‍ പുത്തന്‍പുരയ്ക്കല്‍ ചെറിയാന്റെ വസ്തുവും നിരണം കളപുരയില്‍ സുഭാഷിന്റെ ഉടമസ്ഥതയിലുള്ള ബ്ലോക്ക് മൂന്ന് റീസര്‍വ്വേ 55/14ല്‍പ്പെട്ട 15.85 ആര് നിലവും കുറ്റൂര്‍ വില്ലേജിലെ റീസര്‍വ്വേ 33/10ല്‍പ്പെട്ട 26.10 ആര് നിലവും കാവുംഭാഗം പുതുമന വീട്ടില്‍ വര്‍ക്കി രാജനും നികത്തി. കോയിപ്രം വില്ലേജില്‍ 160/2ല്‍പ്പെട്ട 29.06 ആര് നിലം ചെങ്ങന്നൂര്‍ വലിയവീട്ടില്‍ സുധീഷ് പി സെബാസ്റ്റ്യന്റെ ഭാര്യ സിബി സുധീഷ് നികത്തിയിട്ടുണ്ട്. കലക്ടറേറ്റില്‍ ഇതുസംബന്ധിച്ച പരാതികള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍, ആര്‍ഡിഒയ്ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ലഭിച്ച പരാതികള്‍ ഏറെയാണ്. ഇവയൊന്നും കലക്ടറേറ്റില്‍ എത്തിയിട്ടുമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം നിലംനികത്തല്‍ അതിരൂക്ഷമാവുകയാണ്.
ഈ നില തുടര്‍ന്നാല്‍ തിരുവല്ല ആറുമാസത്തിനുള്ളില്‍ വെളുക്കും
തിരുവല്ല: നിലവിലുള്ള ആര്‍ഡിഒ ആറുമാസം കൂടി തുടര്‍ന്നാല്‍ തിരുവല്ല വെളുക്കുമെന്ന് ഒരു കൂട്ടര്. എന്നാല്‍, ഇതിന് മൂന്നുമാസം തന്നെ വേണ്ടിവരില്ലെന്ന് മറ്റു ചിലര്‍. ആന്റണി ഡൊമിനിക് തിരുവല്ല ആര്‍ഡിഒയായി ചുമതല ഏറ്റതിന് ശേഷമാണ് ഇത്രമാത്രം നിലംനികത്തല്‍ വ്യാപകമായത്. തിരുവല്ല കൈയ്യടക്കി വാഴുന്ന ഭൂമാഫിയയുടെ പിടിയിലാണ് ഈ ഉദ്യോഗസ്ഥനെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെല്‍വയലുകള്‍ നികത്തുന്നത് സംബന്ധിച്ച് ഈ ഉദ്യോഗസ്ഥനുമുമ്പില്‍ വന്ന പരാതികള്‍ ഒട്ടേറെയാണ്.
ഏതെങ്കിലും വില്ലേജ് ഓഫീസര്‍മാര്‍ എടുത്ത നടപടികളാകെ ഇദ്ദേഹം മുകളിലിട്ട് പൂട്ടും. നെല്ലിന് മുകളില്‍ മണ്ണിട്ടത് മുതല്‍ വയലുകള്‍ നികത്തുന്നത് വരെയുള്ള നിരവധി പരാതികളാണ് വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ആര്‍ഡിഒ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പൊതുജനം നല്‍കിയത്. എന്നാല്‍, ഒന്നില്‍പോലും നടപടിയെടുക്കാന്‍ ആര്‍ഡിഒ തയ്യാറായിട്ടില്ല. കലക്ടര്‍ക്ക് ലഭിച്ച പരാതികളെ തുടര്‍ന്ന് ആര്‍ഡിഒയുടെ ഒത്താശയില്‍ മണ്ണിട്ട് നികത്തിയ പല സ്ഥലങ്ങളും തിരികെ പിടിക്കാന്‍ ഈ ആര്ഡിഒയോടുതന്നെ കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
നിലംനികത്തുന്നതിനെതിരെ നടപടിയെടുക്കേണ്ട ജില്ലയിലെ യുഡിഎഫ് നേതാക്കളാകട്ടെ മണ്ണിട്ടുനികത്തുന്ന ടിപ്പര്‍ ലോറി സംഘടനകളുടെ ജില്ലാ നേതാക്കളായി പ്രവര്‍ത്തിക്കുന്നു. ആര്‍ഡിഒയും യുഡിഎഫ് നേതാക്കളും മാഫിയാസംഘത്തിന് നേതൃത്വവും ഒത്താശയും ചെയ്യുമ്പോള്‍ ഭരണസ്വാധീനത്തിന് വഴങ്ങി പൊലീസും ഇതിനൊപ്പമാണ്. ഇതിന്മുമ്പുണ്ടായിരുന്ന ആര്‍ഡിഒ ബാലകിരണ്‍ മണ്ണ്- മണല്‍ മാഫികള്‍ക്കെതിരെ സ്വീകരിച്ച കര്‍ശന നിലപാട് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
deshabhimani 090612
Labels:
അഴിമതി,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
കയര്‍ തറികള്‍ക്ക് കയര്‍ബോര്‍ഡ് നല്കുന്ന വായ്പ തിരിച്ചടക്കേണ്ടെന്ന ഉറപ്പുനല്‍കിയാണ് കയര്കോര്പറേഷന് ചെയര്മാന് രാജേന്ദ്രപ്രസാദും മറ്റും വന്‍ തുക കമീഷന് കൈപ്പറ്റിയതെന്ന് സിബിഐ കണ്ടെത്തി. ബാങ്കുകള്‍ ജപ്തി നടപടി സ്വീകരിച്ചു തുടങ്ങിയതോടെ വായ്പയെടുത്ത പാവങ്ങള്‍ക്ക് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സ്ഥിതിയായി. അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കില്‍ മാത്രം അറുനൂറോളം പേര്‍ക്കാണ് കയര്‍തറി നിര്‍മിക്കാന്‍ വായ്പ നല്‍കിയത്. അഞ്ചുലക്ഷം വായ്പ ലഭ്യമാക്കി തറി സ്ഥാപിച്ചാല്‍ രണ്ടു ലക്ഷം രൂപ കയര്‍ ബോര്‍ഡ് ഇളവ് അനുവദിക്കുന്നതായിരുന്നു പദ്ധതി. ഗുണഭോക്താക്കളെ കയര്ബോര്ഡിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളും അവരുടെ ഏജന്റുമാരും ചേര്‍ന്ന് തീരുമാനിച്ചു. കയര്‍ബോര്‍ഡിന്റെ ഇളവു കഴിച്ചുള്ള വായ്പത്തുകയും തിരിച്ചടക്കേണ്ടതില്ലെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പലരെക്കൊണ്ടും വായ്പയെടുപ്പിച്ചത്. തറി സ്ഥാപിക്കേണ്ടെന്നും കടലാസില്‍ ഒപ്പിട്ടാല്‍ മാത്രം മതിയെന്നും പറഞ്ഞു
ReplyDelete