Sunday, June 10, 2012
"ചന്ദ്രശേഖരനുമായി നിരവധി തവണ ചര്‍ച്ച നടത്തി"
ചന്ദ്രശേഖരനെ സിപിഐ എമ്മിലേക്കു തിരികെകൊണ്ടുവരാന്‍ തന്റെ മധ്യസ്ഥതയില്‍ നിരവധി തവണ ചര്‍ച്ച നടത്തിയതായി ചൊക്ലി ലോക്കല്‍ കമ്മറ്റി അംഗവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ടി ടി കെ ശശി പറഞ്ഞു. പി ജയരാജന്റെ നിര്‍ദേശപ്രകാരം മൂന്നുതവണ വേണുവിന്റെ വീട്ടിലും നാലുതവണ ചന്ദ്രശേഖരന്റെ വീട്ടിലുമായിരുന്നു ചര്‍ച്ച. സിപിഐ എമ്മിലേക്ക് തിരികെവരാന്‍ ചന്ദ്രശേഖരനും വേണുവും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയുടെ അവസാനഘട്ടംവരെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായും ശശി ദേശാഭിമാനിയോട് പറഞ്ഞു.
തലശേരി ശാരദാകൃഷ്ണയ്യര്‍ കല്യാണമണ്ഡപത്തില്‍ പാര്‍ടി റിപ്പോര്‍ട്ടിങ്ങിനെത്തിയപ്പോഴാണ് പി ജയരാജന്‍ ചന്ദ്രശേഖരനുമായി സംസാരിക്കാന്‍ ചുമതലപ്പെടുത്തിയത്. അടുത്ത ദിവസം ഒഞ്ചിയത്ത് പോയെങ്കിലും അന്ന് ഇടതുപക്ഷ ഏകോപനസമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചന്ദ്രശേഖരന്‍ കോഴിക്കോടായതിനാല്‍ കാണാനായില്ല. ആര്‍എംപി നേതാവ് വേണു നാട്ടിലുണ്ടെന്നറിഞ്ഞ് ഏറാമലയില്‍ എത്തി. വേണുവിന്റെ വീട്ടില്‍ചെന്ന് കണ്ടാണ് ആദ്യമായി ചര്‍ച്ച നടത്തിയത്. ചന്ദ്രശേഖരനുമായി മുപ്പതുവര്‍ഷത്തിലധികമായി അടുത്തു പരിചയമുള്ളയാളെന്ന നിലയില്‍ പിന്നീട് നാലുതവണ അദ്ദേഹത്തിന്റെ വീട്ടില്‍പോയി സംസാരിച്ചു. പ്രവര്‍ത്തകരില്‍ ധാരാളം പേര്‍ക്കെതിരെയുള്ള കേസുകളില്‍ ധാരണയാകുന്നതിനെക്കുറിച്ചും പ്രാദേശിക വിഷയങ്ങളുമാണ് ഈ ഘട്ടങ്ങളിലെല്ലാം ചന്ദ്രശേഖരനും വേണുവും ഉന്നയിച്ചത്. ജയരാജന്‍ മുന്‍കൈയെടുത്തുള്ള ചര്‍ച്ചക്കു പകരം പാര്‍ടി നേതൃത്വത്തിലുള്ള മറ്റുള്ളവര്‍കൂടി അറിഞ്ഞുള്ള ചര്‍ച്ച വേണമെന്ന നിര്‍ദേശം ചന്ദ്രശേഖരന്‍ ഒരു ഘട്ടത്തില്‍ മുന്നോട്ടുവച്ചു. ഇത്തരം വിഷയങ്ങള്‍ യു കുഞ്ഞിരാമന്റെ വീട്ടില്‍ ഇരുന്ന് ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചു. ഇതുപ്രകാരം ചര്‍ച്ച നടക്കേണ്ട ദിവസമാണ് മലയാള മനോരമയില്‍ ഇക്കാര്യം സൂചിപ്പിച്ച് വാര്‍ത്ത വരുന്നത്. ഇതേക്കുറിച്ച് ചന്ദ്രശേഖരനോട് ഫോണില്‍ സംസാരിച്ചിരുന്നു. വാര്‍ത്ത വന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. സിപിഐ എം പുറത്താക്കിയ തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗം എസ് സുശീലന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചര്‍ച്ച നടത്തുന്നതില്‍ അനിഷ്ടമുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ആ ദിവസം പിന്നീട് ചര്‍ച്ചയുണ്ടായില്ല.
2011 ജനുവരിയിലാണ് പിന്നത്തെ ചര്‍ച്ച തീരുമാനിച്ചത്. ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് ഉണ്ടാവുമെന്ന് അറിയിച്ച ദിവസം എംഎല്‍എ ഹോസ്റ്റലില്‍ ജയരാജനുമായി സംസാരിക്കാന്‍ തീരുമാനിച്ചു. ചന്ദ്രശേഖരന്‍ എത്താത്തതിനെ തുടര്‍ന്ന് തന്റെ ഫോണില്‍ വിളിച്ച് ജയരാജന് കൈമാറി. ജയരാജന്‍ ദീര്‍ഘനേരം സംസാരിച്ചു. ഇതിനിടയിലും നിരവധിതവണ വേണുവിനെയും ചന്ദ്രശേഖരനെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഏപ്രില്‍ അവസാനം ഒരു പ്രണയവിവാഹവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനു വിളിച്ചു. ആ സമയത്തും ചര്‍ച്ച തുടരണമെന്ന കാര്യം താന്‍ ഓര്‍മ്മിപ്പിച്ചു. ആര്‍എംപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ തിരികെകൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടന്നെന്ന കാര്യം നിഷേധിക്കാന്‍ വേണുവിനോ രമക്കോ ആര്‍എംപിയുടെ മറ്റു നേതാക്കള്‍ക്കോ ആവില്ല. പാര്‍ടി പ്രവര്‍ത്തകരെന്ന നിലയില്‍ ഇരുവരുമായുണ്ടായിരുന്ന അടുപ്പം കാരണമാണ് ചര്‍ച്ചയ്ക്ക് ഞാന്‍ മധ്യസ്ഥനായത്. ഇക്കാര്യം ആര്‍എംപിയുടെ മിക്ക നേതാക്കള്‍ക്കും അറിയാമെന്നും ശശി പറഞ്ഞു.
"ചന്ദ്രശേഖരനെ തിരിച്ചുകൊണ്ടുവരാന്‍ ചര്‍ച്ച നടത്തിയെന്നത് വാസ്തവം"
ചന്ദ്രശേഖരനെ സിപിഐ എമ്മിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍ തന്റെ വീട്ടില്‍വച്ച് ചര്‍ച്ച നടത്തിയതായി വടകര കൈനാട്ടിയിലെ വി കെ സുരേഷ്ബാബു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍എംപി നേതാവ് എന്‍ വേണുവുമായിട്ടായിരുന്നു വടകര കൈനാട്ടിയില്‍ വീട്ടില്‍ ചര്‍ച്ച നടത്തിയത്. ഒരുമണിക്കൂറോളം ഇരുവരും സംസാരിച്ചു. തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലാണ് പിരിഞ്ഞത്. ചന്ദ്രശേഖരനെ വിവരങ്ങള്‍ ധരിപ്പിച്ചശേഷം ചര്‍ച്ച തുടരാമെന്നാണ് വേണു പറഞ്ഞത്. തുടര്‍ന്നും പി ജയരാജന്‍ ബന്ധപ്പെട്ടതായി അറിയാം. എന്നാല്‍, ചന്ദ്രശേഖരനും വേണുവും ജയരാജനെ കാണാമെന്ന് അറിയിച്ചശേഷം പിന്മാറി. ഇതിന്റെ കാരണമറിയില്ല. ചര്‍ച്ച നടന്നിട്ടില്ലെന്ന് വേണു പറയുന്നത് ശരിയല്ല. സൗഹൃദസംഭാഷണമല്ല, രാഷ്ട്രീയകാര്യങ്ങളാണ് വേണുവും ജയരാജനും ചര്‍ച്ച ചെയ്തതെന്ന് യു ബാബു എന്നറിയപ്പെടുന്ന സുരേഷ്ബാബു "ദേശാഭിമാനി"യോട് പറഞ്ഞു.
2008ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ചന്ദ്രശേഖരനുമായി ചര്‍ച്ചക്ക് പാര്‍ടി താല്‍പര്യം പ്രകടിപ്പിച്ചതാണ്. എല്ലാവരെയും പാര്‍ടിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. ചന്ദ്രശേഖരനുമായി അടുത്ത ബന്ധമുള്ള താന്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ചര്‍ച്ചക്ക് അന്തരീക്ഷമൊരുക്കാന്‍ മുന്‍കൈയെടുത്തു. എല്‍ഡിഎഫ് വടകര ലോക്സഭാമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ പി ജയരാജനെ കണ്ട് ഇതേപ്പറ്റി സംസാരിച്ചു. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ജയരാജന്‍ പറഞ്ഞു. ഇതനുസരിച്ച് ചന്ദ്രശേഖരനെ കണ്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നായിരുന്നു ചന്ദ്രശേഖരന്റെ നിലപാട്. തെരഞ്ഞെടുപ്പ് ഫലംവരുംമുമ്പ് കൂടിക്കാഴ്ചക്ക് ശ്രമിച്ചു. ചന്ദ്രശേഖരനെയും വേണുവിനെയും വീണ്ടും കണ്ടു. ആര്‍എംപിയുമായി സിപിഐ എം ചര്‍ച്ചക്ക് ശ്രമിക്കുന്നതും താന്‍ അതില്‍ ഇടപെടുന്നതും ആര്‍എംപിയുടെ മറ്റു ചില പ്രാദേശിക നേതാക്കള്‍ക്കും അറിയാമെന്നാണ് വിശ്വാസം. ഇതേപ്പറ്റി ചന്ദ്രശേഖരന്‍ ഭാര്യ രമയെ അറിയിച്ചിട്ടുണ്ടാകില്ല. അതാകാം ചര്‍ച്ച നടന്നിട്ടില്ലെന്ന് രമ പറയാന്‍ കാരണമെന്നും സുരേഷ്ബാബു പറഞ്ഞു. തലമുതിര്‍ന്ന സിപിഐ എം നേതാവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ യു കുഞ്ഞിരാമന്റെ മകനാണ് സുരേഷ്ബാബു. സിപിഐ എം ചോറോട് ലോക്കലിലെ മീത്തലങ്ങാടി ബ്രാഞ്ചംഗമാണ്.
deshabhimani 100612
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ചന്ദ്രശേഖരനെ സിപിഐ എമ്മിലേക്കു തിരികെകൊണ്ടുവരാന്‍ തന്റെ മധ്യസ്ഥതയില്‍ നിരവധി തവണ ചര്‍ച്ച നടത്തിയതായി ചൊക്ലി ലോക്കല്‍ കമ്മറ്റി അംഗവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ടി ടി കെ ശശി പറഞ്ഞു. പി ജയരാജന്റെ നിര്‍ദേശപ്രകാരം മൂന്നുതവണ വേണുവിന്റെ വീട്ടിലും നാലുതവണ ചന്ദ്രശേഖരന്റെ വീട്ടിലുമായിരുന്നു ചര്‍ച്ച. സിപിഐ എമ്മിലേക്ക് തിരികെവരാന്‍ ചന്ദ്രശേഖരനും വേണുവും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയുടെ അവസാനഘട്ടംവരെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായും ശശി ദേശാഭിമാനിയോട് പറഞ്ഞു.
ReplyDelete