Tuesday, June 5, 2012

എസ്എടി ആശുപത്രി: അണുബാധയേറ്റ് പതിനഞ്ചോളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്


തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയേറ്റ് പതിനഞ്ചോളം കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരുവര്‍ഷത്തിനിടയില്‍ 385 കുട്ടികള്‍ മരിച്ചു. അതില്‍ പതിനഞ്ചോളം പേര്‍ അണുബാധയേറ്റാണ് മരിച്ചെന്നാണ് ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാനന്ദന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി തിങ്കളാഴ്ച എസ് എ ടി ആശുപത്രി സന്ദര്‍ശിച്ചിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ വി ഗീത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ രാംദാസ് പിഷാരടി, ആശുപത്രി സൂപ്രണ്ട് ഡോ എലിസബത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ശരവണകുമാര്‍, വിവിധ വകുപ്പുമേധാവികള്‍, നേഴ്സിങ് സൂപ്രണ്ട് എന്നിവരുമായി ഹെല്‍ത്ത് സെക്രട്ടറി ചര്‍ച്ച നടത്തി.

അന്വേഷണം നടത്തണം: എല്‍ഡിഎഫ്

എസ്എടി ആശുപത്രിയില്‍ നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് കോടിക്കണക്കിന് രൂപ മുടക്കി എല്ലാ ആധുനികസൗകര്യങ്ങളോടുംകൂടിയാണ് എസ്എടി ആശുപത്രിയില്‍ പ്രസവമുറി സജ്ജമാക്കിയിട്ടുള്ളത്. വളരെയധികം നവജാതശിശുക്കള്‍ അണുബാധയ്ക്കിരയായി മരിക്കുന്നുവെന്ന വാര്‍ത്ത ഉല്‍ക്കണ്ഠാജനകമാണ്. ആരോഗ്യരംഗം മറ്റുമേഖലകളെപോലെ കച്ചവടമേഖലയായി ഇന്ന് അധഃപതിച്ചിരിക്കുന്നു. രണ്ടായിരംരൂപയ്ക്ക് താഴെ ചെലവുവരുന്ന എംആര്‍ഐ സ്കാന്‍പോലുള്ള ടെസ്റ്റുകള്‍ക്ക് ആറായിരം രൂപവരെ ഫീസ് ഈടാക്കുന്ന സ്വകാര്യസ്ഥാപനങ്ങളുണ്ട്. ഈ തുകയുടെ നല്ലൊരുഭാഗം ടെസ്റ്റ് നിര്‍ദേശിക്കുന്ന ഡോക്ടര്‍ക്കാണുപോകുന്നത്. ആരോഗ്യരംഗത്തെ ധാര്‍മിക അധഃപതനത്തെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയും ആരോഗ്യരംഗത്തെ പ്രഗല്‍ഭരും ഉള്‍പ്പെടുന്ന സമിതിയെകൊണ്ട് അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്ന് ഗംഗാധരന്‍നാടാര്‍ ആവശ്യപ്പെട്ടു.

നവജാത ശിശുമരണം: സമഗ്രമായ അന്വേഷണം വേണം

എസ്എടി ആശുപത്രിയില്‍ ഒരു വര്‍ഷത്തിനിടയില്‍ 385 നവജാതശിശുക്കള്‍ മരിച്ചത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എസ്എടിയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 192 നവജാത ശിശുക്കള്‍ക്ക് അണുബാധയേറ്റെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വന്‍തോതിലുള്ള നവജാത ശിശുമരണത്തിനും അണുബാധയ്ക്കും കാരണം. അണുബാധ തടയാന്‍ ആശുപത്രിയില്‍ കുറ്റമറ്റ സംവിധാനങ്ങളുണ്ടാക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തരനടപടി സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

അടിയന്തരയോഗം വിളിക്കണം:വി ശിവന്‍കുട്ടി

എസ്എടി ആശുപത്രിയില്‍ ഇക്കഴിഞ്ഞ 11 മാസത്തിനിടയ്ക്ക് നാനൂറോളം നവജാതശിശുക്കള്‍ അണുബാധയേറ്റ് മരിക്കാന്‍ ഇടയായതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് വി ശിവന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി സഹകരിച്ച് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് അണുബാധ തടയുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ എസ്എടി ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥകാരണം ഈ സംവിധാനങ്ങള്‍ ആകെ താറുമാറായി. നാടിനെ ഞെട്ടിച്ച അതിദാരുണമായ ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജില്ലയിലെ ജനപ്രതിനിധികളുടെ അടിയന്തരയോഗം ആരോഗ്യമന്ത്രി വിളിച്ചുചേര്‍ക്കണമെന്ന് പ്രസ്താവനയില്‍ ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം: ഡിവൈഎഫ്ഐ

എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്നൂറിലധികം നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവം സര്‍ക്കാരിന്റെയും അധികാരികളുടെയും കെടുകാര്യസ്ഥതമൂലമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് എസ്എടി. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്ത സര്‍ക്കാരിന്റെ സമീപനത്തിനെതിരായി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി ബിജുവും സെക്രട്ടറി അഡ്വ. എസ് പി ദീപക്കും പ്രസ്താവനയില്‍ പറഞ്ഞു.

കുഞ്ഞുങ്ങളുടെ മരണം: എസ്എടി ആശുപത്രിയിലേക്ക് മഹിളാ മാര്‍ച്ച് ഇന്ന്

തിരു: സര്‍ക്കാരിന്റെ അനാസ്ഥമൂലം എസ്എടി ആശുപത്രിയില്‍ നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ചൊവ്വാഴ്ച മാര്‍ച്ച് നടത്തും. എസ്എടി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 385 കുഞ്ഞുങ്ങള്‍ അണുബാധയേറ്റു മരിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 192 കുഞ്ഞുങ്ങള്‍ക്ക് അണുബാധയേറ്റു. സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ചു നടക്കുന്ന മാര്‍ച്ച് മെഡിക്കല്‍ കോളജ് കവാടത്തില്‍നിന്ന് പകല്‍ 11ന് ആരംഭിക്കും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപി ഉദ്ഘാടനം ചെയ്യും.

deshabhimani 050612

2 comments:

  1. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയേറ്റ് പതിനഞ്ചോളം കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരുവര്‍ഷത്തിനിടയില്‍ 385 കുട്ടികള്‍ മരിച്ചു. അതില്‍ പതിനഞ്ചോളം പേര്‍ അണുബാധയേറ്റാണ് മരിച്ചെന്നാണ് ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാനന്ദന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

    ReplyDelete
  2. എസ്എടി ആശുപത്രിയില്‍ ഒരുവര്‍ഷത്തിനിടെ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ചതിനെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ പ്രാഥമികറിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് നല്‍കി. 2011 ഏപ്രില്‍മുതല്‍ 2012 ഏപ്രില്‍വരെയുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാലയളവില്‍ ആശുപത്രിയില്‍ 10,480 പ്രസവമാണ് നടന്നത്. 2667 കുട്ടികളെ ഇന്‍ബോണ്‍ നേഴ്സറിയില്‍ പ്രവേശിപ്പിച്ചു. 88 കുട്ടികള്‍ക്കായിരുന്നു അണുബാധ. ഇതില്‍ 83 കുട്ടികളെ രക്ഷിക്കാനായി. അഞ്ചു കുട്ടികള്‍ മരിച്ചു. തൂക്കം കുറവായതിനാല്‍ 72 കുട്ടികളും ജന്മവൈകല്യങ്ങളാല്‍ 43, മറ്റ് രോഗങ്ങളാല്‍ 102 കുട്ടികളും എന്നിങ്ങനെ 217 കുട്ടികള്‍ ഒരുവര്‍ഷത്തിനിടെ മരിച്ചു. മറ്റ് ആശുപത്രികളില്‍നിന്ന് ഔട്ട് ബോണ്‍ നേഴ്സറിയില്‍ പ്രവേശിപ്പിച്ച 1681 കുട്ടികളില്‍ 104 പേര്‍ക്ക് അണുബാധയുണ്ടായെന്നും ഒമ്പതു കുട്ടികള്‍ മരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ കാലയളവില്‍ ഔട്ട് ബോണ്‍ നേഴ്സറിയില്‍ 168 മരണമുണ്ടായി. തൂക്കം കുറഞ്ഞവര്‍28, ജന്മവൈകല്യമുള്ളവര്‍ 33, മറ്റ് രോഗങ്ങളാല്‍ 107 കുട്ടികളുമാണ് മരിച്ചത്. ആശുപത്രിയുടെ ഐബിഎന്‍എ ഒബിഎന്‍ നേഴ്സറികളിലായി ഒരുവര്‍ഷത്തിനിടെ അണുബാധയ്ക്ക് ചികിത്സിച്ച 192 കുട്ടികളില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. എസ്എടിയില്‍ അണുബാധയുണ്ടായോയെന്ന് സ്ഥിരീകരിക്കാന്‍ ആശുപത്രിയുടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച സ്വാബുകള്‍ രണ്ട് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കും. അവ ലഭിച്ചാല്‍ ഉടന്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും.

    ReplyDelete