Friday, July 20, 2012

സര്‍ക്കാര്‍ഉറപ്പ് ലംഘിച്ചു; ആദിവാസികളെ വീണ്ടും ജയിലിലടച്ചു

സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഭൂമിക്കുവേണ്ടി സമരംചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 377 ആദിവാസികളെ വീണ്ടും ജയിലിലടച്ചു. ആദിവാസിക്ഷേമസമിതി മൂന്നാംഘട്ട ഭൂസമരത്തിന് തുടക്കമിട്ട പൂതാടി പഞ്ചായത്തിലെ ഇരുളത്തെ ചീയമ്പം നിക്ഷിപ്ത വനഭൂമിയിലെ 377 ആദിവാസികളെയാണ് അധികൃതര്‍ അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. റിമാന്‍ഡ് ചെയ്യപ്പെട്ടവരില്‍ 177 സ്ത്രീകളും അഞ്ച് വയസില്‍ താഴെയുള്ള 17 കുട്ടികളുമുണ്ട്. എ കെ എസ് സംസ്ഥാനകമ്മറ്റിയംഗം ഇ എ ശങ്കരനാണ് ആദ്യം അറസ്റ്റുവരിച്ചത്. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ആദിവാസികളെ കണ്ണൂര്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്.

മെയ് ഏഴിനാണ് ജില്ലയിലെ ഏറ്റവും വലിയ ഭഭൂസമരകേന്ദ്രമായ ചീയമ്പത്ത് ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. വ്യാഴാഴ്ച്ച രാവിലെ ഒമ്പതുമണിയോടെയാണ് വന്‍ സന്നാഹങ്ങളോടെ വനം-പൊലീസ്-റവന്യു അധികൃതര്‍ ഒഴിപ്പിക്കല്‍ തുടങ്ങിയത്. അറസ്റ്റ്ചെയ്തവരെ കൊണ്ടുപോകാന്‍ കെഎസ്ആര്‍ ടിസിയുടെയും ഡിടിപി സിയുടെയും ബസുകള്‍, പൊലീസ് വാനുകള്‍, വനം-പൊലീസ് ജീപ്പുകള്‍ എന്നിവയും അഗ്നിശമനസേനാ വാഹനം, ആംബുലന്‍സ് എന്നിവയും ഉണ്ടായിരുന്നു. നിരായുധരായ ആദിവാസികളെ അറസ്റ്റ്ചെയ്യുന്നതിന് സായുധരായ അറനൂറോളം വനം-പൊലീസുദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ആദിവാസി കുടുംബങ്ങള്‍ സമാധാനപരമായി അറസ്റ്റിന് വഴങ്ങുകയാണെന്നും ഭൂമി അല്ലെങ്കില്‍ ജയില്‍ എന്നതുതന്നെയാണ് തങ്ങളുടെ മുദ്രാവാക്യമെന്നും ആദിവാസികള്‍ പറഞ്ഞു.

അവര്‍ പോയി; ധീരതയോടെ ജയിലിലേക്ക്

പുല്‍പ്പള്ളി:ആദിവാസികളെ മനുഷ്യരായി പോലും പരിഗണിക്കാതെ സര്‍കാര്‍ ഉറപ്പ് ലംഘിച്ച് സമരഭൂമിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് തുടരുന്നു. പതിനാലിന് ആദിവാസി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ചെയ്യുന്ന ആദിവാസികളെ ഉപദ്രവിക്കില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ആദിവാസികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ ഈ ഉറപ്പുകള്‍ കാറ്റില്‍പറത്തിയാണ് ആദിവാസികളെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്. ചീയമ്പത്ത് ആദിവാസിക്ഷേമസമിതി നേതൃത്വത്തില്‍ സമരം ചെയ്യുന്ന 377 ആദിവാസികളെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാല്‍ ഭൂമി അല്ലെങ്കില്‍ ജയില്‍ എന്നത് തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന ഉറച്ച നിലപാടിലാണ് ആദിവാസികള്‍ അറസ്റ്റ് വരിച്ച് ജയിലിലേക്ക് പോയത്. 177 സ്ത്രീകളും 17 കുട്ടികളും 183 പുരുഷന്മാരുമാണ് കണ്ണൂര്‍ ജയിലിലടക്കപ്പെട്ടത്.

തിങ്കളാഴ്ച ആദിവാസി മഹാസഭയുടെ നേതൃത്വത്തിലുള്ള സമരകേന്ദ്രങ്ങളില്‍ നിന്ന് 57 ആദിവാസികളെ ജയിലിലടച്ചിരുന്നു. ഭരണകൂട ഭീകരതയുടെ വന്‍പടയൊരുക്കത്തോടെയാണ് ചീയമ്പം ഭൂസമരകേന്ദ്രത്തിലെ ആദിവാസി കുടുബങ്ങളെ കുടിയിറക്കിയത്. ജില്ലയിലെ ഏറ്റവും വലിയ ഭൂസമരകേന്ദ്രമായ ചീയമ്പം നിക്ഷിപ്ത വനഭൂമിയില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നാനൂറിലധികം പണിയ,നായ്ക്ക ,ഊരാളി,കുറുമ കുടുംബങ്ങളാണ് മെയ്7മുതല്‍ കുടില്‍ കെട്ടി ഭഭൂസമരം ആരംഭിച്ചത് .വെയിലും ,മഴയും,കാട്ടുമൃഗങ്ങളുടെ ശല്യവും സഹിച്ചുള്ള സഹനസമരവുമായിരുന്നു അത് .കോളനികളിലേക്ക് പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം മുഖ്യധാര സമൂഹത്തിലേക്ക് കടന്നുവരാനുള്ള തയ്യാറെടുപ്പുകളെയാണ് വനപാലകര്‍ ,പോലീസ് റവന്യു സംഘങ്ങള്‍ തച്ചുടയ്ക്കാന്‍ വന്നത് .ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുന്നതിന് മുമ്പ് സമരകേന്ദ്രത്തിന് സമീപമുള്ള പുല്‍പ്പള്ളി -ബത്തേരി സംസ്ഥാന പാതയിലൂടെ പോലീസ് സംഘം മാര്‍ച്ച് പാസ്റ്റ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അറസ്റ്റ് നടപടികള്‍ക്ക് മുമ്പ് പ്രകടനവും ആലോചനായോഗവും നടത്തിയ ആദിവാസി കുടുംബങ്ങള്‍ സഹി്ഷ്ണുതയോടെയാണ് വാഹനങ്ങളില്‍ കയറിയത്.ചില സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായാണ് ജയിലില്‍ പോകാന്‍ തയ്യാറായത്.നിസ്സഹായരായ ആദിവാസികളെ നേരിടുന്നതിന് ഭഭരണകൂടം തയ്യാറാക്കിയ ഒരുക്കങ്ങള്‍ കണ്ട് നാട്ടുകാരെ പോലും അത്ഭുതസ്തബ്ധരാക്കി

അറസ്റ്റ് മാമാങ്കത്തിന് പൊടിക്കുന്നത് ലക്ഷങ്ങള്‍

പുല്‍പ്പളളി: ഇരുളം ചീയമ്പത്തെ ഭൂസമരക്കാരെ കുടിയൊഴിപ്പിക്കാന്‍ ഒറ്റ ദിവസം ചെലവഴിക്കുന്നത് ലക്ഷങ്ങള്‍ .അറസ്റ്റ് വരിച്ചവരെ കോടതിയില്‍ കൊണ്ടുപോകാന്‍ അഞ്ച് കെ എസ്ആര്‍ ടി സി ബസ്സുകള്‍ വാടകക്ക് എടുത്ത വകയില്‍ ഒരു ലക്ഷം രൂപ ചെലവുണ്ട്.ജില്ലയിലെ വനം വകുപ്പിന്റെ മുഴുവന്‍ വാഹനങ്ങളും ചീയമ്പത്തേക്ക് കൊണ്ടു വന്നിരുന്നു.ഇതിന് ഇന്ധനചിലവ് പതിനായിരങ്ങള്‍.ബത്തേരി താലൂക്കിലെ പോലീസ് വാഹനങ്ങളും കല്‍പ്പറ്റയില്‍ നിന്ന് പോലീസ് വാഹനങ്ങളും ഫയര്‍ഫോഴ്സ് വാഹനങ്ങളും,അമ്പുലന്‍സ് വാഹനങ്ങളും ഇവിടെയെത്തി.ഇതിന് പതിനായിരങ്ങള്‍ചിലവുണ്ടായി.അറസ്റ്റ് വരിച്ച 377 പേര്‍ക്കും ഭഭക്ഷണം വാങ്ങി നല്‍കിയ ഇനത്തിലും നല്ലൊരു തുക ചിലവായി.ഉദ്യോഗസ്ഥരുടെ ഭഭക്ഷണചിലവ് വേറെയും.വയനാട്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലെ റവന്യൂ,വനം മേല്‍ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിലയിരുത്താനെത്തി.ഈ തുകയും ഖജനാവിന് നഷ്ടം. ഉദ്യോഗസ്ഥര്‍ക്ക് റ്റി എ.,ഡി എ,ഇനത്തിലും വേറെയും പതിനായിരങ്ങള്‍ ചെലവ് വന്നു.ഇതിനെല്ലാം പുറമേ വ്യാഴാഴ്ച ജില്ലയിലെ വനം വകുപ്പിന്റെ ഓഫീസുകളില്‍ യാതൊരു ജോലികളും നടന്നതുമില്ല.

deshabhimani 200712

1 comment:

  1. സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഭൂമിക്കുവേണ്ടി സമരംചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 377 ആദിവാസികളെ വീണ്ടും ജയിലിലടച്ചു. ആദിവാസിക്ഷേമസമിതി മൂന്നാംഘട്ട ഭൂസമരത്തിന് തുടക്കമിട്ട പൂതാടി പഞ്ചായത്തിലെ ഇരുളത്തെ ചീയമ്പം നിക്ഷിപ്ത വനഭൂമിയിലെ 377 ആദിവാസികളെയാണ് അധികൃതര്‍ അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. റിമാന്‍ഡ് ചെയ്യപ്പെട്ടവരില്‍ 177 സ്ത്രീകളും അഞ്ച് വയസില്‍ താഴെയുള്ള 17 കുട്ടികളുമുണ്ട്. എ കെ എസ് സംസ്ഥാനകമ്മറ്റിയംഗം ഇ എ ശങ്കരനാണ് ആദ്യം അറസ്റ്റുവരിച്ചത്. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ആദിവാസികളെ കണ്ണൂര്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്.

    ReplyDelete