Friday, April 25, 2014

മുഴങ്ങുന്നത് സുന്ദര്‍രാജന്റെ വാക്കുകള്‍

സുന്ദര്‍രാജന്‍ ജീവിച്ചിരിപ്പില്ല. പക്ഷേ, സുന്ദര്‍രാജന്റെ വാക്കുകള്‍ ഇപ്പോള്‍ വിശ്വാസികളുടെ കാതില്‍മുഴങ്ങുന്നു. അതിങ്ങനെ- "ശ്രീപത്മനാഭന്റെ നിധി ഭഗവാനിലേക്കുതന്നെ ചേരണം. എല്ലാം അളന്ന് തിട്ടപ്പെടുത്തണം. ഒന്നും അന്യാധീനപ്പെടരുത്. അതിനാണ് കേസ് നല്‍കിയത്".

ക്ഷേത്രത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ അമൂല്യശേഖരമുണ്ടെന്നു കണ്ടെത്താനായതിന്റെയും ക്ഷേത്രഭരണം പുതിയ കൈകളിലെത്തുന്നതിന്റെയും പിന്നിലെ യഥാര്‍ഥ വ്യവഹാരം തുടങ്ങുന്നത് സുന്ദര്‍രാജനിലൂടെ. ക്ഷേത്രത്തെയും വിശ്വാസത്തെയും വ്യവഹാരത്തില്‍ കുടുക്കുന്നുവെന്നു കുറ്റപ്പെടുത്തി ഒരുകൂട്ടമാളുകള്‍ ഒരിക്കല്‍ പടിഞ്ഞാറേ നടയിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ബഹളംവയ്ക്കുകയുംചെയ്തു. അപ്പോഴും സമചിത്തതയോടെ തന്റെ ഉദ്ദേശ്യശുദ്ധി സുന്ദര്‍രാജന്‍ വിശദീകരിച്ചു.

ഐപിഎസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച സുന്ദര്‍രാജന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഓര്‍മവച്ച കാലംമുതല്‍ ശ്രീപത്മനാഭന്റെ ഭക്തനും. ഇന്ദിര ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട അച്ഛന്‍ ടി കെ പത്മനാഭ അയ്യരെ പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിന് കൊണ്ടുപോകാന്‍ ആരുമില്ലാത്തതിനാല്‍ ജോലി രാജിവച്ചു. തുടര്‍ന്നാണ് നിയമബിരുദം നേടി സുപ്രീംകോടതി അഭിഭാഷകന്‍വരെയായത്. സുന്ദര്‍രാജന്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ പരമോന്നത നീതിപീഠം ക്ഷേത്രത്തിന്റെ കണക്കെടുപ്പിന് ഉത്തരവ് വന്നു. ഇതനുസരിച്ച് നിധിശേഖരത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചതിനിടെയാണ് സുന്ദര്‍രാജന്‍ മരിച്ചത്.

സുന്ദര്‍രാജന് മുമ്പും വ്യവഹാരങ്ങള്‍ തുടങ്ങിയിരുന്നു. അമൂല്യ നിധിശേഖരം ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയമയുദ്ധം ആരംഭിച്ചത്. ഭക്തനായ പത്മനാഭന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ആദ്യ കേസ് നല്‍കി. നിലവറ തുറക്കരുതെന്ന് താല്‍ക്കാലിക ഉത്തരവും സമ്പാദിച്ചു. ബി ആര്‍ ശ്യാം, സുരേഷ് എന്നിവരെ അഭിഭാഷക കമീഷണര്‍മാരായി കോടതി നിശ്ചയിച്ചു. ഇവര്‍ ആറ് നിലവറ സീല്‍ചെയ്തു. തുടര്‍ന്ന് അഭിഭാഷക കമീഷണര്‍മാരുടെ സാന്നിധ്യത്തില്‍ ഉത്സവസമയത്ത് നിലവറകള്‍ തുറന്ന് പൂജാസാമഗ്രികള്‍ എടുക്കുകയും തിരികെവച്ച് സീല്‍ചെയ്യുകയുമായിരുന്നു. താല്‍ക്കാലിക ഉത്തരവ് നിലനില്‍ക്കെ രാജകുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ സമയത്ത് സുന്ദര്‍രാജന്‍ ക്ഷേത്രവും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് തുടങ്ങിയ നിയമപോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്.

deshabhimani

No comments:

Post a Comment