Wednesday, April 23, 2014

സംഘടനാപ്രവര്‍ത്തനം തടഞ്ഞാല്‍ പ്രക്ഷോഭം: വി ശിവദാസന്‍

കണ്ണൂര്‍: ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം തടഞ്ഞാല്‍ ശക്തമായ പ്രക്ഷോഭത്തിന് എസ്എഫ്ഐ നേതൃത്വം നല്‍കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ പറഞ്ഞു. ക്യാമ്പസുകളിലെ സംവാദത്തെ ഭയക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാരാണ് രാഷ്ട്രീയം വേണ്ടെന്ന് വാദിക്കുന്നത്. ഇത്തരം കച്ചവടക്കാരാണ് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകളുടെ സിലബസുകള്‍പോലും നിശ്ചയിക്കുന്നതും. വിദ്യാഭ്യാസ മേഖലയിലെ അരുതായ്മകള്‍ക്കെതിരായ പ്രതിഷേധത്തെ തടയാനുള്ള സര്‍ക്കാരിന്റെ നീക്കം വിലപ്പോവില്ലെന്നും ശിവദാസന്‍ പറഞ്ഞു. ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള നീക്കത്തിനെതിരെ കണ്ണൂരില്‍ സംഘടിപ്പിച്ച ക്യാമ്പസ് ജനാധിപത്യ സംരക്ഷണസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എകെജി ഹാളില്‍ നടന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പി പ്രശോഭ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം ഷാജര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം വിജിന്‍, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് അഫ്സല്‍ എന്നിവര്‍ സംസാരിച്ചു.

സംഘടനാ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ വിദ്യാര്‍ഥികളുടെ കൂട്ടായ്മ

കോഴിക്കോട്: സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ച് പുതുതലമുറയെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ സംരക്ഷണ സദസ്സുമായി വിദ്യാര്‍ഥികള്‍. ക്യാമ്പസ് ജനാധിപത്യത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാകമ്മിറ്റി മൊഫ്യൂസല്‍ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മ ശ്രദ്ധേയമായി. പരിപാടി കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്തു.

വിദ്യാര്‍ഥികള്‍ സംഘടിക്കപ്പെട്ടില്ലെങ്കില്‍ ക്യാമ്പസുകള്‍ അരാജകത്വത്തിന്റെ കൂടാരമായി മറുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സംഘടന പാടില്ല, പൊതു വിഷയങ്ങളില്‍ ഇടപെടല്‍ പാടില്ല എന്ന് നിഷ്കര്‍ഷിക്കുന്ന വലതുപക്ഷത്തിനെതിരെയുളള ശക്തമായ പ്രതിഷേധമാണ് കൂട്ടായ്മയില്‍ പ്രതിഫലിച്ചത്. വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റ് മേധാവികളുടെയും മറ്റും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സംഘടനകള്‍ തടസ്സമാവുമെന്ന് തിരിച്ചറിഞ്ഞാണ് സംഘടനാപ്രവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എല്ലാ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും വിദ്യാര്‍ഥികള്‍ സമരംചെയ്ത് നേടിയെടുത്തതാണ്. അത് സംരക്ഷിക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി പേരാട്ടം ശക്തിപ്പെടുത്തുമെന്നും ജനാധിപത്യസംരക്ഷണ സദസ്സ് പ്രഖ്യാപിച്ചു. മുഹമ്മദ് പേരാമ്പ്ര, പി ജെ വിന്‍സെന്റ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ കിരണ്‍രാജ്, കെ അശ്വന്ത് എന്നിവര്‍ സംസാരിച്ചു. എന്‍ എം ജിജേഷ് അധ്യക്ഷനായി. എം കെ നികേഷ് സ്വാഗതവും കെ എം നീനു നന്ദിയും പറഞ്ഞു.

എസ്എഫ്ഐ വിദ്യാര്‍ഥി സദസ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ വിദ്യാര്‍ഥി സദസ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. വിദ്യാര്‍ഥിസംഘടനകളും അധ്യാപക സംഘടനകളും ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളെ ഭയന്നിട്ടാണ് സര്‍ക്കാര്‍ഇത്തരമൊരു നീക്കം നടത്തുന്നതെന്ന്എസ്എഫ്ഐ പറഞ്ഞു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം കെ റഫീഖ് ഉദ്ഘാടനംചെയ്തു. അനുപ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എസ് ഫെബിന്‍ സ്വാഗതവും ഷാഫി പുല്‍പ്പള്ളി നന്ദിയും പറഞ്ഞു.

എസ്എഫ്ഐ ജനാധിപത്യ പ്രതിരോധ സംഗമം നടത്തി

മലപ്പുറം: വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജനാധിപത്യ പ്രതിരോധസംഗമം സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം മന്‍സൂര്‍ അധ്യക്ഷനായി. കവി ശ്രീജിത്ത് അരിയല്ലൂര്‍, എകെപിസിടിഎ ജില്ലാ സെക്രട്ടറി ഡോ. ബാലകൃഷ്ണന്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജിജി എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ അനുമോദിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി പി സാനു സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ ആതിര നന്ദിയും പറഞ്ഞു. ജൂബിലി റോഡില്‍നിന്നും ആരംഭിച്ച വിദ്യാര്‍ഥി റാലിക്ക് കെ ഷബീര്‍, പി സുമിത്, ശ്യാംപ്രസാദ്, എ ജോഷിദ്, ഷഫീഖ്, ശ്രീജേഷ് കാവനൂര്‍, സി വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംഘടനാ സ്വാതന്ത്ര്യത്തിനായി വിദ്യാര്‍ഥികളുടെ ജനകീയസദസ്

ആലപ്പുഴ: വിദ്യാലയങ്ങളില്‍ സംഘടനാപ്രവര്‍ത്തനം നിരോധിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ ജനകീയസദസ് സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം നിരോധിക്കാനുള്ള നിര്‍ദേശമുള്ളത്. കോളേജില്‍ പോസ്റ്ററിങ്ങോ ചുവരെഴുത്തോപോലും പാടില്ല. ഒരുവിഷയത്തിലും പ്രതികരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ല. സമരംപാടില്ല. 90 ശതമാനം ഹാജര്‍വേണം തുടങ്ങി സംഘടനാസ്വാതന്ത്ര്യമില്ലാതാക്കാനുള്ള എല്ലാനീക്കവും സത്യവാങ്മൂലത്തിലുണ്ട്. കളര്‍കോട് ജങ്ഷന് സമീപം നടന്ന ജനസദസ് സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവല്‍ അധ്യക്ഷനായി. സെക്രട്ടറി രാഹുല്‍ സ്വാഗതം പറഞ്ഞു. ദിനൂപ് വേണു, ആദില്‍ മാത്യു, മനുപ്രസാദ്, എസ്എഫ്ഐ എസ്ഡി കോളേജ് യൂണിറ്റ് സെക്രട്ടറി അമേഷ് എന്നിവര്‍ സംസാരിച്ചു.

എസ്എഫ്ഐ ജനാധിപത്യ സംരക്ഷണസദസ്സ്

കൊല്ലം: വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെയും കോടതിയുടെയും നീക്കത്തില്‍ പ്രതിഷേധിച്ചും കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചും എസ്എഫ്ഐ ജില്ലാകമ്മിറ്റി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി അഡ്വ. ഡി സുരേഷ്കുമാര്‍ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിഅംഗം ചിന്താജെറോം സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി ഉണ്ണിക്കണ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍ സ്വാഗതവും ഏരിയസെക്രട്ടറി റോഷന്‍ നന്ദിയും പറഞ്ഞു.

ജനാധിപത്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു

തിരു: കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ ജനാധിപത്യ വേദികളും സംഘടനാ പ്രവര്‍ത്തനവും ഇല്ലാതാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റ് നടയില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വതീദേവി, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ് എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാസെക്രട്ടറി എ എം അന്‍സാരി സ്വാഗതവും ജില്ലാ പ്രസിഡന്റ് എം ആര്‍ സിബി നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment