Wednesday, April 30, 2014

സ്വയംഭരണത്തിനെതിരെ മഹാരാജാസ് യുദ്ധക്കളമായി

കൊച്ചി: കേരളത്തിന്റെ അഭിമാനമായ എറണാകുളം മഹാരാജാസ് കോളേജിന് സ്വയംഭരണാധികാരം നല്‍കി സ്വാശ്രയകോളേജാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ സംരക്ഷണസമിതി നേതൃത്വത്തില്‍ കോളേജിനു മുന്നില്‍ നടത്തിയ ധര്‍ണ പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്തു.

സ്വയംഭരണാധികാരം നല്‍കുന്നതിനു മുമ്പ് കോളേജ് പരിശോധിക്കാനെത്തിയ യുജിസി സംഘത്തെ ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. വസ്ത്രമുരിഞ്ഞ് ക്യാമ്പസിലൂടെ വലിച്ചിഴച്ചാണ് ഇവരെ പൊലീസ് നീക്കിയത്. ഭക്ഷണവും വെള്ളവും നല്‍കാതെ എട്ടുമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വൈകിട്ട് അഞ്ചരയോടെ ജാമ്യത്തില്‍ വിട്ടു.

രണ്ടുദിവസത്തെ പരിശോധനയ്ക്ക് രാവിലെ 10ന് എത്തുമെന്ന് അറിയിച്ചിരുന്ന നാക് സംഘം പ്രതിഷേധം ഭയന്ന് 7.30നുതന്നെ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പ്രവേശിച്ചു. ഓഫീസില്‍ ഇവരെ ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയശേഷം സംഘം പരിശോധന തുടര്‍ന്നു. ഈ സമയം പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ കോളേജ് സംരക്ഷണസമിതിയുടെ കീഴില്‍ കോളേജിനു മുന്നില്‍ ധര്‍ണ നടത്തി. പ്രൊഫ. എസ് സുദര്‍ശനന്‍പിള്ള അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എന്‍ സീനുലാല്‍, കെ എം റിയാസ്, ടി ജയചന്ദ്രന്‍, പി കൃഷ്ണപ്രസാദ്, സി എസ് സുരേഷ്കുമാര്‍, അനില്‍ രാധാകൃഷ്ണന്‍, ടി ഡി ബീന, എന്‍ കെ വാസുദേവന്‍, വിഷ്ണു വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. പി ആര്‍ പ്രഗാഷ് സ്വാഗതവും പ്രൊഫ. സന്തോഷ് ടി വര്‍ഗീസ് നന്ദിയും പറഞ്ഞു.

കോളേജിനുള്ളില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് നീക്കിയെങ്കിലും യുജിസി സംഘത്തെ വഴിനീളെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഡല്‍ഹി ഗുരുഗോവിന്ദ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല വിസി പ്രൊഫ. അനൂപ് സിങ് ഗെനിവാള്‍, പ്രൊഫ. വീരഗുപ്ത, കോയമ്പത്തൂര്‍ ടിഎസ്ജിആര്‍ കോളേജ് പ്രിന്‍സിപ്പല്‍ കൃഷ്ണമ്മാള്‍, പ്രൊഫ. യശോദദേവി, യുജിസി എഡ്യൂക്കേഷന്‍ ഓഫീസര്‍ നീതു എസ് തുളസി എന്നിവരും സംസ്ഥാന സര്‍ക്കാരിന്റെയും എംജി സര്‍വകലാശാലയുടെയും ഓരോ പ്രതിനിധികളുമാണ് സംഘത്തിലുണ്ടായിരുന്നത്്. കോളേജില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനുശേഷം സ്വയംഭരണാധികാരം നല്‍കുന്നതില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് യുജിസി പ്രതിനിധികള്‍ പറഞ്ഞു.

എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് സംഘം മറുപടി നല്‍കിയില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അനീഷ് എം മാത്യു, ജില്ലാ സെക്രട്ടറി എം എ മുഹമ്മദ് ഫസല്‍ എന്നിവരുള്‍പ്പെടെ 23 പേരെയാണ് അസി. കമീഷണറുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ്ചെയ്തത്. അതേസമയം കോളേജിന്റെ സ്വയംഭരണാധികാര നീക്കത്തിനെതിരെ സമരംചെയ്യുന്നവര്‍ക്ക് രാഷ്ട്രീയതാല്‍പ്പര്യം മാത്രമാണുള്ളതെന്ന് കെപിസിസി വക്താവ് അജയ് തറയില്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

പ്രത്യാഘാതമുണ്ടാക്കും: കോടിയേരി

തലശേരി: കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാനുള്ള തീരുമാനം വലിയ പ്രത്യാഘാതത്തിനിടയാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 13 കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനാണ് തീരുമാനിച്ചത്. അധ്യാപകരുടെ ജോലിസ്ഥിരതയെയും ശമ്പളത്തെയുമെല്ലാം ഇത് ബാധിക്കും. വിദ്യാര്‍ഥികള്‍ക്കുമേല്‍ വന്‍ഫീസാണ് അടിച്ചേല്‍പിക്കാന്‍ പോവുന്നതെന്നും കോടിയേരി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ ജേണല്‍ പാലയാട് ക്യാമ്പസില്‍ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം മഹാരാജാസിന് സ്വയംഭരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുജിസി സംഘം സന്ദര്‍ശനത്തിനെത്തിയപ്പോള്‍ വലിയ പ്രതിഷേധമാണുണ്ടായത്. വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാര്‍ ബാധ്യത കൈവെടിഞ്ഞ് സ്വകാര്യകച്ചവടക്കാര്‍ക്ക് കൈമാറാനാണ് ശ്രമം. ഇതിനെ ചെറുക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും പൊതുസമൂഹമാകെയും മുന്നോട്ടുവരണം. പൊതുഫണ്ട് ഉപയോഗിച്ച് സ്വകാര്യമേഖലയെ വളര്‍ത്തുകയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണമടക്കം തകര്‍ക്കുകയാണ്.സര്‍വകലാശാല നിയമപ്രകാരം വൈസ്ചാന്‍സലര്‍ക്ക് മുകളില്‍ ചാന്‍സലറുണ്ട്. നിയമം ഭേദഗതിചെയ്ത് വൈസ്ചാന്‍സലര്‍ക്ക് മുകളില്‍ ചെയര്‍മാനെ നിയമിക്കാനാണ് നീക്കം. ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായ കാലമാണിത്. ഇതുപോലൊരു അരാജകത്വം ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. സര്‍വകലാശാലാ ഭരണം നാഥനില്ലാക്കളരിയായി. സര്‍ക്കാര്‍ നിശ്ചയിച്ച വൈസ്ചാന്‍സലര്‍ക്ക് യോഗ്യതയില്ലെന്ന് ചീഫ് സെക്രട്ടറിക്ക് കണ്ടെത്തേണ്ടി വന്നില്ലേ? വൈസ്ചാന്‍സലര്‍ നിയമനത്തില്‍ മുമ്പൊക്കെ വ്യക്തമായ മാനദണ്ഡമുണ്ടായിരുന്നു. ഇന്ന് ആര്‍ക്കുവേണമെങ്കിലും വൈസ്ചാന്‍സലറാകാമെന്നതാണ് സ്ഥിതി- കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment