നെയ്യാറ്റിന്‍കര: മൂക്കറ്റം മദ്യപിച്ച് ഈസ്റ്റര്‍ ആഘോഷിച്ച യുഡിഎഫ് കൗണ്‍സിലറും സംഘവും അര്‍ധരാത്രി ദേശീയപാതയില്‍ അഴിഞ്ഞാടി. മൂന്ന് കെഎസ്ആര്‍ടിസി ബസ് അടിച്ചുതകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കബീര്‍ബാബു, കണ്ടക്ടര്‍ ബി ജി സുരേഷ്കുമാര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ സംഘത്തെ സെല്‍വരാജ് എംഎല്‍എ സ്റ്റേഷനിലെത്തി ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി.
നെയ്യാറ്റിന്‍കര നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കെഎസ്ആര്‍ടിസിയുടെ മൂന്ന് അന്തര്‍സംസ്ഥാന ബസാണ് നെയ്യാറ്റിന്‍കര, ഗ്രാമം, അമരവിള എന്നിവിടങ്ങളില്‍വച്ച് ആക്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്ഐ അക്രമിസംഘത്തെ അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴേക്കും സെല്‍വരാജ് എംഎല്‍എ അവിടെയെത്തി. തുടര്‍ന്ന് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റംമാത്രം ചുമത്തി സജിന്‍ലാലിനെയും 12 അംഗ സംഘത്തെയും നിര്‍ബന്ധിച്ച് മോചിപ്പിക്കുകയായിരുന്നു.
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനാല്‍ ബാറുകള്‍ അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ മദ്യത്തിന് വന്‍ ഡിമാന്റാണ്. ഈ അവസരം മുതലാക്കി സ്പിരിറ്റ് കടത്തി കച്ചവടം നടത്താനുള്ള ശ്രമമാണ് അക്രമത്തിനു പിന്നിലെന്ന് അറിയുന്നു. ദേശീയപാതയില്‍ അക്രമം നടത്തി പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ടശേഷം പിരായുംമൂട് ചെക്ക്പോസ്റ്റിലൂടെ സ്പിരിറ്റ് കടത്തുകയായിരുന്നു ലക്ഷ്യമത്രേ. എന്തുമാത്രം സ്പിരിറ്റ് കടത്തിയെന്നത് വ്യക്തമല്ല. തെരഞ്ഞെടുപ്പു കാലത്ത് നെയ്യാറ്റിന്‍കരയിലെങ്ങും കാണാതിരുന്ന സെല്‍വരാജ് എംഎല്‍എ അര്‍ധരാത്രി പ്രതികളെ അറസ്റ്റുചെയ്ത് മിനിറ്റുകള്‍ക്കകം സ്റ്റേഷനിലെത്തിയത് ദുരൂഹതയുണര്‍ത്തുന്നു.
ബിഷപ് ഹൗസ് ആക്രമണവും നിരവധി സ്പിരിറ്റ് കേസിലും പ്രതിയായ സജിന്‍ലാല്‍ നിരവധിതവണ ജയിലിലായിട്ടുണ്ട്. ആറുമാസം മുമ്പാണ് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ മോചിപ്പിക്കാമെന്നു പറഞ്ഞ് നാലുലക്ഷം രൂപ സജിന്‍ലാല്‍ തട്ടിയതായി കേസുണ്ടായത്. ഈ കേസില്‍ അടുത്തിടെയാണ് ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. അക്രമികള്‍ക്ക് ഒത്താശ നല്‍കുന്ന നെയ്യാറ്റിന്‍കര പൊലീസ് ഈ കേസില്‍ സജിന്‍ലാലിന്റെ പേര്‍ക്ക് മാത്രമാണ് കേസെടുത്തത്. അതും മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ മാത്രം. സംഭവത്തില്‍ നാട്ടിലാകെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ കെഎസ്ആര്‍ടിഇഎ വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരന്‍, ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് സ്ഥലം സന്ദര്‍ശിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, നഗരസഭാ പ്രതിപക്ഷനേതാവ് കെ ആന്‍സലന്‍, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ കെ ഷിബു എന്നിവര്‍ ആവശ്യപ്പെട്ടു. അക്രമികളായ എല്ലാവരെയും അറസ്റ്റുചെയ്യുക, സെല്‍വരാജ് എംഎല്‍എക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച വൈകിട്ട് നാലിന് നെയ്യാറ്റിന്‍കര ഡിപ്പോയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
No comments:
Post a Comment