Tuesday, April 29, 2014

ആന്റണി എവിടെ?

ലോക് സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എ കെ ആന്റണിയുടെ അസാന്നിധ്യവും നിശ്ശബ്ദതയും ചര്‍ച്ചാവിഷയമാകുന്നു. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായി വിശേഷിപ്പിക്കപ്പെടുന്ന ആന്റണി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ മുതിര്‍ന്ന അംഗവുമാണ്. എന്നാല്‍, കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന തെരഞ്ഞെടുപ്പില്‍ ആന്റണി കേരളത്തില്‍മാത്രമാണ് പ്രചാരണം നടത്തിയത്. അതിനുമുമ്പും ശേഷവും ആന്റണിയുടെ പ്രസ്താവനപോലും കാണാനില്ല.

പി ചിദംബരം അടക്കമുള്ള നേതാക്കള്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകള്‍ വഴി ബിജെപിയെയും നരേന്ദ്രമോഡിയെയും ആക്രമിക്കുന്നുണ്ട്. ആന്റണി ഉള്‍പ്പെടുന്ന മന്ത്രിസഭയുടെ തലവനായ മന്‍മോഹന്‍സിങ്ങിനും കോണ്‍ഗ്രസിന്റെ പരമോന്നതകുടുംബത്തിലെ അംഗങ്ങള്‍ക്കും എതിരായി ബിജെപി തലങ്ങുംവിലങ്ങും ആക്രമണമാണ്. ഏറ്റവും ഒടുവിലായി പ്രിയങ്ക ഗാന്ധിക്കെതിരെയും മോഡിയും സംഘവും കടന്നാക്രമണം ആരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വം നേരിടാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ആന്റണിയെന്ന് ഒരു എഐസിസി ഭാരവാഹി പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ പറഞ്ഞു.

പ്രതിരോധ അഴിമതികളില്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ലമെന്റില്‍ ആന്റണി വിതുമ്പിയിരുന്നു. ആന്റണിയെ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ് ഉള്‍പ്പെടെ രംഗത്തുവന്നു. ഇപ്പോള്‍, കോണ്‍ഗ്രസിനെതിരെ ബിജെപി ആക്ഷേപങ്ങള്‍ ചൊരിയുമ്പോള്‍ ആന്റണി നിസ്സംഗത നടിക്കുന്നത് അതിശയകരമാണെന്ന് ഈ നേതാവ് പറഞ്ഞു. എല്ലാ പാര്‍ടികളുടെയും ദേശീയനേതാക്കള്‍ രാജ്യവ്യാപക പ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഹെലികോപ്റ്ററുകളും വിമാനങ്ങളും എടുത്താണ് നേതാക്കളെ രാജ്യമെമ്പാടും എത്തിക്കുന്നത്. എന്നാല്‍, കേന്ദ്രമന്ത്രിസഭയിലെ ഒന്നാമനും രണ്ടാമനും ഇതില്‍നിന്ന് വിട്ടുനില്‍ക്കുന്നു.

ലോക്സഭാതെരഞ്ഞെടുപ്പില്‍ ആന്റണി മത്സരിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് നിഷേധിച്ചുകൊണ്ട് "എല്ലാറ്റിനും നേരവും കാലവുമുണ്ടെന്നാണ്" ആന്റണി പ്രതികരിച്ചത്. "പാര്‍ടിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനും ആന്റണി നേരവും കാലവും നോക്കുമോ" എന്നാണ് ചില നേതാക്കള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് പരാജയം ഉറപ്പായ സാഹചര്യത്തില്‍ ആന്റണി വിട്ടുനില്‍ക്കുന്നതില്‍ മറ്റ് ചില സൂചനകള്‍ കാണുന്നവരുമുണ്ട്. കേരളത്തില്‍ പ്രചാരണം നടത്തവെ, തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഇടതുപക്ഷത്തിന് പിന്തുണയ്ക്കേണ്ടിവരുമെന്ന് ആന്റണി അവകാശപ്പെട്ടിരുന്നു. ആന്റണി ഏതുലോകത്തിലാണ് ജീവിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിരിച്ചടിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളായ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങളും ആന്റണിക്കുള്ള അടിയാണ്. ബിജെപിയെ അകറ്റാന്‍ കോണ്‍ഗ്രസ് മൂന്നാംമുന്നണിക്ക് പിന്തുണ നല്‍കണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസില്‍ പൊതുവെ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവികാരം ആന്റണിയെപ്പോലുള്ളവര്‍ക്ക് ദഹിക്കുന്നതല്ലെന്ന വസ്തുതയും അദ്ദേഹത്തിന്റെ ഉള്‍വലിയലിന് പിന്നിലുണ്ട്.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment