Friday, April 25, 2014

ബാറുകള്‍ക്ക് ലൈസന്‍സ്: കോണ്‍ഗ്രസും സര്‍ക്കാരും വെട്ടില്‍

തിരു: നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്ന ഹൈക്കോടതി വിധി സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കി. സ്വന്തമായി തീരുമാനമെടുക്കാതെ കോടതി വിധിയുടെ മറവില്‍ ലൈസന്‍സ് നല്‍കാനുള്ള കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും തന്ത്രമാണ് ഇപ്പോഴത്തെ വിധിയോടെ പൊളിഞ്ഞത്.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാതെ വിലപേശി കോടികള്‍ കോഴ വാങ്ങുകയായിരുന്നു ലക്ഷ്യം. നിലവാരമില്ലെന്ന് പറഞ്ഞ് 418 ബാര്‍ പൂട്ടിയെങ്കിലും അതേക്കാള്‍ നിലവാരം കുറഞ്ഞ നിരവധി ബാറുകള്‍ക്ക് കോഴ വാങ്ങി ലൈസന്‍സ് നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റുള്ളവയ്ക്കും അനുവദിക്കാനായിരുന്നു പരിപാടി. എന്നാല്‍, ഇതിനിടയില്‍ സര്‍ക്കാരും കെപിസിസിയും രണ്ട് തട്ടിലായി. ഇതോടെയാണ് ലൈസന്‍സ് നല്‍കുന്നത് തടസ്സപ്പെട്ടത്. തുടര്‍ന്ന് മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിഴുപ്പലക്ക് തെരുവിലേക്ക് നീങ്ങിയതല്ലാതെ ആരും നിലപാട് മാറ്റിയില്ല.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ സമീപനത്തെ ആശ്രയിച്ചായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. കഴിഞ്ഞദിവസം കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം ചേര്‍ന്നപ്പോഴും നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നായിരുന്നു സുധീരന്റെ അഭിപ്രായം. തന്റെ ആദര്‍ശ പരിവേഷം നിലനിര്‍ത്താനായിരുന്നു ഈ തന്ത്രം. എന്നാല്‍, ഒരാള്‍ മാത്രം മദ്യവിരുദ്ധ ചാമ്പ്യനാകേണ്ട എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രി കെ ബാബുവും സ്വീകരിച്ച നിലപാട്.

ഏകോപനസമിതി യോഗത്തില്‍ സുധീരന്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു. എങ്കിലും പ്രത്യക്ഷത്തില്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ല. ഒന്നുകില്‍ കോടതി തീരുമാനിക്കട്ടെ, അതല്ലെങ്കില്‍ കെപിസിസി-ഏകോപനസമിതി യോഗത്തില്‍ തന്റെ വിയോജിപ്പോടെ തീരുമാനം എന്നാകട്ടെ എന്നായിരുന്നു സുധീരന്റെ ഒടുവിലത്തെ നിലപാട്. നാനൂറ്റിപ്പതിനെട്ട് ബാറിന് ലൈസന്‍സ് നല്‍കാതിരുന്നത് കെപിസിസി നിര്‍ദേശ പ്രകാരമാണെന്ന് സുധീരന്‍ പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിനിടയിലാണ് ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ബാറുടമകളുടെ അഭിഭാഷകന്‍ പോയത്. ഇതോടെ ന്യായാധിപന്‍ പിന്മാറി. കോണ്‍ഗ്രസുകാരനായ അഭിഭാഷകനെ ന്യായാധിപന്റെ അടുത്തേക്ക് അയച്ചതിന് പിന്നിലും ഭരണകേന്ദ്രത്തിലെ ചില ഉന്നതരായിരുന്നു.

ഹൈക്കോടതി വിധിയോടെ കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം നിര്‍ണായകമാവുകയാണ്. 29ന് വീണ്ടും യോഗം ചേരാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍,സുധീരന്റെ നിലപാട് അനുസരിച്ചായിരിക്കും യോഗം ചേരുക. അതിനിടെ, മന്ത്രി കെ ബാബു സുധീരനെതിരെ വീണ്ടും രംഗത്ത് വന്നു. എല്ലാം കോടതി തീരുമാനിക്കാനാണെങ്കില്‍ പിന്നെന്തിനാണ് സര്‍ക്കാര്‍ എന്ന് സുധീരനെ വിമര്‍ശിച്ച് മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബു ചോദിച്ചു. ബാര്‍ ലൈസന്‍സ് നല്‍കരുതെന്നത് കെപിസിസി തീരുമാനമാണെന്ന സുധീരന്റെ പ്രസ്താവനയെയും ബാബു ചോദ്യംചെയ്തു. കെപിസിസിയില്‍ ചര്‍ച്ച നടന്നതല്ലാതെ തീരുമാനമെടുത്തില്ലെന്നും ബാബു തുറന്നടിച്ചു.

ഹൈക്കോടതി വിധിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. ഇനി ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത് സുധീരന്റെ നിലപാടിനോടുള്ള നീരസവും ഹൈക്കോടതി വിധിയിലുള്ള അസംതൃപ്തിയുമാണ്.

എം രഘുനാഥ്

ഹൈക്കോടതി ഇടപെടില്ല

കൊച്ചി: നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ലൈസന്‍സ് പുതുക്കിനല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ബാറുടമകളുടെ ആവശ്യവും ജസ്റ്റിസ് വി ചിദംബരേഷ് തള്ളി.

അബ്കാരി നയരൂപീകരണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഈ സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കുന്നതില്‍ ഇടപെടുന്നത് അപക്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്ക് എടുത്തപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നേരത്തെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് സി ടി രവികുമാര്‍ വിധി പ്രഖ്യാപിക്കുന്നതില്‍നിന്നു പിന്മാറിയതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ജസ്റ്റിസ് വി ചിദംബരേഷിന്റെ അവധിക്കാല സിറ്റിങ്ങില്‍ പരിഗണനയ്ക്ക് എത്തിയത്. അഭിഭാഷകനായ കെ തവമണി വീട്ടിലെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് സി ടി രവികുമാര്‍ വിധി പ്രസ്താവത്തില്‍നിന്നു പിന്മാറിയത്്.

നയരൂപീകരണത്തിനുശേഷം പരിശോധിക്കും: ഹൈക്കോടതി

കൊച്ചി: മദ്യകച്ചവടത്തിനും ലൈസന്‍സിനുമുള്ള അവകാശം മൗലികാവകാശമല്ലെന്നും മദ്യലഭ്യത പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി. നിലവിലെ സര്‍ക്കാര്‍ തീരുമാനത്തില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ നയരൂപീകരണത്തിനുശേഷം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോര്‍സ്റ്റാര്‍ പദവിയുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കിയാല്‍ മതിയെന്ന് കോടതി നിരീക്ഷിച്ചു. മദ്യലഭ്യത കുറയ്ക്കണമെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്് ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും ഇതില്‍ ഇടപെടാന്‍ കാരണമില്ലെന്നും കോടതി പറഞ്ഞു.

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലെന്നു വ്യക്തമാക്കി രണ്ടിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് സംസ്ഥാനത്തെ 54 ബാര്‍ ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിച്ചത്. മദ്യനയം രൂപവല്‍ക്കരിക്കുന്നതിന് നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍കമീഷന്‍ റിപ്പോര്‍ട്ട്, തീരുമാനമെടുക്കുന്നതിനായി നികുതി സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാരിന്റെ മദ്യനയമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ടോം കെ തോമസ് പറഞ്ഞു. 2007ലെ സിഎജി റിപ്പോര്‍ട്ടില്‍ നിലവാരമില്ലാത്തതെന്നു കണ്ടെത്തിയവയില്‍ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ വിഭാഗത്തില്‍പ്പെട്ട ഹോട്ടലുകള്‍ ഉണ്ടെന്നും ഇവയുടെ ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഈ വിഭാഗത്തില്‍പ്പെട്ട ബാര്‍ ഹോട്ടല്‍ ഉടമകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, സ്റ്റാര്‍പദവി ഇല്ലെങ്കിലും മികച്ച നിലവാരമുള്ള ബാര്‍ ഹോട്ടലുകളുടെയും ലൈസന്‍സ് അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത ഇത്തരം ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കണമെന്നും ഈ വിഭാഗത്തില്‍പ്പെട്ട ബാര്‍ ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ തമ്മില്‍ വ്യത്യസ്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് മദ്യലഭ്യത കുറയ്ക്കാന്‍ സഹായകരമാകുമെന്ന് കോടതി നിരീക്ഷിച്ചു.

deshabhimani

No comments:

Post a Comment