Wednesday, April 23, 2014

ദക്ഷിണ തമിഴ്നാട്ടില്‍ ഇടതുപക്ഷം മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും തീപാറുന്ന പോരാട്ടം

കുമളി: ദക്ഷിണ തമിഴ്നാട്ടില്‍ ഇടതുപക്ഷം മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും തീപാറുന്ന പോരാട്ടം. ഇതുവരെയുള്ള തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം ദ്രാവിഡ കക്ഷികളോടൊപ്പം ചേര്‍ന്നാണ് പ്രധാനമായും തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുള്ളത്. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഭിന്നിപ്പിന് ശേഷം ആദ്യമായാണ് സിപിഐ എം-സിപിഐ പാര്‍ടികള്‍ ഒറ്റ മുന്നണിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച് കൃഷിയിറക്കുന്ന ദക്ഷിണ തമിഴനാട്ടിലെ മധുര, ദിണ്ഡിഗല്‍, രാമനാഥപുരം, ശിവഗംഗ എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഇടതുപക്ഷം മത്സരിക്കുന്നുണ്ട്. മധുരയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി വിക്രമനാണ് മത്സരിക്കുന്നത്. ദിണ്ഡിഗലില്‍ സിപിഐ എം സ്ഥാനാര്‍ഥി എന്‍ പാണ്ഡിയാണ് സ്ഥാനാര്‍ഥി. ശിവഗംഗയില്‍ സിപിഐ സ്ഥാനാര്‍ഥിയായി അഡ്വ. കൃഷ്ണന്‍ മത്സരിക്കുന്നു. രാമനാഥപുരത്ത് സിപിഐ സ്ഥാനാര്‍ഥി ആര്‍ ടി ഉമാമഹേശ്വരിയാണ് മത്സരിക്കുന്നത്.
ദക്ഷിണ മണ്ഡലങ്ങളിലെല്ലാം കുടിവെള്ള പ്രശ്നം പ്രധാന വിഷയമാണ്. ദേശീയതലത്തിലുള്ള പ്രധാന പ്രശ്നങ്ങളായ വിലക്കയറ്റം, അഴിമതി, പെട്രോള്‍-ഡീസല്‍-പാചക വാതക വിലവര്‍ധന മുതല്‍ പ്രദേശികമായുള്ള പ്രശ്നങ്ങളും ഉയര്‍ത്തുന്നു. കൊടും വരള്‍ച്ചയില്‍ കൃഷിനാശം വന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കൃഷിക്ക് ജലസേചനം സൗകര്യമൊരുക്കുക, കുളങ്ങളിലേക്ക് വൈഗ ആറ്റില്‍ നിന്നും വെള്ളം ലഭ്യമാക്കുക, കൃഷിക്ക് ഇന്‍ഷുറന്‍സ് നടപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളും തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തുന്നുണ്ട്.

ഇടതുപക്ഷം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുമ്പോള്‍ ഇതില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളാണ് ദ്രാവിഡ പാര്‍ടികളും കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നത്.ഇടതുപക്ഷ പാര്‍ടികള്‍ ഒഴികെയുള്ള രാഷ്ട്രീയ പാര്‍ടികളെല്ലാം തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കായി കോടികളാണ് ഒഴുക്കുന്നത്. പ്രകടനത്തിലും റാലിയിലും പങ്കെടുക്കുന്നവര്‍ക്കെല്ലാം അഞ്ഞൂറ് മുതല്‍ ആയിരം രൂപ വരെയാണ് പ്രതിഫലം നല്‍കുന്നത്. ഇതോടൊപ്പം രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ബിരിയാണി ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണം. സൗജന്യമായി വസ്ത്രങ്ങള്‍, നേതാക്കളുടെ ചിത്രം ആലേഖനം ചെയ്ത വാച്ചുകള്‍ എന്നിവ വിതരണം ചെയ്യുന്നു. മറ്റുള്ള രാഷ്ട്രീയ പാര്‍ടികള്‍ കോടികളിറക്കി പ്രവര്‍ത്തനം സംഘടിപ്പിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രകയാവുകയാണ്.ഇടതുപക്ഷം പുതുവോട്ടര്‍മാരെയും ചെറുപ്പക്കാരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സിപിഐ എം-സിപിഐ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് തമിഴ്നാട്ടില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

deshabhimani

No comments:

Post a Comment