Wednesday, April 23, 2014

വേണുഗോപാല്‍- സരിത ബന്ധം അന്വേഷിക്കണം: ഷാനിമോള്‍

കേന്ദ്രമന്ത്രിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സി വേണുഗോപാലിന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സാധ്യതകളും അവലോകനംചെയ്യാന്‍ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഷാനിമോള്‍, വേണുഗോപാലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ ഒരു വിഭാഗം കാലുവാരിയെന്ന് അതത് ഡിസിസി പ്രസിഡന്റുമാര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കി.

വേണുഗോപാലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വെറുതെയല്ലെന്ന് ഷാനിമോള്‍ പറഞ്ഞു. ഇവര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ ഉണ്ട്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണം. അതിനായി അന്വേഷണം നടത്തണം. വേണുഗോപാലിനെ തോല്‍പ്പിക്കാന്‍ ഷാനിമോള്‍ ശ്രമിച്ചെന്ന് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചിരുന്നു. അതിന് മറുപടി പറയാന്‍ തയ്യാറാകാത്ത ഷാനിമോള്‍ യോഗത്തില്‍, വേണുഗോപാലിന്റെ സരിതാബന്ധം വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഷാനിമോളെ യോഗത്തില്‍ താക്കീത് ചെയ്യാനാണ് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ തയ്യാറായത്.

സോളാര്‍ തട്ടിപ്പ് വിവാദം ഉയര്‍ന്നപ്പോള്‍തന്നെ കെ സി വേണുഗോപാലിനും സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും മറ്റ് ഉന്നതര്‍ക്കും സരിത ഉള്‍പ്പെടെയുള്ള പ്രതികളുമായുള്ള ബന്ധം പുറത്തായിരുന്നു. ഇതെല്ലാം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കുമുള്ള മറുപടികൂടിയാണ് ഷാനിമോള്‍ ഉസ്മാന്റെ തുറന്നുപറച്ചില്‍. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത വേണുഗോപാല്‍ ജനകീയ കോടതിയില്‍ കാണാമെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും പറഞ്ഞ് വിവാദത്തില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. വെള്ളാപ്പള്ളിനടേശനെ പേടിച്ച് ജീവിക്കാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

 വേണുഗോപാലിന്റെയും സരിതയുടെയും ബന്ധത്തെക്കുറിച്ച് സംസാരിച്ചതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞിരുന്നു. നിയമ നടപടി വെറും വക്കീല്‍ നോട്ടീസില്‍ ഒതുക്കിയത് വാര്‍ത്തയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവര്‍ത്തനവും സാധ്യതകളും അവലോകനംചെയ്യാന്‍ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടിവ് യോഗത്തില്‍ പോര്‍വിളിയും കുറ്റപ്പെടുത്തലുമായിരുന്നു അധികസമയവും. 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ ഒരു വിഭാഗം കാലുവാരിയെന്നാണ് ഡിസിസി പ്രസിഡന്റുമാര്‍ പറയുന്നത്. ഇതിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് പോര്‍വിളി മുഴക്കിയത്. പതിനഞ്ച് സീറ്റില്‍ ജയിക്കുമെന്ന കെപിസിസി പ്രസിഡന്റിന്റെ അവകാശവാദത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി "പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായ മേല്‍ക്കൈ പിന്നീട് നിലനിര്‍ത്താനായില്ല" എന്നായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ചു. ചാലക്കുടിക്ക് വടക്ക് യുഡിഎഫിന്റെ സ്ഥിതി പരിതാപകരമായിരിക്കുമെന്ന് വി ഡി സതീശന്‍ തിങ്കളാഴ്ച കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ പറഞ്ഞിരുന്നു.

deshabhimani

No comments:

Post a Comment