Tuesday, April 22, 2014

കുടിശ്ശിക 397.3 കോടി; നെല്‍കര്‍ഷകരെയും ചതിച്ചു

ആലപ്പുഴ: ജീവനക്കാര്‍ക്ക് ശമ്പളംപോലും നല്‍കാനാകാതെ സാമ്പത്തിക അരാജകത്വത്തിലേക്ക് നീങ്ങുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ നെല്‍കര്‍ഷകരെയും ചതിച്ചു. സപ്ലൈകോ മുഖേന നെല്ല് സംഭരിച്ച സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 397.3 കോടി രൂപ. മാസങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത നെല്ലിനും സര്‍ക്കാര്‍ വിലനല്‍കിയില്ല. സപ്ലൈകോയ്ക്ക് നല്‍കേണ്ട സര്‍ക്കാര്‍ വിഹിതം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധിമൂലം സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള തുക ഉടന്‍ കണ്ടെത്താനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പലിശ ബാധ്യതമൂലം ബാങ്ക്വായ്പ എടുക്കാന്‍ സപ്ലൈകോ അധികൃതരും മടിക്കുകയാണ്.

സാഹചര്യം മുതലെടുത്ത് സ്വകാര്യ മില്ലുകള്‍ രംഗത്തെത്തി. ഫലത്തില്‍ സര്‍ക്കാരിന്റെ നെല്ലുസംഭരണ പദ്ധതി അട്ടിമറിക്കപ്പെട്ടു. സപ്ലൈകോയില്‍ രജിസ്റ്റര്‍ചെയ്ത 1.25 ലക്ഷത്തോളം നെല്‍ കര്‍ഷകരാണ് വിലകിട്ടാതെ വലയുന്നത്. ജനുവരി ആദ്യവാരം മുതല്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിളവെടുപ്പും സംഭരണവും ആരംഭിച്ചെങ്കിലും പണം നല്‍കിയില്ല. കുട്ടനാടന്‍ നെല്‍കൃഷി മേഖലകൂടി ഉള്‍പ്പെടുന്ന ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്. വിവിധ ജില്ലകളില്‍നിന്ന് കിലോയ്ക്ക് 19 രൂപയ്ക്ക് 28.18 ലക്ഷം ക്വിന്റല്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി 507.37 കോടിരൂപ നല്‍കേണ്ട സ്ഥാനത്ത് ഇതുവരെ 110.01 കോടി രൂപമാത്രമാണ് നല്‍കിയത്.

സംഭരിച്ച നെല്ല് കുത്തി 6.3 ലക്ഷം ക്വിന്റല്‍ അരി വിപണിയിലെത്തിച്ചിട്ടും സപ്ലൈകോയ്ക്ക് നല്‍കേണ്ട വിഹിതം സര്‍ക്കാര്‍ കൊടുത്തില്ല. 250 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുടിശിക. 154.26 കോടി. ആലപ്പുഴ 137.5 കോടി, തൃശൂര്‍ 40.6, കോട്ടയം 52.6, പത്തനംതിട്ട 6.14, മലപ്പുറം 2.6, എറണാകുളം 3.03 കോടി എന്നിങ്ങനെയും മറ്റ് ജില്ലകളില്‍ 22 ലക്ഷം മുതല്‍ 67,000 രൂപവരെയുമാണ് കുടിശിക. കര്‍ഷകര്‍ക്ക് യഥാസമയം വില ലഭ്യമാക്കാന്‍ വിവിധ ബാങ്കുകളുമായി സഹകരിച്ച് സപ്ലൈകോ തയ്യാറാക്കിയ പദ്ധതിയും ഫലംകണ്ടില്ല. പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലയില്‍ കനറ ബാങ്കും തൃശൂര്‍ ജില്ലയില്‍ ബാങ്ക് ഓഫ് ഇന്ത്യയുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്.

എന്നാല്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഇനിയാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു. സാമ്പത്തിക തകര്‍ച്ച മറച്ചുവച്ച്, തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് പറഞ്ഞാണ് ഇതുവരെ സര്‍ക്കാര്‍ നെല്ലുവില നല്‍കാതിരുന്നത്. എന്നാല്‍ പെരുമാറ്റച്ചട്ടത്തില്‍ ഇളവു വരുത്തി പത്ത് ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്ര വിഹിതവും ഉടന്‍ കിട്ടാനിടയില്ല.

ജി അനില്‍കുമാര്‍ deshabhimani

No comments:

Post a Comment