കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും നിര്‍മാണഘട്ടത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിലും സംസ്ഥാന സര്‍ക്കാരും കെഎംആര്‍എലും കൊച്ചി നഗരസഭയും ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2011 ജൂണ്‍ 25, 2013 ഒക്ടോബര്‍ 31 എന്നീ തീയതികളില്‍ മുഖ്യമന്ത്രി വിളിച്ച യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും പി രാജീവ് പറഞ്ഞു. മെട്രോയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പുതന്നെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 158.68 കോടി രൂപ അനുവദിച്ചിരുന്നു. ഇതനുസരിച്ച് നോര്‍ത്ത് മേല്‍പ്പാലം വീതികൂട്ടല്‍, സലിം രാജന്‍ റോഡില്‍ മേല്‍പ്പാലം നിര്‍മിക്കല്‍, ബാനര്‍ജി റോഡ്, എംജി റോഡ് എന്നിവയുടെ വീതികൂട്ടല്‍ എന്നിവയ്ക്കായുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. എന്നാല്‍, എംജി റോഡ് വീതികൂട്ടുന്നതിനു വിളിച്ച ടെന്‍ഡര്‍ സ്ഥലം ലഭ്യമല്ലെന്ന ന്യായംപറഞ്ഞ് റദ്ദാക്കി. 22 മീറ്റര്‍ വീതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് 2012ല്‍ നല്‍കിയെങ്കിലും പിന്നീട് ടെന്‍ഡര്‍ വിളിക്കുന്നതിനോ റോഡ് വീതികൂട്ടുന്നതിനോ സര്‍ക്കാരോ കെഎംആര്‍എല്ലോ ഡിഎംആര്‍സിയോ തയ്യാറായില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് റോഡ് വീതികൂട്ടിയിരുന്നെങ്കില്‍ ഇപ്പോഴുള്ള ഗതാഗതപ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാമായിരുന്നു.
തമ്മനം പുല്ലേപ്പടി റോഡിന്റെയും എംജി റോഡിലേക്കുള്ള അപ്രോച്ച് റോഡിന്റെയും വീതികൂട്ടല്‍ 2011 ജൂണില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചചെയ്തിരുന്നു. 25 കോടി രൂപ അനുവദിച്ചാല്‍ ആറുമാസത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കാമെന്ന് മേയര്‍ അന്ന് ഉറപ്പുനല്‍കിയിരുന്നു. സെപ്തംബര്‍ 21ന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. 2013 ഒക്ടോബറില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം വീണ്ടും തീരുമാനിച്ചെങ്കിലും ഒന്നും പ്രാബല്യത്തിലായില്ല. ഇനി വീണ്ടും മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് മേയര്‍ പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. കലൂര്‍ മേഖലയില്‍ റോഡ് വീതികൂട്ടുന്നതിന് ഭൂരിപക്ഷം കടയുടമകളും സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വിട്ടുകൊടുത്തതിനു ശേഷമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് ചട്ടങ്ങളില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിലെ പൊതുനയം 2011 ജൂണിലെ യോഗത്തില്‍തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെങ്കിലും നടപടി സ്വീകരിച്ചില്ല. ചട്ടങ്ങളില്‍ ഇളവു നല്‍കേണ്ടത് കോര്‍പറേഷനാണ്. അതിനായി മുന്‍കൈ എടുക്കേണ്ടത് കെഎംആര്‍എലുമാണ്. ഇരുകൂട്ടരുടെയും തെറ്റായ സമീപനംമൂലം റോഡ് വീതികൂട്ടുന്നതിനു മുമ്പുതന്നെ മെട്രോ നിര്‍മാണം ആരംഭിക്കുകയും വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു.
കലൂര്‍ എളമക്കര റോഡില്‍ ദേശീയപാതയിലേക്ക് "ഫ്രീലെഫ്റ്റ്" ലഭിക്കുംവിധം വീതികൂട്ടുന്നതിന് നടപടി സ്വീകരിക്കാത്തതുമൂലം അവിടെയും കുരുക്കായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കെഎംആര്‍എലും ജില്ലാ ഭരണസംവിധാനവുമാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. വൈറ്റില-പേട്ട റോഡ് വീതികൂട്ടുന്നതിന് 120 കോടി രൂപ അനുവദിച്ചെന്നും അതില്‍ 90 കോടി ഉടന്‍ നല്‍കുമെന്നും 2013 ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഒരുരൂപപോലും ഇതുവരെ നല്‍കിയിട്ടില്ല. കരടുവിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല. കട നഷ്ടപ്പെടുന്നവരുടെ കാര്യത്തിലും മുഖ്യമന്ത്രി പ്രഖ്യാപിച്ചതൊന്നും നടപ്പായിട്ടില്ല. കലൂരില്‍ പിവിഎസ് ജങ്ഷനിലെ കള്‍വട്ട് പുതുക്കിപ്പണിയാനും നടപടിയായില്ല. നോര്‍ത്ത് മേല്‍പ്പാലം വീതികൂട്ടിയശേഷവും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടത്തിവിടാത്തത് തെറ്റായ നടപടിയാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി കളമശേരിയിലും ഇടപ്പള്ളിയിലും തൃപ്പൂണിത്തുറയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതും തെറ്റായ നടപടിയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് വ്യാപാരമേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment