Tuesday, April 22, 2014

പി സി ജോര്‍ജിന് 2 പാന്‍കാര്‍ഡ്; വരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം

കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പേരില്‍ രണ്ടു പാന്‍കാര്‍ഡുകള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പു കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്ക് പാന്‍കാര്‍ഡേ ഇല്ലെന്ന പി സി ജോര്‍ജിന്റെ സത്യവാങ്മൂലം കള്ളമാണെന്ന് രേഖകളില്‍നിന്ന് വ്യക്തമാവുന്നു. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടശേഷമാണ് വീണ്ടുമൊരു പാന്‍കാര്‍ഡ് കൂടി ജോര്‍ജ് സ്വന്തമാക്കിയത്. സ്വന്തം പേരില്‍ രണ്ടു പാന്‍കാര്‍ഡുകള്‍ കരസ്ഥമാക്കിയതും വ്യാജസത്യവാങ്മൂലം നല്‍കി തെരഞ്ഞെടുപ്പു കമീഷനെ കബളിപ്പിച്ചതും വിവാദമായി.

AJYPG0142N, BBNPG5144E  എന്നിങ്ങനെ രണ്ടു പാന്‍കാര്‍ഡുകളാണ് പി സി ജോര്‍ജിന്റെ പേരിലുള്ളത്. ഒരാള്‍ രണ്ടു പാന്‍കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് 1961 ലെ ആദായനികുതി നിയമം 139 എ വകുപ്പുപ്രകാരം കുറ്റകരമാണ്. അതുപോലെ വരണാധികാരിക്ക് നല്‍കുന്ന സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 415 പ്രകാരം കുറ്റകരവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് പാന്‍കാര്‍ഡ് ഉണ്ടെന്ന് വ്യക്തമാവുന്ന തെളിവാണ് ആദായനികുതി വകുപ്പില്‍നിന്ന് ലഭിച്ചിട്ടുള്ളത്. 2006 മെയ് 18ന് പ്ലാത്തോട്ടത്തില്‍ മത്തായി ചാക്കോയുടെ മകന്‍ ജോര്‍ജ് ആദായനികുതി വകുപ്പിന്റെ കോട്ടയം സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് പാന്‍കാര്‍ഡ് സ്വന്തമാക്കിയിരുന്നു.  AJYPG0142N  എന്നതാണ് പാന്‍നമ്പര്‍. സ്വന്തം പേരിലുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷനായ 0482272114 എന്ന ഫോണ്‍നമ്പരാണ് പാന്‍കാര്‍ഡ് എടുക്കുന്നതിന് ആദായനികുതി വകുപ്പിന് നല്‍കിയത്.

ഈ പാന്‍കാര്‍ഡ് കൈവശമുള്ളപ്പോഴാണ് പി സി ജോര്‍ജ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍നിന്ന് മത്സരിച്ചത്. എന്നാല്‍, നോമിനേഷന്‍ നല്‍കുമ്പോള്‍, 2011 മാര്‍ച്ച് 26ന് നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് പാന്‍കാര്‍ഡ് സംബന്ധിച്ച് വിശദമാക്കേണ്ട കോളത്തില്‍ തനിക്കോ കുടുംബാംഗങ്ങള്‍ക്കോ പാന്‍കാര്‍ഡില്ലെന്ന് കാണിച്ച് "ശൂന്യം" എന്നും "ബാധകമല്ല" എന്നുമാണ് രേഖപ്പെടുത്തിയത്.

2006 ല്‍ 5,25,000 രൂപ മുടക്കി അംബാസിഡര്‍ കാറും 2010ല്‍ 6,90,000 രൂപ മുടക്കി മഹീന്ദ്ര ബൊലേറോ ജീപ്പും പി സി ജോര്‍ജ് വാങ്ങിയിരുന്നു. സത്യവാങ്മൂലത്തില്‍ ഇക്കാര്യം പി സി ജോര്‍ജ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏതൊരു ഇടപാടിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍, സത്യവാങ്മൂലം നല്‍കിയപ്പോള്‍ അപ്പോള്‍ കൈവശമുണ്ടായിരുന്ന പാന്‍കാര്‍ഡിന്റെ വിവരവും ആദായനികുതി സംബന്ധിച്ച വിവരവും മറച്ചുവച്ചത് ദുരൂഹമാണ്. ഈരാറ്റുപേട്ടയിലെ അഭിഭാഷകനായ കെ സി മാത്യുവാണ് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത്. രണ്ടാമത്തെ പാന്‍കാര്‍ഡ് 2011 നവംബര്‍ 10നാണ് പി സി ജോര്‍ജ് കൈപ്പറ്റിയത്. BBNPG5144E എന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പരിനായി പി സി ജോര്‍ജ് നല്‍കിയ 9447120002 എന്ന മൊബൈല്‍ ഫോണ്‍നമ്പര്‍ ഉപയോഗിക്കുന്നത് മകന്‍ ഷോണ്‍ ജോര്‍ജാണ്. രണ്ട് പാന്‍കാര്‍ഡിന്റെയും വിലാസവും പേരും ഒന്നുതന്നെ.

deshabhimani

No comments:

Post a Comment