Tuesday, April 29, 2014

വംശീയാധിക്ഷേപത്തിന്റെ പഴമെറിഞ്ഞവന് ഡാനി ആല്‍വേസിന്റെ വക ഉഗ്രന്‍ മറുപടി

മാഡ്രിഡ്: മത്സരത്തിനിടെ പഴമെറിഞ്ഞവന് ഡാനി ആല്‍വേസിന്റെ വക ഉഗ്രന്‍ മറുപടി. സ്പാനിഷ് ലീഗില്‍ വിയ്യാറയലിനെതിരായ മത്സരത്തിനിടെ ആല്‍വേസിനെ ലക്ഷ്യമാക്കി കാണികളിലൊരാള്‍ പഴമെറിയുകയായിരുന്നു.

എന്നും വംശീയാധിക്ഷേപത്തിന്റെ ഇരയായ ആല്‍വേസ് റഫറിയോട് പരാതി പറയാനൊന്നും നിന്നില്ല. നേരെ പോയി പഴമെടുത്തുകഴിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കോര്‍ണര്‍ കിക്കെടുക്കുകയുംചെയ്തു. സംഭവം എന്തായാലും ക്ലിക്കായി. മത്സരശേഷം ബ്രസീലിയന്‍ സഹതാരം നെയ്മര്‍ ഒരു കിടിലന്‍ പോസ്റ്റിട്ടു. തൊലിയുരിഞ്ഞ പഴം കൈയിലേന്തിയ നെയ്മര്‍, കൂടെ മകന്‍മായി. നമ്മളെല്ലാം കുരങ്ങന്‍മാരെന്ന ഒരു കുറിപ്പും.

തീര്‍ന്നില്ല. അല്‍പ്പസമയംകൂടി കഴിഞ്ഞപ്പോള്‍ ആല്‍വേസിന്റെ കാമുകി തയ്സ കാര്‍വാലോയുമെത്തി. പാതിയുരിഞ്ഞ പഴവുമായി തയ്സയും കൂട്ടികാരികളും നില്‍ക്കുന്ന ചിത്രവുമായി. പിന്നാലെ അര്‍ജന്റീന താരം സെര്‍ജി അഗ്വേറോയും പഴച്ചിത്രവുമായെത്തി. പഴമെറിഞ്ഞ് ആല്‍വേസിനെ അപമാനിക്കാന്‍ ശ്രമിച്ചവന്റെ ഉദ്ദേശ്യം പാളിയെന്നുമാത്രമല്ല, അയാള്‍ സ്വയം അപഹാസ്യനാകുകയുംചെയ്തു.

ആരാണ് അത് എറിഞ്ഞതെന്ന് അറിയില്ല. സ്പെയിനില്‍ ഇത്തരംകാര്യങ്ങള്‍ ചിലപ്പോഴെക്കെ സഹിക്കേണ്ടിവരും. ഏതായാലും ഇതൊരു തമാശയായി കാണുകയാണ് ഉചിതം-മത്സരശേഷം ആല്‍വേസ് പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി ആല്‍വേസിനെതിരെ ഇത്തരം വംശീയാധിക്ഷേപങ്ങള്‍ നടക്കാറുണ്ട്. പ്രത്യേകിച്ചും സെവിയ്യയിലും ബാഴ്സയിലും. 2013 ജനുവരിയില്‍ റയല്‍ മാഡ്രിഡിനെതിരായ കിങ്സ് കപ്പില്‍ ആല്‍വേസിനെതിരെ വംശീയമായ അധിക്ഷേപങ്ങളുണ്ടായിരുന്നു.

പഴമെറിഞ്ഞ സംഭവത്തെക്കുറിച്ച് റഫറി ഡേവിഡ് ഫെര്‍ണാണ്ടസ് ബോര്‍ബാലന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ വിഷയം ചര്‍ച്ചചെയ്യും. അതേസമയം, ആല്‍വേസിന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. ഗംഭീര പ്രതികരണമെന്നായിരുന്നു മുന്‍ ബാഴ്സതാരം ഗാരി ലിനേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്. ആല്‍വേസിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ ലിവര്‍പൂള്‍താരം ലൂകാസ് ലെയ്വ വംശീയതയ്ക്കുള്ള പോരാട്ടത്തില്‍ നമ്മളൊന്നിച്ചാണെന്ന സന്ദേശവും ബ്രസീല്‍താരത്തിന് നല്‍കി. സ്പാനിഷ് പത്രങ്ങളും ആല്‍വേസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു.

deshabhimani

*  തലക്കെട്ട് ചേര്‍ത്തത്

No comments:

Post a Comment