Sunday, April 27, 2014

പാത്രക്കുളം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കരുത്: വി എസ്

പാത്രക്കുളം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കരുത്: വി എസ്പത്മനാഭസ്വാമിക്ഷേത്രത്തിന് മുന്നിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാത്രക്കുളം അന്യായമായി നികത്തി കൈവശംവച്ചിരിക്കുന്ന സ്വകാര്യസംഘടനയ്ക്ക് പതിച്ചുകൊടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കുളങ്ങളും ജലസംഭരണികളും നികത്താന്‍ പാടില്ലെന്നും നികത്തിയ കുളങ്ങളും ജലസംഭരണികളും പൂര്‍വസ്ഥിതിയിലാക്കി, കുളങ്ങളും ജലസംഭരണികളുമായിത്തന്നെ നിലനിര്‍ത്തണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് പാത്രക്കുളം സ്ഥിതിചെയ്തിരുന്ന 150 കോടിയോളം രൂപ വിപണി വിലമതിക്കുന്ന മുക്കാലേക്കറോളം സ്ഥലം ഒരു സ്വകാര്യ സംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട് ശ്രമിക്കുന്നത്.

ക്ഷേത്രത്തിന്റെയോ നഗരസഭയുടെയോ സര്‍ക്കാരിന്റെയോ അനുമതില്ലാതെയാണ് പാത്രക്കുളം നികത്തിയത്. മുന്‍ ചീഫ്സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തിലുള്ള കടലാസ് സംഘടനയുടെ പേരിലാണ് ഈ കുളം നികത്തി കൈവശംവച്ച് അനധികൃതമായി വാടകയ്ക്ക് കൊടുത്ത് പണം സമ്പാദിക്കുന്നത്. 1965ല്‍ മേല്‍പ്പടി പാത്രക്കുളം സ്ഥിതിചെയ്തിരുന്ന സ്ഥലം കുളമാണെന്ന കാര്യം മറച്ചുവച്ച് പതിച്ചുവാങ്ങാനുള്ള ഉത്തരവ് സമ്പാദിക്കുകയും തുടര്‍ന്ന് അനധികൃതമായി കുളം നികത്തി ആര്‍ രാമചന്ദ്രന്‍നായരും കുടുംബവും ചേര്‍ന്ന് അന്യായമായി ഒരു ഷെഡ് പണിചെയ്ത് വാടകയ്ക്ക് കൊടുത്തുവരികയായിരുന്നു.

സ്ഥലം കുളമാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് രാമചന്ദ്രന്‍നായര്‍ ഉള്‍പ്പെടുന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുളം സ്ഥിതിചെയ്തിരുന്ന സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

രാജകുടുംബത്തിനെതിരെ വെളിപ്പെടുത്തലുമായി ആനന്ദ ബോസ്

തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദഗ്ധ സമിതി മുന്‍ അധ്യക്ഷന്‍ സി വി ആനന്ദ് ബോസ് രംഗത്ത്. സ്വകാര്യ ന്യൂസ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ ബോസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തിന്റെ കാര്യത്തില്‍ കൊട്ടാരം ഒത്തു കളിച്ചതിന് നിരവധി തെളിവുകളുണ്ട്. നൂറ് വര്‍ഷം മുന്‍പത്തെ കണക്കെടുപ്പുകള്‍ കൊട്ടാരം പൂഴ്ത്തി. നിധി ശേഖരത്തില്‍ കൃത്രിമം കാണിച്ചു. അമൂല്യ വസ്തുക്കളുടെ മാതൃകകള്‍ പകരം വെച്ചു. ശരിയായവ വിദേശത്തേക്ക് കടത്തിയതായി സംശയിക്കുന്നുവെന്നും ഇതിന് മാര്‍ത്താണ്ഡവര്‍മ കൂട്ടു നിന്നെന്നും ആനന്ദബോസ് ആരോപിച്ചു. ഉത്രാടം തിരുനാളിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രനിധി കടത്തിയിട്ടുണ്ടെന്ന് സി വി ആനന്ദബോസ്

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിശേഖരത്തില്‍നിന്ന് പല അമൂല്യവസ്തുക്കളും മാറ്റി പകരം സമാനമാതൃകകള്‍ വച്ചിട്ടുണ്ടെന്ന് നിധിശേഖരത്തിന്റെ മൂല്യനിര്‍ണയത്തിന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ മുന്‍അധ്യക്ഷന്‍ സി വി ആനന്ദബോസ് പറഞ്ഞു. അമൂല്യവസ്തുക്കളില്‍ പലതും രാജ്യത്തിന് പുറത്തേക്ക് കടത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ എല്ലാ നിലവറയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തുറന്നിട്ടുണ്ട്. നിലവറകളുടെ മൂന്നുതാക്കോലും അദ്ദേഹത്തിന്റെ പക്കലായിരുന്നു. ഇതുവരെ തുറന്നിട്ടില്ലെന്ന് അവകാശപ്പെടുന്ന നിലവറകളടക്കം രാജകുടുംബാംഗങ്ങള്‍ തുറന്നിട്ടുണ്ട്. മലിനമായി കിടക്കുന്ന പത്മതീര്‍ഥക്കുളത്തില്‍ വന്‍ നിധിശേഖരമുണ്ട്. എന്നാല്‍, ഇതു പരിശോധിക്കാന്‍ വിഗദ്ധസമിതിക്ക് കഴിഞ്ഞിട്ടില്ല. പല കാര്യത്തിലും സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ഒത്തുകളി നടക്കുന്നുണ്ട്. തന്നെ നീക്കിയതടക്കം ഇതിന് ഉദാഹരണമാണ്.

തന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ്ക്യൂറിയുടേത്. നിധിശേഖരം രാജകുടുംബം എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന്റെ രേഖകള്‍ കൊട്ടാരം പൂഴ്ത്തി. നിധിശേഖരത്തിന്റെ കണക്ക് തയ്യാറാക്കിയവരെ അഭിനന്ദിച്ച് അന്നത്തെ രാജാവ് കത്തയച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ലഭിച്ചതുമാണ്. കണക്കെടുപ്പ് നടത്തിയതിന്റെ രേഖകള്‍ വേണമെന്ന് ഉത്രാടം തിരുനാളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ അജ്ഞത അഭിനയിക്കുകയാണ് അദ്ദേഹം ചെയ്തത്. അടുത്ത ദിവസംതന്നെ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു- ആനന്ദബോസ് പറഞ്ഞു.

deshabhimani

No comments:

Post a Comment