Friday, April 25, 2014

ക്ഷേത്രഭരണം പൂര്‍ണ പരാജയമായിരുന്നെന്ന് കോടതിയും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവിലുള്ള ഭരണസമിതിയും എക്സിക്യൂട്ടീവ് ഓഫീസറും പൂര്‍ണ പരാജയമായിരുന്നെന്ന് അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിമര്‍ശിച്ചു. നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസറെ നിലനിര്‍ത്തണമെന്ന് രാജകുടുംബത്തിനുവേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ വാദിച്ചപ്പോഴാണ് അവര്‍ പരാജയമായിരുന്നെന്ന് കോടതി തുറന്നടിച്ചത്. എക്സിക്യൂട്ടീവ് ഓഫീസറെ ഏതുവിധേനയും നിലനിര്‍ത്താനായിരുന്നു വേണുഗോപാലിന്റെ ശ്രമം. റിപ്പോര്‍ട്ടില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ പരാമര്‍ശങ്ങളൊന്നുമില്ലെന്ന് വേണുഗോപാല്‍ സമര്‍ഥിച്ചു. താന്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകുളടെ ഉത്തരവാദിത്തം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുകൂടി ഉള്ളതാണെന്ന് വ്യക്തമാണെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. സച്ചിദാനന്ദനെ എക്സിക്യൂട്ടീവ് ഓഫീസറായും ഗൗതം പത്മനാഭനെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറായും ചുമതലപ്പെടുത്തണമെന്നായിരുന്നു അമിക്കസ്ക്യൂറിയുടെ ശുപാര്‍ശ. അതേപോലെ രംഗാചാരി അധ്യക്ഷനായും സച്ചിദാനന്ദന്‍ അംഗമായും പുതിയ ഭരണസമിതിയെയും ഗോപാല്‍സുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു രാജകുടുംബത്തിന്റെ ലക്ഷ്യം. സച്ചിദാനന്ദനെതിരെ വിജിലന്‍സ് കേസുണ്ടെന്ന ആരോപണവും കഴിഞ്ഞദിവസം വേണുഗോപാല്‍ ഉന്നയിച്ചു. വ്യാഴാഴ്ച ഈ ആരോപണത്തിന് അമിക്കസ്ക്യൂറി മറുപടി നല്‍കി. സച്ചിദാനന്ദനെതിരായ ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിച്ച് കഴമ്പില്ലെന്നുകണ്ട് നടപടികള്‍ അവസാനിപ്പിച്ചതാണെന്ന് അമിക്കസ്ക്യൂറി അറിയിച്ചു. താന്‍ ഇനിയും ക്ഷേത്രഭരണസമിതിയിലെ ഒരു സ്ഥാനത്തേക്കും ഇല്ലെന്ന് അദ്ദേഹം കൈകൂപ്പി അപേക്ഷിച്ചതായും അമിക്കസ്ക്യൂറി പറഞ്ഞു.

ജസ്റ്റിസ് പരിപൂര്‍ണന്റെ നേതൃത്വത്തില്‍ ഒരു ഭരണസമിതിയെ കൊണ്ടുവരിക, ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഭുവനേന്ദ്രന്‍നായരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശേഖരന്‍ നായരെയും നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു രാജകുടുംബത്തിന്. ഒരു മുന്‍ഹൈക്കോടതി ജഡ്ജി അധ്യക്ഷസ്ഥാനത്തേക്ക് വരട്ടെയെന്ന നിര്‍ദേശത്തോടെ തുടങ്ങിയ വേണുഗോപാല്‍ തുടര്‍ന്ന് ജസ്റ്റിസ് പരിപൂര്‍ണന്‍ ആ സ്ഥാനത്തിന് തികച്ചും യോഗ്യനായിരിക്കുമെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഗോപാല്‍ സുബ്രഹ്മണ്യം എതിര്‍ത്തു. പകരം കോടതിക്ക് ആരെ വേണമെങ്കിലും നിര്‍ദേശിക്കാമെന്ന് അറിയിച്ചു. മുന്‍ഹൈക്കോടതി ജഡ്ജിയെന്ന ആശയത്തോട് കോടതിക്കും താല്‍പ്പര്യമുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിയന്ത്രണം ഉറപ്പാക്കുംവിധം ജില്ലാ ജഡ്ജിയെന്ന ആശയത്തിലേക്ക് കോടതി എത്തിയത്. അമിക്കസ്ക്യൂറിയും യോജിച്ചതോടെ സര്‍ക്കാരിനും രാജകുടുംബത്തിനും മറ്റ് മാര്‍ഗമില്ലാതായി.

ഇതിനിടെ ഭരണസമിതിയിലേക്ക് രണ്ട് ഐഎഎസുകാരുടെയും ഒരു ഐപിഎസുകാരന്റെയും പേര് ഉള്‍പ്പെടുന്ന കടലാസ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ വി വിശ്വനാഥന്‍ വേണുഗോപാലിന് രഹസ്യനിര്‍ദേശമാണെന്ന ശുപാര്‍ശയോടെ കൈമാറി. നിവേദിത പി ഹരന്‍, എ ഹേമചന്ദ്രന്‍, കെ ആര്‍ ജ്യോതിലാല്‍ എന്നീ പേരുകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിയില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായി വരുന്നത് അനൗചിത്യമാകുമെന്നതിനാല്‍ ശുപാര്‍ശ പാളി. ഒടുവില്‍ സമിതിയില്‍ തങ്ങളുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കോടതി സ്വീകരിച്ചു.

ഇതിനിടെയാണ് എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റരുതെന്ന കടുംപിടുത്തവുമായി വേണുഗോപാല്‍ രംഗത്തുവന്നത്. എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുവേണ്ടി വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ തന്നെ അനുവദിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് ഓഫീസര്‍ തുടര്‍ന്നാല്‍ രണ്ട് അധികാരകേന്ദ്രളാകുമെന്നും അതിനോട് യോജിക്കാനാകില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നും വേണുഗോപാല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുവേണ്ടി നിലകൊണ്ടതോടെ ജസ്റ്റിസ് എ കെ പട്നായിക് ഇടപെട്ടു. ഇപ്പോള്‍ അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്ന തോന്നലുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. ഇല്ലെന്ന് വേണുഗോപാല്‍ മറുപടി പറഞ്ഞതോടെ ഇപ്പോഴത്തെ ഭരണസംവിധാനം പൂര്‍ണ പരാജയമാണെന്ന് ജസ്റ്റിസ് പട്നായിക് തുറന്നടിച്ചു. പരാജിതര്‍ മാറിനില്‍ക്കുക തന്നെ വേണമെന്നും പട്നായിക് വ്യക്തമാക്കിയതോടെ വേണുഗോപാലിന് മറുപടി ഇല്ലാതായി. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും അമിക്കസ്ക്യൂറി അംഗീകരിക്കുകയും ചെയ്ത കെ എന്‍ സതീശിനെ കോടതി എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലപ്പെടുത്തി.

വിലയിടാനാകാത്ത നിധിശേഖരം

""ശ്രീപത്മനാഭന് ദാനം ചെയ്തത് തിരിച്ചെടുക്കരുത്"" തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രോഗബാധിതനായി കിടക്കുമ്പോള്‍ അനന്തരവനായ ധര്‍മരാജാവിനോട് പറഞ്ഞതാണ് ഇങ്ങനെ. പി ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂര്‍ ചരിത്രം എന്ന ഗ്രന്ഥത്തിലാണ് ഇക്കാര്യമുള്ളത്. രാജകുടുംബത്തിന്റെ പിന്മുറക്കാര്‍ ഇതില്‍നിന്ന് വ്യതിചലിച്ചപ്പോഴാണ് ഇപ്പോള്‍ കോടതി ഇടപെടലില്‍വരെ കാര്യങ്ങളെത്തിച്ചേര്‍ന്നത്. ഒരുലക്ഷം കോടിയോളം രൂപയുടെ അമൂല്യശേഖരങ്ങളാണ് നൂറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ നിലവറകളില്‍ എത്തിയത്.

18-ാം നൂറ്റാണ്ടില്‍ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് പഴയ പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിത് ഇപ്പോഴത്തെ നിലയിലാക്കിയത്. ഈ സമയത്താണ് വിഗ്രഹത്തിന്റെ ചുറ്റുമായി നിലവറകളും നിര്‍മിച്ചത്. നിലവിലുള്ള അനന്തശയനവിഗ്രഹം നിര്‍മിച്ചതും ക്ഷേത്രത്തിലെ ശീവേലിപ്പുര കെട്ടുകയും ചെയ്തതും ഇക്കാലത്താണെന്ന് കരുതുന്നു. ശിരസ്സിനു സമീപത്തായി എ നിലവറയായ ശ്രീപണ്ടാരവകയും ബി നിലവറയായ ഭരതക്കോണും ഉടല്‍ ഭാഗത്തായി സി നിലവറയായ വ്യാസക്കോണും ഡി നിലവറയായ സരസ്വതിക്കോണും കാലിന്റെ ഭാഗത്തായി മറ്റൊരു നിലവറയും നിലവിലുണ്ട്. ഇവയ്ക്കുപുറമെ രണ്ടു നിലവറകൂടിയുണ്ട്. വിഗ്രഹത്തെയും നിലവറകളെയും സംരക്ഷിക്കുന്നതിനായാണ് നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠ ഇതിനടുത്തുവച്ചിരിക്കുന്നതെന്നാണ് ഐതിഹ്യം. 13-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം ആദ്യമായി നിര്‍മിച്ചതെന്നും വാദമുണ്ട്. അതേസമയം, നമ്മാള്‍വാര്‍ ഒമ്പതാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലും പത്മനാഭനെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഉണ്ട്. പുതുക്കിപ്പണിയുന്നതിനുമുമ്പ് ചെറിയ നിലവറകള്‍ ഉണ്ടായിരുന്നു എന്നാണ് ചില രേഖകളില്‍ പറയുന്നത്. മധുര രാജാവായ പരാതക പാണ്ഡ്യന്‍ വിഴിഞ്ഞം ആക്രമിച്ചെന്നും തുടര്‍ന്ന് പശ്ചാത്താപമായി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി 10 പൊന്‍വിളക്കുകള്‍ സമ്മാനിച്ചെന്നും പുരാണമുണ്ട്. ഇവ ഇപ്പോഴും ക്ഷേത്രത്തിലുണ്ട്. ഇതുകൂടാതെ 13-ാം നൂറ്റാണ്ടിലേതടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ ഉള്ളത് ക്ഷേത്രവും നിലവറകളും അന്നുമുതലേ ഉണ്ടായിരുന്നു എന്നതിന് തെളിവായി കരുതുന്നു.

17-ാം നൂറ്റാണ്ടില്‍ ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ പൂജകളും മറ്റും മുടങ്ങി. തുടര്‍ന്ന് ആറു പതിറ്റാണ്ടോളം ക്ഷേത്രത്തില്‍ പൂജ നടന്നിട്ടില്ലെന്നാണ് കരുതുന്നത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെത്തിയപ്പോഴാണ് 18-ാം നൂറ്റാണ്ടില്‍ ക്ഷേത്രം പുതുക്കിപ്പണിത് പൂജകള്‍ ആരംഭിച്ചത്. സ്വാതിതിരുനാള്‍ ജനിച്ചപ്പോള്‍ മണ്‍റോ സായ്പ് സംഭാവന നല്‍കിയ സ്വര്‍ണക്കുടം മുതല്‍ ഹിരണ്യഗര്‍ഭം കഴിഞ്ഞ് (സ്വര്‍ണപാത്രത്തില്‍ മുങ്ങുന്ന ചടങ്ങ്) പുറത്തിറങ്ങുമ്പോള്‍ രാജാവിന്റെ തലയില്‍ വയ്ക്കുന്ന നവരത്നകിരീടംവരെ നൂറ്റാണ്ടുകളായി ഈ നിലവറകളില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രാചീന തിരുവിതാംകൂറിന്റെ കരകൗശലവിരുതറിയിക്കുന്ന ശരപ്പൊളി മാലകളാണ് നിധിശേഖരത്തില്‍ ഏറ്റവും കൂടുതല്‍. അമൂല്യമായ രത്നങ്ങളും മുത്തുകളും മാലയില്‍ പതിച്ചിട്ടുണ്ട്. രാജകുടുംബാംഗങ്ങള്‍ നൂറ്റാണ്ടുകളായി ഉത്സവത്തിനും ജന്മദിനങ്ങള്‍ക്കും സ്വര്‍ണക്കുടങ്ങളും സ്വര്‍ണനാണയങ്ങളും ക്ഷേത്രനടയില്‍ കാണിക്കവയ്ക്കാറുണ്ട്. ഇത് കൂടാതെ കലശപൂജയ്ക്കായി എല്ലാ വര്‍ഷവും സ്വര്‍ണക്കുടങ്ങള്‍ നിര്‍മിക്കാറുണ്ട്. അരനൂറ്റാണ്ട് മുമ്പുവരെ ഈ ചടങ്ങ് തുടര്‍ന്നിരുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവക്ഷേത്രമായതിനാല്‍ ഭക്തജനങ്ങളും നാട്ടുരാജാക്കന്മാരും സ്വര്‍ണക്കുടങ്ങളും നാണയങ്ങളും കാണിക്കയായി അര്‍പ്പിച്ചിരുന്നതായും രേഖകളുണ്ട്. വ്യാപാരാവശ്യത്തിനായി തിരുവിതാംകൂറിലെത്തിയ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും കാഴ്ചവച്ച അമൂല്യമായ വജ്രങ്ങള്‍, രത്നങ്ങള്‍, മരതകം തുടങ്ങിയവയും ശേഖരത്തിലുണ്ട്. ഓരോ രാജാക്കന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കുടംകണക്കിന് സ്വര്‍ണ നാണയങ്ങള്‍ ശ്രീപത്മനാഭന് കാണിക്കവച്ചതായും രേഖകള്‍ ഉണ്ട്. പാണ്ഡ്യരാജാവ് സ്വര്‍ണവിളക്കുകളും മൈസൂര്‍, കാശ്മീര്‍ രാജാക്കന്മാര്‍ സ്വര്‍ണമാലകളും സംഭാവന ചെയ്തതായും രേഖയുണ്ട്. മഹാരാജാവ് ബഹുമതിപ്പട്ടം നല്‍കാനായി നിര്‍മിച്ച വീരശൃംഖലകളുടെ വന്‍ശേഖരവും നിധിയിലുണ്ട്. ആലംകോട്, പരവൂര്‍, കൊല്ലം, കായംകുളം എന്നീ നാട്ടുരാജ്യങ്ങള്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ ശ്രീപത്മനാഭന് നിധിശേഖരം സംഭാവനചെയ്തതായി മതിലകംരേഖകളില്‍ പറയുന്നു.

വിജയ്

വടക്കേനടയില്‍ കുഴിയെടുത്തപ്പോള്‍ കല്‍പ്പടവുകള്‍ കണ്ടെത്തി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ സുരക്ഷാസംവിധാനത്തിനായി റോഡ് കുഴിച്ചപ്പോള്‍ പഴയ കല്‍പ്പടവുകള്‍ കണ്ടെത്തി. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി ബൊള്ളാര്‍ഡ് സ്ഥാപിക്കാന്‍ അഞ്ച് അടിയോളം കുഴിച്ചപ്പോഴാണ് കല്‍പ്പടവുകള്‍ കണ്ടത്. പുരാവസ്തുവകുപ്പിന്റെ ഓഫീസായ ശ്രീപാദം കൊട്ടാരത്തിന്റെയും ശംഖുചക്രമണ്ഡപത്തിന്റെയും മധ്യഭാഗത്തായാണ് റോഡ് കുഴിച്ചത്. കൊട്ടാരത്തിന്റെ ഭാഗത്ത് ചുടുകല്ലുകൊണ്ട് കെട്ടിയിട്ടുണ്ട്. മറുഭാഗത്ത് ശംഖുചക്രമണ്ഡപത്തിന്റെ ഭാഗത്ത് മൂന്ന് കരിങ്കല്‍പ്പടവുകളും കണ്ടെത്തി. താഴെ കരിമണ്ണാണ്. ചുടുകല്ലില്‍ പിഎംസി എന്നെഴുതിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണടിച്ച് റോഡ് ഉയര്‍ത്തിയതാണെന്ന് കരുതുന്നു. ഇതു രഹസ്യവഴികളാണെന്നും കരുതുന്നുണ്ട്. പണി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ പുരാവസ്തുവകുപ്പ് നിര്‍ദേശിച്ചു. പഠനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരമറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഇതിനെക്കുറിച്ച് പുരാവസ്തുവകുപ്പ് പഠനം തുടങ്ങും. രഹസ്യ അറ കണ്ടെത്തിയെന്ന അഭ്യൂഹം പരന്നതോടെ കുഴി കാണാന്‍ വന്‍തിരക്കുണ്ടായി. കുഴിയുടെ രണ്ടു വശത്തെ കല്ലുകള്‍ മാറ്റിയാല്‍ വേറെ വഴിയുണ്ടോയെന്നും സംശയിക്കുന്നുണ്ട്

deshabhimani

No comments:

Post a Comment