Wednesday, April 23, 2014

ഏജന്റുമാരുടെ കമീഷന്‍ തുകയും ജനശ്രീ മുക്കി

മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കോടികള്‍ തട്ടിയ ജനശ്രീ സുസ്ഥിര വികസന മിഷന്‍ ഏജന്റുമാരെയും വഞ്ചിച്ചു. എല്‍ഐസിയുടെ മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ നോഡല്‍ ഏജന്‍സിയായ ജനശ്രീ നിയോഗിച്ച ഏജന്റുമാരെയാണ്, സ്വരൂപിച്ച പണത്തിന് കമീഷന്‍പോലും നല്‍കാതെ വഴിയാധാരമാക്കിയത്. പോളിസി ഉടമകളില്‍നിന്ന് ഏജന്റുമാര്‍ വഴി സ്വരൂപിച്ച 33. 6 കോടി രൂപ എല്‍ഐസിയില്‍ അടയ്ക്കാതെ മുക്കിയശേഷം കമീഷന്‍ നല്‍കാതെ ആ ഇനത്തിലും വന്‍ തുകയാണ് അപഹരിച്ചത്. എട്ടു ശതമാനം ഏജന്റുമാര്‍ക്ക് കമീഷന്‍ ഇനത്തില്‍ അവകാശപ്പെട്ടതാണ്. 2008-2009 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയില്‍ 2011 മുതല്‍ സ്വരൂപിച്ച തുക മുഴുവന്‍ എല്‍ഐസിയില്‍ അടയ്ക്കാതെ ജനശ്രീ വിഴുങ്ങുകയായിരുന്നു.

പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തൊഴില്‍രഹിതരായ സ്ത്രീകളെയുമടക്കം ജില്ലകളില്‍ നൂറിലേറെ ഏജന്റുമാരെയാണ് ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം എം ഹസ്സനും സംഘവും ഏജന്റുമാരായി നിയമിച്ചത്. ആറുമാസത്തിലൊരിക്കലാണ് ഇവര്‍ക്ക് കമീഷന്‍ ലഭിക്കുക. എന്നാല്‍, വര്‍ഷത്തിലൊരിക്കലേ കമീഷന്‍ നല്‍കൂ എന്ന് ജനശ്രീ മിഷന്‍ വ്യക്തമാക്കിയതോടെ ഇതും നിലച്ചു. ഡിസംബര്‍വരെ വീണ്ടും കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഏജന്റുമാര്‍ ജനശ്രീ ജില്ലാ ഓഫീസുകളില്‍ കമീഷന്‍ തുകയ്ക്കായി കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. പണം എന്നു ലഭിക്കുമെന്ന് ഒരുറപ്പും ജനശ്രീ നല്‍കിയില്ല. ഇതിനിടെ പണം നിക്ഷേപിച്ചവര്‍ ഏജന്റുമാരുടെ വീടുകളിലെത്തി പ്രശ്നമുണ്ടാക്കിയ നിരവധി സംഭവങ്ങളും ഉണ്ടായി. ചില ഏജന്റുമാര്‍ പലിശയ്ക്ക് പണം വാങ്ങിയാണ് പ്രശ്നം പരിഹരിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഏജന്റ് കൊല്ലം ചാത്തന്നൂരിലെ സുരേഷ് ബാബു 80000 രൂപയുടെ ബാധ്യതക്കാരനാണ്. ഇതുപോലെ എല്ലാ ജില്ലകളിലും നിരവധി ഏജന്റുമാര്‍ കടക്കെണിയില്‍പെട്ടിരിക്കുന്നു. ഏജന്റുമാര്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നതിനാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് നിക്ഷേപകരെ പിന്തിരിപ്പിക്കാനുള്ള നീക്കവുമുണ്ട്. ചിലര്‍ക്കാകട്ടെ മറ്റു ജീവിതമാര്‍ഗമില്ലാത്തതിനാല്‍ കമീഷന്‍ തുക ആഗ്രഹിച്ച് ആളുകളെ പദ്ധതിയില്‍ വീണ്ടും ചേര്‍ക്കുന്നു. മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കോടികള്‍ ജനശ്രീ തട്ടിയെടുത്തതിനു പിന്നില്‍ ഗൂഢാലോചനയാണ് അരങ്ങേറിയത്. ഏജന്റുമാരുടെ നിയമനശേഷം എല്‍ഐസി ഉദ്യോഗസ്ഥരെന്ന വ്യാജേന ജനശ്രീ ഉദ്യോഗസ്ഥര്‍തന്നെയായിരുന്നു ക്ലാസെടുത്തത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ചേര്‍ത്ത് വിശ്വാസ്യത ആര്‍ജിക്കാനായിരുന്നു ഇവര്‍ക്ക് ജനശ്രീ നല്‍കിയ ആദ്യ നിര്‍ദേശം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ച് അവരുടെ സ്വാധീനം ഉപയോഗപ്പെടുത്താനും നിര്‍ദേശം ലഭിച്ചു. കൂടുതല്‍പേരെ പദ്ധതിയില്‍ അംഗമാക്കുന്നവര്‍ക്കും കൂടുതല്‍ തുക സമാഹരിക്കുന്നവര്‍ക്കും വന്‍ ആനുകൂല്യങ്ങളും ജനശ്രീ പ്രഖ്യാപിച്ചിരുന്നു.

എസ് ഷംഷീര്‍ deshabhimani

No comments:

Post a Comment