കൊച്ചി: സംസ്ഥാനത്തിന്റെ മത്സ്യസമ്പത്തിന് കനത്ത ഭീഷണി ഉയര്‍ത്തി കടല്‍മത്സ്യക്കുഞ്ഞുങ്ങളെയും ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളെയും വന്‍തോതില്‍ പിടിക്കുന്നത് വ്യാപകമാവുന്നു. സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലെല്ലാം ഇത്തരത്തിലുള്ള മത്സ്യക്കുരുതി മാര്‍ച്ച്മുതല്‍ നിര്‍ബാധം നടക്കുന്നു. അന്യസംസ്ഥാനങ്ങളിലെ മത്സ്യത്തീറ്റ, വളം നിര്‍മാണ ഫാക്ടറികളിലേക്കാണ് മീന്‍കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരേണ്ട മത്സ്യസമ്പത്താണ് ഇങ്ങനെ നഷ്ടമാകുന്നത്.
പാരിസ്ഥിതിക ദുരന്തത്തിനും മത്സ്യബന്ധന മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കും. 1980 ലെ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട്പ്രകാരം തികച്ചും നിയമവിരുദ്ധമായ മത്സ്യക്കുരുതി ശ്രദ്ധയില്‍പ്പെട്ടിട്ടും ഇതിനെതിരെ നടപടിയെടുക്കുന്നില്ല. എറണാകുളം വൈപ്പിന്‍ മുനമ്പം ഫിഷിങ് ഹാര്‍ബര്‍, മിനി ഹാര്‍ബര്‍, നീണ്ടകര, ശക്തികുളങ്ങര, ബേപ്പൂര്‍ ഹാര്‍ബറുകള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രതിദിനം ആയിരക്കണക്കിന് ടണ്‍ മീന്‍കുഞ്ഞുങ്ങളെയാണ് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഇതില്‍ മുനമ്പത്തുനിന്നുമാത്രം നൂറിലേറെ ടണ്‍ പ്രതിദിനം കടത്തുന്നുണ്ട്.
"വളം പിടിക്കല്‍" എന്ന പേരിലാണ് മത്സ്യക്കുരുതി ഹാര്‍ബറുകളില്‍ അറിയപ്പെടുന്നത്. മത്തി, അയല, കിളിമീന്‍, പൂമീന്‍, ചെമ്മീന്‍, ലെതര്‍ ജാക്കറ്റ്, കണവ, കൂന്തല്‍, ഞണ്ട് എന്നിവയുടെ കുഞ്ഞുങ്ങളെയാണ് മീന്‍പിടിത്ത ബോട്ടുകള്‍ പിടിക്കുന്നത്. കടലിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന ശംഖുകള്‍, കടല്‍ച്ചെടികള്‍ എന്നിവയും ശേഖരിക്കുന്നു. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് ഇവ വളംഫാക്ടറികള്‍ക്കു നല്‍കുന്നത്. പ്രതിദിനം ഒരുലക്ഷം രൂപവരെ കിട്ടിയ ബോട്ടുകളുണ്ട്. കേരളത്തിലെ വന്‍കിട മീന്‍പിടിത്ത ബോട്ടുകളില്‍ പണിയെടുക്കുന്നതില്‍ ഏറെയും തമിഴ്നാട്ടിലെ കൊളച്ചല്‍ നിവാസികളും ഒറീസ, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരുമാണ്.
കേരളതീരത്തെ മത്സ്യസമ്പത്തിന് ഒരു വിലയും കല്‍പ്പിക്കാതെ വളംനിര്‍മാണശാലകളുടെ ഏജന്റുമാര്‍ എന്ന നിലയ്ക്കാണ് ഇവര്‍ പെരുമാറുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 2013 ആഗസ്ത്- സെപ്തംബറില്‍ കേരളതീരത്ത് ഉപരിതല മത്സ്യബന്ധനം നടത്തി മീന്‍കുഞ്ഞുങ്ങളെ പിടിക്കുന്നത് വ്യാപകമായിരുന്നു. ഇതിനുള്ള വലകള്‍ വളംനിര്‍മാണശാലകള്‍ നിര്‍മിച്ചു നല്‍കിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭം നടത്തിയതിനെത്തുടര്‍ന്നാണ് ഉപരിതല മത്സ്യബന്ധനം അവസാനിച്ചത്. കേരളത്തിന്റെ തീരപ്രദേശങ്ങളിലെ മത്സ്യക്കുരുതി ഫിഷറീസ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അറിയിച്ചിട്ടും സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിക്കു (എംപിഇഡിഎ) കീഴിലുള്ള നെറ്റ്വര്‍ക്ക് ഫോര്‍ ഫിഷ് ക്വാളിറ്റി മാനേജ്മെന്റ് ആന്‍ഡ് സസ്റ്റൈനബിള്‍ ഫിഷിങ് (നെറ്റ്ഫിഷ്) ചീഫ് എക്സിക്യൂട്ടീവ് ഡോ. ജോയ്സ് വി തോമസ് പറഞ്ഞു.
അഞ്ജുനാഥ് deshabhimani
No comments:
Post a Comment