തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിൽ നടന്ന ഗുരുതര ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി ഉത്തരവെന്ന് പരാതിക്കാരൻ അഡ്വ. ടി കെ അനന്തപത്മനാഭൻകഴിഞ്ഞ 25 വർഷത്തെ ക്ഷേത്ര കണക്കെടുപ്പ് പൂർത്തിയാക്കാൻ സുപ്രിംകോടതി ചുമതലപ്പെടുത്തിയ വിനോദ് റായിയുടെ അന്വേഷണത്തിന് ശേഷം വീണ്ടും കോടതിയെ സമീപിക്കും. കണക്കെടുപ്പിന് ശേഷം കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കേസ് ഫയൽചെയ്യുമെന്നും അനന്തപത്മനാഭൻ പറഞ്ഞു.
ആദ്യമായി പരാതിയുമായി രംഗത്തെത്തിയ അന്തരിച്ച സുന്ദരരാജന്റെ അനന്തിരവൻ കൂടിയായ അനന്തപത്മനാഭൻ രാജകുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഉമ്മൻചാണ്ടി സർക്കാർ രാജകുടുംബം നടത്തുന്ന ക്രമക്കേടുകൾക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന സുന്ദർരാജ് അയ്യങ്കാറും ഹൈക്കോടതി അഭിഭാഷകനുമായ ടി കെ അനന്തപത്മനാഭനും നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ക്ഷേത്രഭരണം ജില്ലാ ജഡ്‌ജിയുടെ മേൽനോട്ടത്തിൽ കൊണ്ടുവരാൻ ഇടയായത്.
ക്ഷേത്രത്തിലെ കോടികൾ വിലമതിക്കുന്ന അമൂല്യ നിധിശേഖരങ്ങൾ നഷ്‌ടപ്പെടുന്നതായി സൂചനലഭിച്ചതിനെ തുടർന്നാണ് സുന്ദരാജൻ ഇത് സംരക്ഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
സുന്ദരരാജന്റെ വാദങ്ങളെ അംഗീകരിച്ചുകൊണ്ട് 2007 ഡിസംബറിൽ രാജകുടുംബത്തിന് ക്ഷേത്ര ഭരണത്തിൽ യാതൊരു അധികാരവുമില്ലെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്‌ജി എസ്‌എസ് വാസൻ വിധി പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും പ്രിൻസിപ്പൽ കോടതിയുടെ വിധി അംഗീകരിക്കുകയായിരുന്നു.
ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും ഗുരുവായൂർ ഭരണസമിതി മാതൃകയിൽ പുതിയ ഭരണ സമിതിയെ നിയോഗിക്കാനുമായിരുന്നു ഹൈക്കോടതി അന്ന് വിധിച്ചത്. ഈ വിധിക്കെതിരെ മാർത്താണ്ഡ വർമ്മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന വിധി മാത്രം സ്റ്റേ ചെയ്‌ത സുപ്രിംകോടതി 2011 ജൂലായിൽ കല്ലറകൾ തുറന്ന് അമൂല്യ വസ്‌തുക്കളുടെ മൂല്യനിർണയം നടത്താൻ ഉത്തരവിട്ടു. സുന്ദർരാജിന്റെ മരണത്തിന് ശേഷവും അനന്തപത്മനാഭൻ നിയമപോരാട്ടം തുടരുകയാണുണ്ടായത്.
janayugom
No comments:
Post a Comment