എടപ്പാള്‍: ചങ്ങരംകുളം സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതും ഗൃഹനാഥനെ മര്‍ദിച്ചുകൊന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് പരാതിപരിഹാരസമിതി ശുപാര്‍ശചെയ്തു. സമിതി അംഗം പി മുരളീധരന്‍ സര്‍ക്കാരിനും ഡിജിപിക്കും ഇത്സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.
ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ഹനീഷ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് സമിതി സ്റ്റേഷനില്‍ തെളിവെടുത്തത്. യുവതിയെ രാത്രി സ്റ്റേഷനില്‍ പാര്‍പ്പിച്ചതിലും അറസ്റ്റ്, കസ്റ്റഡി എന്നിവയുടെ രേഖകളില്ലാത്തതും ഗുരുതര വീഴ്ചയാണെന്ന് സമിതി കണ്ടെത്തി. പൊന്നാനി സിഐ എം കെ മനോജ് കബീര്‍, ചങ്ങരംകുളം എസ്ഐ വി ഹരിദാസ് എന്നിവരുടേതടക്കം ആറ് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാത്രി 7.15ന് ശേഷമാണ് യുവതിയെ സ്റ്റേഷനില്‍ എത്തിച്ചതെന്ന പൊലീസുകാരുടെ മൊഴി കളവാണ്. സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ചട്ടം പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാത്രി വനിതാ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന യുവതിയെ തറയില്‍ കടലാസ് വിരിച്ച് ഇരുത്തി. പുസ്തകം വായിച്ച് വനിതാ പൊലീസ് കാവലിരുന്നു. പുലര്‍ച്ചെ വനിതാ പൊലീസ് ബാത്ത്റൂമിലേക്കുപോയപ്പോള്‍ യുവതി ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു- ഇങ്ങനെയാണ് പൊലീസുകാരുടെ മൊഴി. പിടികൂടുന്നവരെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്ന നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു യുവതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്.
ആത്മഹത്യ ചെയ്തതാണെങ്കില്‍ തന്നെ ആരും ശ്രദ്ധിക്കാനില്ലാത്ത സാഹചര്യമാണ് മരണത്തിനിടയാക്കിയത്. അത്തരമൊരു സാഹചര്യമുണ്ടായത് പൊലീസിന്റെ കടുത്ത അലംഭാവംമൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാത്രി യുവതി എന്തുചെയ്യുകയായിരുന്നുവെന്നതിന് വ്യക്തതയില്ല. യുവതിയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായ സംഭവം എന്തെങ്കിലും ഉണ്ടായോ എന്നതിനെക്കുറിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് പി മുരളീധരന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച എടപ്പാള്‍ കുറ്റിപ്പാല സ്വദേശി ആമ്പ്രവളപ്പില്‍ മോഹനന്‍ ജനുവരി 28നാണ് മരിച്ചത്.
കുടുംബവഴക്കിന് മധ്യസ്ഥം പറയാനെത്തിയ മോഹനനെ ഗ്രേഡ് എസ്ഐ എം പി ചന്ദ്രശേഖരനും സംഘവും പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മര്‍ദനത്തില്‍ തലക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. ഇതിന് കാരണക്കാരായവരെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കണ്ടെത്തി നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. മാധ്യമപ്രവര്‍ത്തകരാണ് ഈ സംഭവം തെളിവെടുപ്പിനെത്തിയ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
deshabhimani
No comments:
Post a Comment