Monday, April 21, 2014

അസംബന്ധ വാര്‍ത്തകള്‍ക്ക് പിന്നില്‍ യുഡിഎഫിനായുള്ള വിടുപണി: സിപിഐ എം

ആലപ്പുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസിലും യുഡിഎഫിലും പുനരാരംഭിച്ച തമ്മിലടിയും പോര്‍വിളികളും ലഘൂകരിച്ച് കാണിക്കാന്‍ ചില പത്രങ്ങള്‍ സിപിഐ എമ്മിനെ ബന്ധപ്പെടുത്തി പടച്ചുവിടുന്ന വാര്‍ത്തകള്‍ക്ക് സത്യവുമായി പുലബന്ധമില്ലെന്ന് പാര്‍ടി ജില്ലാ ആക്ടിങ് സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തിയ കാലുവാരലും പാരവയ്ക്കലും അവര്‍ തന്നെ പരസ്യമായി വിളിച്ച് പറയുന്നത് ജനം ചര്‍ച്ച ചെയ്യുന്ന വേളയിലാണ് സാങ്കല്‍പ്പിക വാര്‍ത്തകള്‍ ചമച്ച് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ മനോരമയും മാതൃഭൂമിയുമടക്കം ശ്രമിക്കുന്നത്. ശനിയാഴ്ച മനോരമ എട്ടു കോളത്തില്‍ കൊടുത്ത വാര്‍ത്ത "വി എസിനെ ഒതുക്കാന്‍ ജില്ലയിലെ നാലു ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിടുന്നു"വെന്നാണ്. സിപിഐ എമ്മിന്റെ ഒരു ഏരിയ കമ്മിറ്റിയും പിരിച്ചുവിടാന്‍ നിശ്ചയിച്ചിട്ടില്ല. ഇത്തരത്തിലുള്ള ആലോചനയോ, ചര്‍ച്ചയോ പാര്‍ടിയില്‍ നടന്നിട്ടില്ല. ഇതിനായി റിപ്പോര്‍ട്ട് നല്‍കിയെന്നതും അടിസ്ഥാനരഹിതമാണ്. പാര്‍ടിയുടെ സംഘടനാരീതി മനസിലാക്കാതെ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത് പത്രധര്‍മത്തിന് നിരക്കുന്നതല്ല. മനോരമയുടെ ജില്ലാ ലേഖകന്‍ പേരുവച്ചെഴുതിയ നുണക്കഥ അര്‍ഹിക്കുന്ന അവഗണനയോടെ ജനം തള്ളിക്കളയും.

വെള്ളിയാഴ്ചത്തെ പത്രത്തില്‍ ഒരു ജില്ലാകമ്മിറ്റിയംഗത്തിനെതിരായി അന്വേഷണം ആരംഭിച്ചുവെന്നതരത്തില്‍ പടച്ചുവിട്ട വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. ആലപ്പുഴ ഡിസിയിലെ ഒരു ജില്ലാകമ്മിറ്റി അംഗത്തിനെതിരായി ഏതെങ്കിലും തരത്തില്‍ അന്വേഷണം നടത്തേണ്ട ഒരു പരാതിയും പാര്‍ടി നേതൃത്വത്തിന് ലഭിക്കാത്ത സന്ദര്‍ഭത്തില്‍ ആരെകുറിച്ച് ആര് അന്വേഷിക്കുന്നുവെന്ന് ആരുമറിയാത്ത വാര്‍ത്ത സാമാന്യനീതിയ്ക്ക് എതിരാണെന്ന് വാര്‍ത്ത പടച്ചവര്‍ മനസിലാക്കണം. എല്‍ഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആലപ്പുഴയില്‍ സി ബി ചന്ദ്രബാബു വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ പോവുകയാണ്. വി എസ് അച്യുതാനന്ദന്‍, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍ എന്നിവര്‍ പ്രചാരണ രംഗത്ത് നല്‍കിയ സംഭാവനകളും ജി സുധാകരനും, ഡോ. ടി എം തോമസ് ഐസക്കും നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് സംഘാടനവും സി ബി ചന്ദ്രബാബുവിന്റെ വിജയ സാധ്യത വര്‍ധിപ്പിച്ചു. ഇത്തരമൊരു ഘട്ടത്തില്‍ തമ്മിലടി രൂക്ഷമായ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും രക്ഷിക്കാനിറങ്ങിയിരിക്കുന്ന മാധ്യമങ്ങള്‍ നുണക്കഥ പറഞ്ഞ് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കണം.

മാതൃഭൂമി വോട്ടുചോര്‍ച്ചയുടെ കണക്കുകളാണ് നിരത്തിയിരിക്കുന്നത്. ജില്ലയില്‍ ഒരിടത്തും വോട്ട് ചോര്‍ന്നതായി സിപിഐ എം കണ്ടെത്തിയിട്ടില്ല. എല്‍ഡിഎഫ് ഏറ്റവും ഐക്യത്തോടെ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പാണിത്. നട്ടാല്‍ കുരുക്കാത്ത നുണയുടെ അകമ്പടിയോടെ അപവാദപ്രചാരണം നടത്തുന്നത് പത്രങ്ങളുടെ വിശ്വാസ്യത തകര്‍ക്കുകയെയുള്ളുവെന്ന് സജി ചെറിയാന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment