നിലവാരമില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയ 418 ബാര്‍ ഘട്ടംഘട്ടമായി തുറക്കാന്‍ ധാരണയായി. ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാനും അവയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കിനല്‍കാനുമാണ് ആലോചന. ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള സമിതിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ടൂറിസം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എക്സൈസ്വകുപ്പ് നിലവാരമുണ്ടെന്നു കണ്ടെത്തിയ അറുപത്തഞ്ചോളം ബാറിന്റെ ലൈസന്‍സ് ഉടന്‍ പുതുക്കിനല്‍കും. മറ്റുള്ളവയ്ക്ക് നിലവാരം ഉയര്‍ത്താന്‍ ആറുമാസത്തെ സമയം അനുവദിക്കും. നിലവാരം ഉറപ്പുവരുത്തുന്ന മുറയ്ക്ക് ഓരോന്നിന്റെയും ലൈസന്‍സ് പുതുക്കും.
കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചാല്‍ അതിന്റെ മറവില്‍ അവശേഷിക്കുന്നവയുടെ ലൈസന്‍സ് ഒറ്റയടിക്ക് പുതുക്കിനല്‍കാനും ധാരണയായിട്ടുണ്ട്. ബാര്‍ അടച്ചുപൂട്ടിയത് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍- കെപിസിസി ഏകോപനസമിതി യോഗം ബുധനാഴ്ച ചേരുന്നുണ്ട്. നിലവാരപരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഈ യോഗം തീരുമാനിക്കും. തുടര്‍ന്ന് യുഡിഎഫ് യോഗത്തില്‍ ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കും. നിലവാരമുള്ളവ തുറക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്. അടച്ചുപൂട്ടിയ ബാറുകളെല്ലാം ഘട്ടംഘട്ടമായി തുറന്നുകൊടുക്കാന്‍ ഇതോടെ വഴിതെളിയുമെന്നാണ് മുഖ്യമന്ത്രിയുടെയും കെപിസിസി നേതൃത്വത്തിന്റെയും കണക്കുകൂട്ടല്‍. അടച്ചിട്ട 418 ബാറിനും താല്‍ക്കാലിക പ്രവര്‍ത്തനാനുമതി നല്‍കണമെന്ന എക്സൈസ്വകുപ്പിന്റെ നിര്‍ദേശം തള്ളിക്കളയാനാണ് തീരുമാനം. ഇത് ജനങ്ങളുടെയും മതനേതാക്കളുടെയും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രംകൂടിയാണ്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് 25 ലക്ഷം രൂപ നിരക്കില്‍ ബാര്‍ ഉടമകളോട് നടത്തിയ വിലപേശലാണ് പ്രതിസന്ധിയിലെത്തിച്ചത്. മദ്യനയം സംബന്ധിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിയ ശേഷമാണ് വിലപേശല്‍ നടത്തിയത്. നിലവാരമില്ലാത്ത 418 ബാറിന്റെ പട്ടിക എക്സൈസ്വകുപ്പ് തയ്യാറാക്കി. ബാക്കിയുള്ള 313 വന്‍കിട ബാര്‍ തുറന്നുകൊടുത്തു. ഇതിന് 25 കോടി രൂപയാണ് കോഴ വാങ്ങിയത്്്. നിലവാരമില്ലാത്ത നിരവധി ബാറുകള്‍ തുറക്കുകയും ഉള്ളവ അടച്ചുപൂട്ടുകയും ചെയ്തത് വിവാദമായതോടെ എക്സൈസ്മന്ത്രിയുടെ കള്ളക്കളി വെളിച്ചത്തായി.
തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് തുക ആവശ്യപ്പെട്ട് കെപിസിസി നേതൃത്വം രംഗത്തുവന്നതോടെ തര്‍ക്കം മുറുകി. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രഖ്യാപിക്കാറുള്ള മദ്യനയം അംഗീകരിക്കുന്നതും നീട്ടിവച്ചാണ് വിലപേശല്‍ നടത്തിയത്. മുഖ്യമന്ത്രിയുടെയും എക്സൈസ്മന്ത്രിയുടെയും അടുപ്പക്കാരനായ ഒരു എംഎല്‍എ ഇടപെട്ടാണ് ഒടുവില്‍ ധാരണയ്ക്ക് അന്തിമ രൂപം നല്‍കിയത്. ചൊവ്വാഴ്ച കെപിസിസി നിര്‍വാഹക സമിതി യോഗത്തിലും ബാര്‍ അടച്ചുപൂട്ടിയതിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നു. ഇതുകൂടി പരിഗണിച്ച് ബുധനാഴ്ച തീരുമാനം എടുക്കാനാണ് ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തിയത്.
കെ ശ്രീകണ്ഠന്‍ deshabhimani
No comments:
Post a Comment