Friday, April 25, 2014

പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി സ്റ്റേഷനുള്ളില്‍ മരിച്ച നിലയില്‍

എടപ്പാള്‍: മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാളിനടുത്ത് മാണൂര്‍ ചേകനൂര്‍ റോഡ് പള്ളിക്ക് സമീപം പരേതനായ കോട്ടുകാട്ടില്‍ സൈനുദ്ദീന്റെ മകള്‍ ഹനീഷയെ (23) ആണ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ സ്ത്രീകളുടെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മൂന്ന് പൊലീസുകാര്‍ ഡ്യൂട്ടിയിലിരിക്കെ യുവതി മരിച്ചത് വന്‍ വിവാദമായി. എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് കുളിമുറിയില്‍ കയറിയപ്പോള്‍ സ്ത്രീകളുടെ വിശ്രമമുറിയിലെത്തിയ യുവതി മേശക്ക് മുകളില്‍ക്കയറി ഫാനില്‍ ചുരിദാറിന്റെ ഷാള്‍ കെട്ടി തൂങ്ങിയെന്നാണ് പൊലീസ് ഭാഷ്യം. വ്യാഴാഴ്ച രാവിലെ 6.10നാണത്രെ സംഭവം. കുളിമുറിയില്‍നിന്നിറങ്ങിയ വനിതാ പൊലീസാണ് യുവതി തൂങ്ങിക്കിടക്കുന്നത് കണ്ടത്. പൊലീസ് ജീപ്പിലാണ് യുവതിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. രോഷാകുലരായ ജനക്കൂട്ടം സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഇതില്‍ മിക്കവരും മൃതദേഹം സ്റ്റേഷനില്‍ നിന്ന് മാറ്റിയത് അറിഞ്ഞിരുന്നില്ല. മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പറഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. കോഴിക്കോട്-തൃശൂര്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്തുനിന്ന് സായുധ പൊലീസ് അടക്കം എത്തി. മൃതദേഹം നേരത്തെ തന്നെ മാറ്റിയെന്ന് അറിഞ്ഞതോടെയാണ് ജനക്കൂട്ടം പിരിഞ്ഞത്. തുടര്‍ന്ന്, ആശുപത്രിയിലേക്ക് ജനപ്രവാഹമായി. ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടംചെയ്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സുബൈദയാണ് ഹനീഷയുടെ ഉമ്മ. അനീഷ്, റമീഷ് എന്നിവര്‍ സഹോദരങ്ങളാണ്. എസ്ഐ വി ഹരിദാസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ തിലകന്‍, വനിതാ കോണ്‍സ്റ്റബിള്‍ ലതിക എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചപറ്റിയതായി അന്വേഷണ ചുമതലയുള്ള തിരൂര്‍ ഡിവൈഎസ്പി കെ അസൈനാര്‍ പറഞ്ഞു. യുവതികളെ കസ്റ്റഡിയില്‍ സൂക്ഷിക്കുമ്പോള്‍ രണ്ട് വനിതാ പൊലീസ് വേണമെന്ന ചട്ടം നിലനില്‍ക്കെയാണ് ദുരൂഹ മരണം. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് യുവതിയെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെഒരാള്‍, കേസില്‍ അകപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും വിരളം. ഡ്യൂട്ടിയിലുള്ള മൂന്നുപൊലീസുകാരും അറിയാതെയാണ് യുവതി തൂങ്ങിയതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇതേ സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം വിവാദമായിരുന്നു.

deshabhimani

No comments:

Post a Comment