Wednesday, April 23, 2014

കോസികലാന്റെ മുറിവില്‍ ചോര കിനിയുന്നു

കോസികലാന്‍(ഉത്തര്‍പ്രദേശ്): ഡല്‍ഹിയില്‍നിന്ന് രണ്ടാം നമ്പര്‍ ദേശീയപാതയിലൂടെ ആഗ്രയിലേക്കുള്ള യാത്രയില്‍ 100 കിലോമീറ്റര്‍ പിന്നിട്ടാല്‍ കോസികലാനിലെത്താം. ശ്രീകൃഷ്ണ ക്ഷ്രേത്രഭൂമിയെന്ന് പുകള്‍പെറ്റ മഥുര ജില്ലയിലെ ചെറുനഗരമാണ് കോസികലാന്‍. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന ഈ നഗരം ഇന്ന് ശാന്തമാണ്. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരം. രണ്ടു വര്‍ഷം മുമ്പ് ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയാണ് കോസികലാന്‍ വര്‍ഗീയ വിദ്വേഷത്തിന്റെ തീക്കുണ്ഡമായത്. ആ അഗ്നിയില്‍ നാലുപേരുടെ ജീവനാണ് ഹോമിക്കപ്പെട്ടത്.

കത്തിയമരുന്ന സ്വന്തം കടകളെ രക്ഷിക്കാനുള്ള അവസാനശ്രമത്തില്‍ ഇരട്ട സഹോദരങ്ങളായ ഭുരയും കാലുവയും അക്ഷരാര്‍ഥത്തില്‍ ഹോമിക്കപ്പെട്ടു. സലാവുദീന്‍ ഷെയ്ഖും സോണു സെയ്നിയും വെടിയേറ്റു മരിച്ചു. സരന സാഹി പള്ളിയില്‍ സര്‍ബത്ത് വിതരണംചെയ്യവെ ഒരു ഹിന്ദു വ്യാപാരി അതില്‍ കൈമുക്കിയെന്നതിനെച്ചൊല്ലിയാണ് കുഴപ്പങ്ങള്‍ക്ക് തുടക്കം. വ്യാപാരിയെ പള്ളിയിലുള്ളവര്‍ തല്ലി. തെറ്റുകള്‍ പരസ്പരം ഏറ്റുപറഞ്ഞ് പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍, വ്യാപാരികളില്‍ ചിലര്‍ ആര്‍എസ്എസുകാര്‍ക്കൊപ്പം പള്ളി ആക്രമിച്ചു. രമ ടെയ്ലറിങ് ഉടമ ഭഗവത് പ്രസാദ് രുഹേലയ്ക്ക് ഇതില്‍ പ്രധാന പങ്കുണ്ടായിരുന്നു. നഗരസഭ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പായിരുന്നു കലാപം. തുടര്‍ന്ന് നഗരത്തില്‍ 21 ദിവസം കര്‍ഫ്യൂ. ഒന്നര മാസത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. "കലാപം നഗരത്തിന്റെ രാഷ്ട്രീയചിത്രം മാറ്റിയെന്ന്" മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭഗവത് പ്രസാദ് രുഹേല പറഞ്ഞു. മുസ്ലിങ്ങള്‍ പോളിങ് ബൂത്തിലെത്താത്തതാണ് വിജയരഹസ്യമെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ഈ വിജയം ലോക്സഭയിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പോലും ശാന്തമായിരുന്ന കോസികലാനിലേത് സംഘപരിവാര്‍ ആസൂത്രണംചെയ്ത കലാപമായിരുന്നുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഡോ. ഹരിശങ്കര്‍ പറഞ്ഞു. ഫൈസാബാദിലും പ്രതാപ്ഗഡിലും അവസാനമായി മുസഫര്‍നഗറിലും നടന്ന വര്‍ഗീയകലാപങ്ങളും വര്‍ഗീയധ്രുവീകരണത്തിനു വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇതുകൊണ്ടുമാത്രം കൈവിട്ടുപോയ മഥുര സീറ്റ് തിരികെ പിടിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ബിജെപി ബോളിവുഡ് താരം ഹേമമാലിനിയെ സ്ഥാനാര്‍ഥിയാക്കിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനാളില്‍ ജാട്ടുകള്‍ക്ക് സംവരണം നല്‍കിയതാണ് ബിജെപിക്ക് തിരിച്ചടിയായാത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദളിലെ ജയന്ത് ചൗധരിയാണ് ഇവിടെ വിജയിച്ചത്. അന്ന് ബിജെപിയുടെ പിന്തുണ അജിത്സിങ്ങിന്റെ മകനായിരുന്നു. എന്നാല്‍, സമവാക്യങ്ങള്‍ മാറിയതോടെ ജയന്ത് ചൗധരി കോണ്‍ഗ്രസ് പിന്തുണയിലാണ് മത്സരിക്കുന്നത്.

ബിജെപിയിലേക്ക് ചാഞ്ഞ ജാട്ടുകളെ സംവരണത്തിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആര്‍എല്‍ഡി. അജിത്സിങ്് മകന്റെ വിജയം ഉറപ്പിക്കാന്‍ ഒരാഴ്ചയോളം മണ്ഡലത്തില്‍ പ്രചാരണം നടത്തി. മൂന്ന് ലക്ഷം ജാട്ട് വോട്ടുള്ള മണ്ഡലത്തില്‍ ഒരു ലക്ഷം മുസ്ലിം വോട്ട് കീശയിലാക്കിയാല്‍ ജയന്തിന് ജയിക്കാം. ഹേമമാലിനിയെ ജയിപ്പിച്ചാല്‍ സിനിമാനടിയായ അവര്‍ മഥുരയിലേക്ക് തിരിഞ്ഞുനോക്കുകയില്ലെന്നുള്ള പ്രചാരണം ആര്‍എല്‍ഡി ഉയര്‍ത്തുന്നു. എന്നാല്‍, മഥുരയില്‍ വീട് വാങ്ങുമെന്നും സ്ഥിരതാമസമാക്കുമെന്നും വാര്‍ത്താസമ്മേളനം നടത്തിയാണ് ഹേമമാലിനി തിരിച്ചടിച്ചത്. സമാജ്വാദിപാര്‍ടിയുടെ ചന്ദന്‍സിങ്ങും ബിഎസ്പിയുടെ യോഗേഷ് ദ്വിവേദിയും മത്സരരംഗത്തുണ്ട്.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment