Thursday, April 24, 2014

റീപോളിങ്: എഎപി നേതാക്കള്‍ക്ക് യൂത്ത്കോണ്‍ഗ്രസുകാരുടെ മര്‍ദനം

കളമശേരി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ റീപോളിങ് നടന്ന കളമശേരി നിയോജകമണ്ഡലത്തിലെ 118-ാം നമ്പര്‍ ബൂത്തില്‍ ആം ആദ്മി പാര്‍ടി ജില്ലാ സെക്രട്ടറിയെയും സഹപ്രവര്‍ത്തകനെയും യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ആം ആദ്മി പാര്‍ടി ജില്ലാ സെക്രട്ടറി രജിത് രാജേന്ദ്രന്‍, ജില്ലാകമ്മിറ്റി അംഗം സജി പി ഊട്ടുപുര എന്നിവരെയാണ് കളമശേരി ഗവ. പോളിടെക്നിക്കിലെ പോളിങ് ബൂത്തിനു മുന്നില്‍ മര്‍ദിച്ചത്. തലയ്ക്കു പരിക്കേറ്റ സജിയെയും ചെവിക്കു പരിക്കേറ്റ രജിത്തിനെയും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എഎപിക്കെതിരെ ബൂത്ത് പരിസരത്ത് ഉയര്‍ത്തിയ ബാനര്‍ പൊലീസ് പൊളിച്ചുനീക്കുന്നതിനിടെ പോളിങ് ബൂത്തിനു പുറത്ത് യുഡിഎഫിന്റെ ബൂത്തിലിരിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രം സജി ഊട്ടുപുര മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമാക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. മര്‍ദനം തടുക്കാന്‍ ചെന്ന പൊലീസുകാരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. യുഡിഎഫ് നേതാക്കള്‍ നോക്കിനില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടി എ അബ്ദുള്‍ സലാം, വൈസ് പ്രസിഡന്റ് ഹസ്സന്‍ പനയപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദനം.

118-ാം ബൂത്തില്‍ റീപോളിങ് നടന്നത് ആം ആദ്മി സ്ഥാനാര്‍ഥി അനിതാ പ്രതാപിന്റെ ആവശ്യപ്രകാരമായിരുന്നു. എന്നാല്‍,തെരഞ്ഞെടുപ്പുസമയത്ത് അവര്‍ ജപ്പാനില്‍ വിനോദയാത്ര നടത്തുകയാണെന്നാണ് പോളിങ് ബൂത്തിനടുത്ത് ഉയര്‍ത്തിയ ബാനറില്‍ എഴുതിയിരുന്നത്. ഇത് അഴിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ആം ആദ്മി ഭാരവാഹി പി ഈശ്വര്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസുകാര്‍ ബാനര്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് സംഘര്‍ഷം. സംഭവത്തില്‍ ആം ആദ്മി പാര്‍ടി കളമശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കലക്ടറും കേന്ദ്ര തെരഞ്ഞെടുപ്പു കമീഷണറും എസിപി നിശാന്തിനിയും ഉള്‍പ്പെടെ വന്‍ പൊലീസ്സന്നാഹവും സ്ഥലത്തെത്തി. സംഘര്‍ഷസ്ഥിതിയില്‍ അയവുവന്നതോടെയാണ് പോളിങ് പുരോഗമിച്ചത്.

deshabhimani

No comments:

Post a Comment