പാലക്കാട്: കിഴക്കഞ്ചേരി വേളാമ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണം. വാര്‍ധക്യത്തിന്റെ അവശതയെ തൂത്തെറിഞ്ഞ് മുഷ്ടിചുരുട്ടി ആവേശത്തിന്റെ അലകടല്‍ തീര്‍ത്ത് ഓടിയെത്തിയ ആ അമ്മയെ ഒരിക്കലും മറക്കാനാവില്ല. ലക്ഷ്മി എന്നായിരുന്നു അവരുടെ പേര്. ഞാന്‍ എത്തിയപ്പോള്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് മുന്നോട്ടുവന്ന് ഉറക്കെ വിളിച്ചു- "ഇങ്ക്വിലാബ് സിന്ദാബാദ്, പി കെ ബിജു സിന്ദാബാദ്". ആ മുദ്രാവാക്യം തറച്ചത് എന്റെ ഇടനെഞ്ചിലായിരുന്നു. വൈദ്യുതി പ്രവഹിച്ചതുപോലുള്ള അനുഭവം. ലക്ഷ്മിക്കൊപ്പം ജനങ്ങളും ഏറ്റുവിളിച്ചു. കൈകള്‍ ചേര്‍ത്തുപിടിച്ച് അവര്‍ പറഞ്ഞു
"ജയിച്ചുകയറും മോനേ, ഒരുസംശയവും വേണ്ട" എന്റെ അമ്മയുടെ അതേ സാമീപ്യമാണ് അപ്പോള്‍ അറിഞ്ഞത്. ആലത്തൂര്‍ ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ബിജു തെരഞ്ഞെടുപ്പിന്റെ ഓര്‍മകളെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സമൂഹത്തോടുള്ള ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഈ പാര്‍ടിയോടും ജനങ്ങളോടുമുള്ള വിശ്വാസം, അതിന്റെ പേരില്‍ ജനങ്ങള്‍ കാണിക്കുന്ന സ്നേഹം, ആത്മാര്‍ഥത. അവയൊക്കെയാണ് തന്റെ ജീവിതത്തിന്റെ മുതല്‍ക്കൂട്ടെന്നും ബിജു പറഞ്ഞു. കടന്നുപോയ വഴികളിലൊക്കെ "പി കെ ബിജു" എന്ന് കുട്ടിക്കൂട്ടം ആര്‍ത്തുവിളിച്ചിരുന്നു. പൂക്കള്‍ തന്നും വലിയ ആളുകളെപ്പോലെ കമന്റടിച്ചും ചിലര്‍ സ്നേഹം കാണിച്ചു. അപ്രതീക്ഷിതമായ പിറന്നാളാഘോഷമായിരുന്നു മറ്റൊരോര്‍മ. ചെറുപ്പത്തില്‍ വീട്ടിലെ ദാരിദ്ര്യംകാരണം പിറന്നാളാഘോഷമൊന്നുമുണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിലെ പിറന്നാളാഘോഷവും അവിസ്മരണീയമായി. ഓട്ടുപാറ മേഖലയിലെ കുന്നത്തുപറമ്പിലെത്തിയപ്പോള്‍ കെപിഎസി ലളിതച്ചേച്ചിയുടെ വീട്ടിലായിരുന്നു പിറന്നാളാഘോഷം. പേരും പിറന്നാളാശംസയും എഴുതിയ കേക്കും മധുരമൂറുന്ന പായസവും ഒരുക്കിവച്ചിരുന്നു ലളിതച്ചേച്ചി. ചിറ്റൂരിന്റെ കിഴക്കന്‍മേഖലയിലെ അതിര്‍ത്തിഗ്രാമങ്ങളിലെ ജനങ്ങള്‍ ആരതിയുഴിഞ്ഞാണ് സ്വീകരിച്ചത്. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ കാത്തുനില്‍ക്കുംപോലെയാണ് പ്രായമായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വഴിയോരങ്ങളില്‍ നിന്നത്. തമിഴ്മേഖലയായ മീനാക്ഷിപുരത്ത് സ്വന്തം തോട്ടത്തിലെ ഇളനീരുമായാണ് നാട്ടുകാരെത്തിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ കിഴക്കന്‍മേഖലയില്‍നിന്ന് നൂറുകണക്കിന് നിവേദനങ്ങള്‍ കിട്ടി. തന്റെ അടുത്ത ലക്ഷ്യം ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണുകയാണ്.
ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധിയിലെ പര്യടനത്തിനിടെ കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ഥി കെ എ ഷീബ കൗണ്‍സിലറായ വാര്‍ഡില്‍നിന്ന് നിവേദനം ലഭിച്ചു. ഇരുപതോളം സ്ത്രീകളാണ് നിവേദനവുമായെത്തിയത്. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ ഉദാഹരണമായിരുന്നു അത്. കൈത്തറിയുടെ നാടായ കുത്താമ്പുള്ളിയില്‍ നാട്ടുകാര്‍ നെയ്തെടുത്ത പൊന്നാടയും കസവുമുണ്ടും സമ്മാനിച്ചായിരുന്നു സ്വീകരണം. അയിനിക്കാട്ടെ സ്വീകരണകേന്ദ്രത്തില്‍ കൊയ്ത്ത് നിര്‍ത്തിവച്ചാണ് തൊഴിലാളികള്‍ കൂട്ടമായി വന്നത്. ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ വകവയ്ക്കാതെ ആയിരങ്ങള്‍ സ്വീകരണകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. ഗ്രാമീണജനതയുടെ ഈ സ്നേഹത്തിനുമുന്നില്‍ കൈകൂപ്പാന്‍ മാത്രമേ സാധിക്കൂ. അവര്‍ക്കൊപ്പം ഇനിയുമുണ്ടാവുമെന്ന് ഉറപ്പും നല്‍കുന്നു- ബിജു പറഞ്ഞു.
deshabhimani
No comments:
Post a Comment