Wednesday, April 23, 2014

മോഡിക്കുവേണ്ടി സദാ പറക്കുന്നത് 3 വിമാനം

അഹമ്മദാബാദ്: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ പ്രചാരണവേദികളില്‍നിന്ന് എല്ലാദിവസവും വീട്ടിലെത്തിക്കാന്‍ രാജ്യത്തിനു തലങ്ങും വിലങ്ങും പറക്കുന്നത് മൂന്നു വിമാനം. ഒരു ജെറ്റ് വിമാനവും രണ്ടു ഹെലികോപ്റ്ററുമാണ് മോഡിക്കുവേണ്ടി സദാ പറക്കുന്നത്. പ്രതിദിനം കോടികളാണ് മോഡിയുടെ യാത്രച്ചെലവ്. ഒറ്റ എന്‍ജിനുള്ള കോപ്റ്റര്‍ ഒരു മണിക്കൂര്‍ പറത്തുന്നതിന് 70,000 രൂപമുതല്‍ 75,000 രൂപവരെയാണ് ചെലവ്. ഇരട്ട എന്‍ജിന്‍ കോപ്റ്ററിന്റെ ചെലവ് മണിക്കൂറില്‍ ഒരു ലക്ഷത്തിനും ഒന്നേകാല്‍ ലക്ഷത്തിനും ഇടയിലാണ്. ജെറ്റ് വിമാനം ഒരു മണിക്കൂര്‍ പറത്താന്‍ മൂന്നു ലക്ഷത്തോളം ചെലവ് വരും.

എല്ലാദിവസവും അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ജെറ്റ്വിമാനത്തിലാണ് മോഡി പ്രചാരണസ്ഥലങ്ങളിലേക്ക് പറക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബരവിമാനം. എത്ര ദൂരെയുള്ള പ്രചാരണകേന്ദ്രമായാലും അന്നന്ന് മോഡി അഹമ്മദാബാദിലെ വീട്ടില്‍ എത്തും. അടുത്തിടെ മോഡിയുടെ വിമാനം ഡല്‍ഹിയില്‍ ഇറക്കാന്‍ ആഭ്യന്തരവ്യോമഗതാഗത വിഭാഗം ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ചെറിയദൂരങ്ങള്‍ പിന്നിടാന്‍ മോഡി ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുതുടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങള്‍ മോഡി സന്ദര്‍ശിച്ചത് കോപ്റ്ററിലായിരുന്നു. ഡിഎല്‍എഫ് ഗ്രൂപ്പിന്റേതാണ് ഈ കോപ്റ്റര്‍. സ്വകാര്യയാത്രകള്‍ക്ക് ബെല്‍412 ഇനത്തില്‍പ്പെട്ട മറ്റൊരു കോപ്റ്ററും മോഡിക്കുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം രാജ്യമെമ്പാടും 150 റാലികളിലെങ്കിലും മോഡി പ്രസംഗിച്ചു. മൊത്തം പിന്നിട്ടത് 2.4 ലക്ഷം കിലോമീറ്റര്‍. അതായത്, പ്രതിദിനം 1100 കിലോമീറ്ററാണ് മോഡിയുടെ സഞ്ചാരം.

deshabhimani

No comments:

Post a Comment