Wednesday, April 23, 2014

സോളാര്‍: ജുഡീഷ്യല്‍ കമീഷന്‍ വിജ്ഞാപനത്തിലും ഒത്തുകളി

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമീഷന്റെ വിജ്ഞാപനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും മറ്റ് ഉന്നതരെയും വെള്ളപൂശുന്നതിനുള്ള ഒത്തുകളിയായി. ചൊവ്വാഴ്ച പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ നല്‍കിയ വിജ്ഞാപനത്തിന്റെ പരസ്യത്തിലാണ് നേരത്തെ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുമ്പോള്‍ നടത്തിയപോലുള്ള കള്ളക്കളികളുടെ തുടര്‍ച്ചയും വ്യക്തമായത്.

സോളാര്‍ തട്ടിപ്പിലൂടെ സര്‍ക്കാര്‍ ഖജനാവിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശം. തട്ടിപ്പില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായി എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അതേസമയം, ഭരണസ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പ്രധാനമായ പരാതി. ഇതിനായി മുഖ്യമന്ത്രിയെയും ഓഫീസിനെയും വരെ ഉപയോഗപ്പെടുത്തിയെന്നും ഇരകള്‍ പരാതിപ്പെട്ടു. എന്നാല്‍, വിജ്ഞാപനത്തില്‍ ഭരണതലത്തിലുള്ള ഈ ഇടപെടലിനെക്കുറിച്ച് ഒന്നും പറയുന്നില്ല. നിയമസഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന പരാതികളിലും ആരോപണങ്ങളിലും എന്തെങ്കിലും തെളിവുണ്ടോ എന്ന ഒഴുക്കന്‍ ചോദ്യമാണ് കമീഷന്‍ ചോദിക്കുന്നത്.

2005 മുതല്‍ പ്രതികള്‍ക്കെതിരായ പരാതികളില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നതാണ് അടുത്ത ചോദ്യം. പരാതികളും ആക്ഷേപങ്ങളും മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇങ്ങനെ പരാതികളും ആക്ഷേപങ്ങളും നല്‍കുന്നവരെ കൊച്ചിയിലേക്ക് സമന്‍സ് അയച്ച് വിളിച്ചു വരുത്തുമെന്നും പറയുന്നുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ 90 ശതമാനവും തിരുവനന്തപുരത്താണ് നടന്നത്. എന്നിട്ടും കമീഷന്‍ സിറ്റിങ് കൊച്ചിയില്‍മാത്രമാണ്്. ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍, ഹൈക്കോടതി ജഡ്ജിയെയോ ജില്ലാ ജഡ്ജിയെയോ പോലും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. ഒടുവില്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ വിരമിച്ച ജഡ്ജിയെ നിയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയെയും ഓഫീസിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നുള്‍പ്പെടെ പ്രതിപക്ഷം രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ ഒന്നുപോലും അംഗീകരിക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി കമീഷന്റെ അന്വേഷണത്തിനുള്ള പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചത്. ഇതനുസരിച്ച് കമീഷന്‍ പുറപ്പെടുവിച്ച പരിഗണനാ വിഷയങ്ങളും സര്‍ക്കാരിന്റെ കള്ളക്കളിയുടെ തുടര്‍ച്ചയാണ്.

മന്ത്രിമാര്‍ക്കെതിരെ കമീഷന് തെളിവ് നല്‍കുമെന്ന് ബിജു

ചേര്‍ത്തല: ടീം സോളാറുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ മന്ത്രിമാര്‍ ഉള്‍പ്പെടെ 16 പേരുടെ വിവരങ്ങള്‍ തെളിവ് സഹിതം ജുഡീഷ്യല്‍ അന്വേഷണ കമീഷന് കൈമാറുമെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചേര്‍ത്തല കോടതിയില്‍ ചെക്ക് കേസിന് ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍.

കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, കെ ബി ഗണേശ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 16 പേരാണ് ടീം സോളാറിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍. ഇവര്‍ തങ്ങളുടെ ജീവിതം തകര്‍ത്തവരാണ്. കേസിലെ പ്രത്യേക അന്വേഷകസംഘത്തിനും പെരുമ്പാവൂര്‍ ഡിവൈഎസ്്പിക്കും വിവരങ്ങളും തെളിവുകളും കൈമാറിയതാണ്. എന്നാല്‍ അവര്‍ എല്ലാം കൈക്കലാക്കി പൂഴ്ത്തി. ഭാര്യ സരിതയുടെ കുഴപ്പങ്ങള്‍ പറഞ്ഞ് മുതലെടുപ്പിനില്ല. എന്നാല്‍ സരിതയ്ക്കും തനിക്കും രണ്ടു നീതിയാണ് നടപ്പാക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും വെള്ളാപ്പള്ളി നടേശനും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സരിത പറഞ്ഞെതെല്ലാം കള്ളമാണ്. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചതിനു പിന്നില്‍ മറ്റെന്തെങ്കിലൂം ലക്ഷ്യം കാണും. ടീം സോളാറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന തനിക്ക് ഇക്കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയും. ഇവര്‍ക്ക് ടീം സോളാറുമായി ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കെ സി വേണുഗോപാലിനെ അനുകൂലിച്ച് സരിത സംസാരിച്ചത് പണം വാങ്ങിയാണെന്ന് ആര്‍ക്കും മനസിലാകും. അടൂര്‍ കോടതിയില്‍ ചില കാര്യങ്ങള്‍ പറഞ്ഞതിനുശേഷം തെരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ പുറത്തിറക്കിയില്ല. മനുഷ്യാവകാശ ലംഘനത്തിനെതിരെ പരാതി നല്‍കും. ശരിയായി അന്വേഷിച്ചാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാകും. അടൂരിലെ ശ്രീധരന്‍ നായരെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്ത എന്നെയാണ് പ്രതിയാക്കിയത്.

അര്‍ത്തുങ്കല്‍ മെറ്റാടെക് എനര്‍ജി സിസ്റ്റംസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ജോണ്‍ തോമസ് സമര്‍പ്പിച്ച ചെക്ക് കേസില്‍ ചൊവ്വാഴ്ച രാവിലെ ചേര്‍ത്തല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടിലാണ് ബിജുവിനെ ഹാജരാക്കിയത്. ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ബിജു പറഞ്ഞുവെങ്കിലും പരിഗണിക്കുന്ന കേസ് സംബന്ധിച്ചാണെങ്കില്‍ ആകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് പരിഗണിക്കുന്നത് മെയ് ആറിലേക്ക് മാറ്റി. കോടതിയില്‍ നിന്ന് ഇറങ്ങിയ ബിജുവിനെ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ബലം പ്രയോഗിച്ചാണ് ജീപ്പില്‍ എത്തിച്ചത്.

deshabhimani

No comments:

Post a Comment