Friday, April 25, 2014

ബംഗാളില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തും: ബുദ്ധദേവ്

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തുമെന്ന് സിപിഐ എം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണി മുന്നേറും. ഇടതുപക്ഷത്തു നിന്ന് അകന്നുപോയ നല്ലൊരു വിഭാഗം തിരിച്ചു വന്നു. സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതിക്ക് 34 വര്‍ഷങ്ങളിലായി ഇടതുമുന്നണി നടപ്പാക്കിയ കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനം എല്ലാ രംഗത്തും പിന്നോട്ടടിച്ചു. ഒരു വ്യവസായംപോലും പുതുതായി കൊണ്ടുവന്നില്ല. പൗരാവകാശവും ജനാധിപത്യസ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെടുന്നു. ഇതിനെല്ലാമെതിരെ ജനം പ്രതികരിക്കുകതന്നെ ചെയ്യുമെന്ന് കൊല്‍ക്കത്ത പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ ബുദ്ധദേവ് പറഞ്ഞു.

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കുകയെന്ന ഒറ്റ അജന്‍ഡയാണ് മമതയ്ക്ക്്. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി കൂട്ടുകൂടാന്‍ മമത മടിക്കില്ല. മുമ്പും ബിജെപിക്കൊപ്പം ചേരുന്ന നിലപാട് മമത സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരിക്കലും മോഡിയെ മമത തള്ളിപ്പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തിന്റെ വിജയം തടയാന്‍&ീമരൗലേ;ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കി. ലക്ഷക്കണക്കിനാളുകളെ കബളിപ്പിച്ച ശാരദ ചിട്ടിതട്ടിപ്പില്‍ പല തൃണമൂല്‍ ഉന്നതര്‍ക്കും പങ്കുള്ളതായി വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല. തെരഞ്ഞെടുപ്പിനു ശേഷം ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ് നരന്ദ്രേമോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നത്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യോഗ്യന്‍ മോഡിയാണെന്ന് അവര്‍ക്കറിയാം. കോണ്‍ഗ്രസിനേക്കാള്‍ നേട്ടം മോഡിയില്‍നിന്ന് ലഭിക്കുമെന്നതിനാലാണ് വന്‍കിട കുത്തകകള്‍ അങ്ങോട്ടു ചായുന്നത്. സീറ്റുധാരണ ഉണ്ടാക്കാനായില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കോണ്‍ഗ്രസ്- ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഇടതുപക്ഷം ആരായുമെന്നും ബുദ്ധദേവ് പറഞ്ഞു.

ഗോപി deshabhimani

No comments:

Post a Comment