Wednesday, April 23, 2014

സുധാകരന്‍ രാഷ്ട്രീയത്തിനു പറ്റാത്ത ക്രിമിനല്‍: പി രാമകൃഷ്ണന്‍

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പാണെന്നും കെ സുധാകരന്റെ ലക്ഷ്യം പണമുണ്ടാക്കലാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍. തന്റെ ആരോപണമല്ല, മറിച്ച് സുധാകരന്റെ പ്രവൃത്തികളാണ് കനത്ത പരാജയത്തിന് ഇടയാക്കുകയെന്നും "റിപ്പോര്‍ട്ടര്‍" ചാനലില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി. പ്രചാരണത്തിന് സഹകരിക്കാത്തതിന്റെ പേരില്‍ സുധാകരന്‍പക്ഷം മുന്‍ ഡിസിസി പ്രസിഡന്റ് രാമകൃഷ്ണനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന് തിരിച്ചടിയായാണ് വെളിപ്പെടുത്തല്‍.

"പണമുണ്ടാക്കാന്‍ വേണ്ടിമാത്രമാണ് സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പലരെയും കൊന്ന് പണമുണ്ടാക്കി. ഇപ്പോഴും പണം വാങ്ങുന്നു. അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്നതും ഇതിനുവേണ്ടിയാണ്. ബിസിനസ് ബന്ധത്തിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിലെത്തിച്ചത്. അബ്ദുള്ളക്കുട്ടിക്കുവേണ്ടി ഒരിക്കല്‍ മുല്ലപ്പള്ളിയെ തോല്‍പ്പിച്ചു. എനിക്ക് ലഭിക്കേണ്ട സീറ്റാണ് അബ്ദുള്ളക്കുട്ടിക്ക് കൊടുത്തത്. ഇത് പേമെന്റ് സീറ്റാണ്. ഇതിന് പ്രതിഫലം പറ്റിയിട്ടുണ്ട്. ഗള്‍ഫിലുള്ള വക്കീല്‍ വഴിയാണ് പണം വാങ്ങിയത്. ഇപ്പോഴും പണം വാങ്ങുന്നതായി അബ്ദുള്ളക്കുട്ടിയുടെ അമ്മാവന്‍ എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശ കറന്‍സി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനികളുണ്ട്. മണല്‍മാഫിയയുമായും നേരിട്ട് ബന്ധമുണ്ട്. എസ്ഡിപിഐയുടെ സഹായത്തോടെയാണ് ഇത്.

നാറാത്തെ തീവ്രവാദ പരിശീലനക്കേസ് മുക്കിയത് സുധാകരനാണ്. ലീഗിനും ഇതറിയാം. രാഷ്ട്രീയപ്രവര്‍ത്തനത്തിന് പറ്റിയ ആളല്ല സുധാകരന്‍. നേതാക്കള്‍ക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവര്‍ക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. അലഞ്ഞുനടന്നു വന്ന റാസ്കലാണ് സുധാകരന്‍. ഭീരുവുമാണ്. തോല്‍ക്കുമെന്ന് ഭീതിയുള്ളതുകൊണ്ടാണ് മത്സരത്തിനില്ലെന്ന് പറഞ്ഞത്. ജയിച്ചതിനുശേഷം എംപി തിരിഞ്ഞുനോക്കാത്ത പ്രദേശങ്ങള്‍ കണ്ണൂരിലുണ്ട്. സുധാകരന്‍ വന്നതിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലാണ് കാസര്‍കോട്, കണ്ണൂര്‍, വടകര മേഖലകളില്‍ കൂടുതല്‍ തോല്‍വിയുണ്ടാകുന്നത്. അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്നത് തെറ്റായിപ്പോയി. അയാള്‍ പാര്‍ടിക്ക് ഭാരമാണ്. കെപിസിസി പ്രസിഡന്റായിരിക്കേ ചെന്നിത്തലയ്ക്ക് സുധാകരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സുധാകരനെതിരെ നടപടിയെടുക്കാനുള്ള ധീരത കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഇല്ല. മാധ്യമങ്ങളില്‍ തനിക്കെതിരെ വാര്‍ത്ത നല്‍കുന്നതും സുധാകരനാണ്- പി രാമകൃഷ്ണന്‍ ചാനലില്‍ വെളിപ്പെടുത്തി. സുധാകരനെതിരെ പരസ്യവിമര്‍ശമുന്നയിച്ചതിന് രാമകൃഷ്ണന് കെപിസിസി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

deshabhimani

No comments:

Post a Comment