Monday, April 21, 2014

സുധീരം അട്ടിമറിച്ചു

സുപ്രിംകോതിയുടെ നിർദേശത്തെത്തുടർന്ന്‌ അടച്ചുപൂട്ടിയ സംസ്ഥാനത്തെ 418 നിയമവിരുദ്ധ ബാറുകൾക്ക്‌ ലൈസൻസ്‌ പുതുക്കി നൽകാനുള്ള എക്‌സൈസ്‌ വകുപ്പിന്റെ ശുപാർശ കോൺഗ്രസിലും യുഡിഎഫിലും പുതിയൊരു മദ്യപ്രതിസന്ധിക്ക്‌ വഴിമരുന്നിടുന്നു.

മാനദണ്ഡങ്ങൾ പാലിക്കാത്ത ഈ ബാർതട്ടുകടകൾക്കു ലൈസൻസ്‌ നൽകരുതെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എക്‌സൈസ്‌ മന്ത്രി കെ ബാബുവിനും നൽകിയ കർശന നിർദേശം ചവറ്റുകൊട്ടയിലെറിഞ്ഞാണ്‌ വിഷമദ്യം വിറ്റഴിക്കുന്ന ഈ ബാറുകൾക്കു ലൈസൻസ്‌ നൽകാനുള്ള തീരുമാനം.

എക്‌സൈസ്‌ വകുപ്പ്‌ ഈ ബാറുകളുടെ മാനദണ്ഡങ്ങളെക്കുറിച്ചു നടത്തുന്ന പരിശോധനയിൽ കള്ളക്കളികളുണ്ടാകുമെന്നതിനാൽ 418 ബാറുകളെക്കുറിച്ചുള്ള അന്വേഷണച്ചുമതല ജില്ലാ കളക്‌ടർമാർക്ക്‌ നൽകണമെന്ന സുധീരന്റെ നിർദേശവും എക്‌സൈസ്‌-നികുതി വകുപ്പുകളുടെ അച്ചുതണ്ട്‌ കാറ്റിൽ പറത്തി.

ഈ നിയമവിരുദ്ധ ബാറുകൾക്ക്‌ സുപ്രിംകോടതി വിധിയും ജസ്റ്റിസ്‌ എം രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടും മറികടന്ന്‌ ലൈസൻസ്‌ നൽകാനുള്ള നീക്കം ഈ മാസം രണ്ടിന്‌ `ജനയുഗ`മാണ്‌ പുറത്തുകൊണ്ടുവന്നത്‌. എല്ലാ കടമ്പകളും തട്ടിത്തകർത്ത്‌ ഈ മാസം തന്നെ ബാർ തട്ടുകടകൾക്ക്‌ ലൈസൻസ്‌ നൽകാനുള്ള ശുപാർശയുണ്ടാകുമെന്ന്‌ പിറ്റേന്നത്തെ `ജനയുഗം` വാർത്തയ്‌ക്കാണ്‌ സ്ഥിരീകരണമായത്‌. ഈ ബാറുകളിലൂടെ സെക്കൻഡ്‌സ്‌ എന്നറിയപ്പെടുന്ന ഗുണനിലവരം കുറഞ്ഞ വിദേശവിഷമദ്യമൊഴുക്കുന്ന പദ്ധതിയുടെ സൂത്രധാരൻ മദ്യകള്ളക്കടത്തുകാരൻ എന്നു കുപ്രസിദ്ധിയാർജിച്ച കർണാടകയിലെ കരുത്തനായ ഒരു മലയാളി മന്ത്രിയാണെന്നും `ജനയുഗം` വെളിപ്പെടുത്തിയിരുന്നു.

500 കോടിയുടെ ഈ വിഷമദ്യ കോഴ ഇടപാടിന്‌ അച്ചാരമായതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ 418 ബാറുകൾക്കും ക്രമവിരുദ്ധമായി മാനദണ്ഡങ്ങൾ ലംഘിച്ച്‌ ലൈസൻസ്‌ നൽകാൻ നീക്കം നടന്നുവെങ്കിലും സുധീരൻ ഉടക്കിയതോടെ നടപടികൾ മരവിപ്പിക്കുകയായിരുന്നു. എങ്കിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ഖജനാവിലേക്ക്‌ കോടികളുടെ കോഴപ്പണമൊഴുക്കി ഇവയിൽപ്പെടാത്ത 313 ബാറുകൾക്ക്‌ ലൈസൻസ്‌ പുതുക്കിനൽകിയതും വൻവിവാദമായി.

മലയാളിയായ കർണാടക മന്ത്രിയുടെ സാന്നിധ്യത്തിൽ എക്‌സൈസ്‌ മന്ത്രാലയത്തിലേയും എക്‌സൈസ്‌ വകുപ്പിലേയും കൊമ്പത്തുള്ളവർ ചേർന്നാണ്‌ 418 നിയമവിരുദ്ധ ബാറുകൾക്ക്‌ ലൈസൻസ്‌ നൽകാൻ കഴിഞ്ഞയാഴ്‌ച എറണാകുളത്തുവെച്ച്‌ ശുപാർശകൾക്ക്‌ അന്തിമരൂപം നൽകിയതെന്ന്‌ എക്‌സൈസ്‌ വകുപ്പിലെ തന്നെ ഉന്നതവൃത്തങ്ങൾ `ജനയുഗ`ത്തോടു വെളിപ്പെടുത്തി. ഈ കർണാടക മന്ത്രി ധനമന്ത്രാലയത്തിലെ ഒരു അത്യുന്നതനുമായും നിയമവിരുദ്ധ ലൈസൻസിന്‌ ടാക്‌സ്‌ സെക്രട്ടറി മുഖേന സുഗമമായ വഴി തുറക്കുന്നതുസംബന്ധിച്ച്‌ കോട്ടയത്ത്‌ ചർച്ചകൾ നടത്തിയതായും ഇതേ കേന്ദ്രങ്ങൾതന്നെ അറിയിച്ചു.

സുധീരനേയും സുപ്രിംകോടതിയേയും ജസ്റ്റിസ്‌ രാമചന്ദ്രൻ കമ്മിഷനേയും സിഎജിയേയും നോക്കുകുത്തികളാക്കി സംസ്ഥാന എക്‌സൈസ്‌-നികുതി വകുപ്പുകളും കർണാടകമന്ത്രിയും കർണാടക മദ്യലോബിയും ചേർന്ന അച്ചുതണ്ട്‌ തയാറാക്കിയ ലൈസൻസിങ്‌ ശുപാർശകൾ ഇന്നു ചേരുന്ന കോൺഗ്രസ്‌ സർക്കാർ ഏകോപനസമിതി യോഗത്തെ പ്രകമ്പനംകൊള്ളിക്കുമെന്നുറപ്പാണ്‌. സുധീരനാണെങ്കിൽ ഈ മദ്യപ്രതിസന്ധിമൂലം കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ അതിജീവനത്തിനുള്ള സന്ധിയില്ലാസമരത്തിനാണ്‌ പടക്കളമൊരുക്കിയിരിക്കുന്നതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

അനുദിനം ദുർബലനായിക്കൊണ്ടിരിക്ക‍ുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചാവേറായ എക്‌സൈസ്‌ മന്ത്രിക്ക്‌ ധനമന്ത്രി കെ എം മാണി യുഡിഎഫ്‌ യോഗത്തിൽ ശക്തമായ പിന്തുണ നൽകും. പക്ഷേ മുസ്‌ലിം ലീഗും മറ്റു ഘടകകക്ഷികളും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും മന്ത്രി ആര്യാടൻ മുഹമ്മദുമടക്കമുള്ളവർ വിഷമദ്യശാലകൾക്ക്‌ ലൈസൻസ്‌ നൽകുന്നത​‍ിനെതിരെ കമ്പോടുകമ്പ്‌ പൊരുതുമെന്നും തീർച്ച. മദ്യം കിട്ടാതെവന്നപ്പോൾ `വിത്ത്‌ഡ്രാവൽസിൻ ഡ്രോം`മൂലം രണ്ടുപേർ ആത്മഹത്യചെയ്‌തതുപോലും ലൈസൻസ്‌ നൽകാനുള്ള ന്യായമായി കണ്ടെത്തിയതിനെ സുധീരനോട്‌ അടുപ്പമുള്ള വൃത്തങ്ങൾ പരിഹസിച്ചതും ശ്രദ്ധേയം.

കെ രംഗനാഥ്‌

418 ബാറുകൾക്ക്‌ അനുമതി നൽകിയേക്കും; കോടികൾ ഒഴുകും

തിരുവനന്തപുരം: കോടികളുടെ അഴിമതിക്ക്‌ കളമൊരുക്കി അടഞ്ഞുകിടക്കുന്ന 418 ബാറുകൾക്ക്‌ ആറുമാസത്തേക്ക്‌ ലൈസൻസ്‌ പുതുക്കി നൽകാൻ ഇന്നു ചേരുന്ന സർക്കാർ-കെപിസിസി ഏകോപന സമിതിയോഗത്തിൽ ധാരണയാകും. ബാറുടമകളുടെ സമ്മർദ്ദത്തിന്‌ വഴങ്ങിയാണ്‌ സർക്കാർ പെട്ടെന്ന്‌ നിലപാട്‌ മാറ്റിയത്‌. ബാറുടമകൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എക്‌സൈസ്‌ മന്ത്രി കെ ബാബുവുമായി നടത്തിയ വീതംവയ്‌പ്പ്‌ ചർച്ചകൾക്കൊടുവിലാണ്‌ ലൈസൻസ്‌ നൽകാനുള്ള അന്തിമ തീരുമാനമായത്‌. പാർട്ടിയുടെ അനുമതിക്കായി ഇന്നു ചേരുന്ന കെപിസിസി ഏകോപന സമിതി മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഇക്കാര്യം അജണ്ടയാക്കും. ഇതോടെ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്റെ എതിർപ്പിനെ മറികടന്ന്‌ ആറുമാസത്തേക്കെങ്കിലും ഈ ബാറുകൾക്ക്‌ പ്രവർത്തനാനുമതി നൽകാനുള്ള നീക്കത്തിനും അന്തിമരൂപം നൽകും.

മദ്യനയം സംബന്ധിച്ച്‌ കോൺഗ്രസിൽത്തന്നെ തർക്കം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിൽ നയപരമായ തീരുമാനമെടുക്കാനാണ്‌ യോഗം ചേരുന്നത്‌. നിലവാരമില്ലാത്ത ബാറുകളുടെ ലൈസൻസ്‌ പുതുക്കി നൽകരുതെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ 418 ബാറുകളുടെ ലൈസൻസ്‌ പുതുക്കി നൽകാത്തത്‌. ഇതിന്റെ തുടർനടപടിയെ കുറിച്ച്‌ റിപ്പോർട്ട്‌ നൽകാൻ എക്‌സൈസ്‌ കമ്മീഷണറോട്‌ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ലൈസൻസ്‌ പുതുക്കി നൽകണമെന്നും ടു സ്റ്റാർ പദവി കൈവരിക്കാൻ ആറുമാസത്തെ കാലാവധി നൽകണമെന്നുമാണ്‌ എക്‌സൈസ്‌ കമ്മിഷണർ സർക്കാരിന്‌ നൽകിയ റിപ്പോർട്ട്‌.

അതേസമയം മദ്യ നയത്തെ കുറിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ്‌ എം രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ സർക്കാരിന്റെ നിലപാടുകൾക്ക്‌ വിരുദ്ധമാണെന്നതും ശ്രദ്ധേയമാണ്‌. നിലവാരമുയർത്തുന്നതുവരെ ബാർ ലൈസൻസ്‌ നൽകരുതെന്ന കമ്മീഷന്റെ ശുപാർശയും അട്ടിമറിക്കപ്പെട്ടു. ശുപാർശകൾ നടപ്പാക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ ഏറെ പൊളിച്ചെഴുത്തുകൾ വേണ്ടിവരുമെന്നാണ്‌ മുഖ്യമന്ത്രിയുടെയും എക്‌സൈസ്‌ മന്ത്രിയുടെയും നിലപാട്‌. ഇതു തന്നെയാണ്‌ നിലവാരമില്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടിയ 418 ബാറുകളുടെയും ലൈസൻസ്‌ പുതുക്കി നൽകണമെന്നതാണ്‌ എക്‌സൈസ്‌ വകുപ്പിന്റെ ശുപാർശയുടെയും അടിസ്ഥാനം. ടൂ സ്റ്റാർ നിലവാരം കൈവരിക്കാൻ ഇവക്ക്‌ ആറുമാസം നൽകണം. മൂന്നാഴ്‌ചയായി ഈ ബാറുകൾ അടച്ചിട്ടിരിക്കുകയാണ്‌. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഇവയുടെ ലൈസൻസ്‌ പുതുക്കാനുള്ള നീക്കം കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്റെ ഇടപെടലിനെ തുടർന്നു മന്ത്രിസഭ ഉപേക്ഷിച്ചിരുന്നു. എന്നാൽ ബാറുകൾ പൂട്ടിയതോടെ 21,000 തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലായെന്നും കണ്ണൂരിലും എറണാകുളത്തും ഓരോ തൊഴിലാളികൾ ആത്മഹത്യ ചെയ്‌തെന്നും ചൂണ്ടിക്കാട്ടിയാണ്‌ എക്‌സൈസ്‌ വകുപ്പ്‌ ഇപ്പോൾ വീണ്ടും അതേ നിർദേശം ഉന്നയിക്കുന്നത്‌.

ലൈസൻസ്‌ പുതുക്കി നൽകുന്നതിനായുള്ള നയപരമായ തീരുമാനം ഉമ്മൻചാണ്ടി സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയായിരുന്നു. ലൈസൻസ്‌ പുതുക്കി നൽകാൻ സർക്കാരിനുമേൽ കടുത്ത സമ്മർദ്ദവുമായി ബാർ ഉടമകൾ തെരഞ്ഞെടുപ്പിനു മുൻപേ രംഗത്തെത്തിയിരുന്നു. ബാർ ഉടമകളെ പ്രതിസന്ധിയിലാക്കി യുഡിഎഫിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക്‌ കോടികളുടെ കള്ളപ്പണം എത്തിക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു സർക്കാരിന്റെ അജണ്ട. ഇതിനായി യുഡിഎഫിലെ ഉന്നത-പ്രാദേശിക നേതാക്കളെ കമ്മിഷൻ തുക കൈപ്പറ്റാൻ ചുമതലപ്പെടുത്തിയതും വരുംദിവസങ്ങളിൽ പുറത്തുവരും. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ലൈസസൻസ്‌ പുതുക്കി നൽകുന്നകാര്യം പരിഗണനയ്‌ക്ക്‌ വന്നെങ്കിലും തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ കണ്ടെത്താനായി കോൺഗ്രസ്‌ നിർദ്ദേശപ്രകാരമുള്ള തീരുമാനം സർക്കാർ-പാർട്ടി ഏകോപന സമിതിക്കുശേഷം ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇതോടെ യുഡിഎഫിന്‌ ബാർ ഉടമകൾ നൽകിയ കോടികളുടെ കോഴപ്പണത്തിന്റെ കണക്കുകളും യോഗത്തിൽ ഉന്നയിക്കും. കെപിസിസി പ്രസിഡന്റ്‌ വി എം സുധീരൻ ഉൾപ്പെടെയുള്ള കോൺഗ്രസിലെ ഒരു വിഭാഗം ബാർ ലൈസൻസ്‌ പുതുക്കരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതും സർക്കാരിന്‌ തലവേദന സൃഷ്‌ടിക്കുന്നുണ്ട്‌.

നയപരമായ തീരുമാനം ഇന്നത്തെ കെ പി സി സി-സർക്കാർ ഏകോപനസമിതിയിലെടുക്കുമെന്ന്‌ മന്ത്രി കെ ബാബു അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭായോഗവും അടുത്ത ബുധനാഴ്‌ച ചേരും. നാളെ തെരഞ്ഞെടുപ്പ്‌ അവലോകനത്തിന്‌ കെപിസിസി നിർവാഹകസമിതിയും 23ന്‌ യുഡിഎഫ്‌ യോഗവും തിരുവനന്തപുരത്ത്‌ ചേരും.

മനോജ്‌ മാധവൻ janayugom

No comments:

Post a Comment