Thursday, April 24, 2014

സാജുവിന്റെ വീടും കാറും തകര്‍ത്തതിന് മുഖ്യമന്ത്രിയുടെ വീട് ആക്രമണവുമായി സാമ്യം

പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്സണ്‍ പെരുവേലിയുടെ നേതൃത്വത്തില്‍ സാജുകുര്യന്റെ വീട് ആക്രമിച്ച സംഭവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടാക്രമണവുമായി സാമ്യം. 2011 ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറിന്റെ പിന്‍വശത്തെ ഗ്ലാസ് കല്ലേറില്‍ തകര്‍ത്തു. വീടിന്റെ ജനാലകള്‍ക്കും കേടുപറ്റിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. സഭാ പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിക്ക് അന്ന് ഉണ്ടായ ക്ഷീണമകറ്റി സഹതാപം ലഭിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസൂത്രണംചെയ്തതാണ് കല്ലേറ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പ്രതികളെ പിടികൂടാതെ കേസ് അവസാനിപ്പിച്ചു. രാത്രി എട്ടോടെയാണ് ഉമ്മന്‍ചാണ്ടിയുടെ വീട് ആക്രമിച്ചത്.

ഞായറാഴ്ച പുതുപ്പള്ളി നാരകത്തോട് കടിയംതുരുത്തേല്‍ സാജുകുര്യന്റെ വീടിനുനേരെ ജയ്സന്റെ നേതൃത്വത്തില്‍ ഉണ്ടായ കല്ലേറില്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന സ്വിഫ്റ്റ്കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ന്നു. വീടിന്റെ ജനാലകളും കല്ലേറില്‍ തകര്‍ന്നു. രാത്രി എട്ടോടെയാണ് ഇവിടെയും കല്ലേറുണ്ടായത്. രണ്ടാക്രമണങ്ങളിലും കാണുന്ന സാമ്യം ഒരേ കേന്ദ്രങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പുതുപ്പള്ളിയിലെ വീടാക്രമണക്കേസില്‍ പൊലീസ് പിടിയിലായ ജെയ്സണ്‍ റിമാന്‍ഡിലാണ്. ഉമ്മന്‍ചാണ്ടിയുടെ വീടാക്രമണം ഞായറാഴ്ച ദിവസം പുതുപ്പള്ളി വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പാവം പയ്യന്റെ നേതൃത്വത്തിലാണ് എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സഭാ തര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കാതോലിക്കാബാവ നിരാഹാരം അനുഷ്ഠിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പുതുപ്പള്ളി പള്ളി ഇടവകക്കാര്‍ മാര്‍ച്ചും നടത്തി. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ വീടിന് കോണ്‍ഗ്രസുകാര്‍ കല്ലേറ് നടത്തിയത്. ജയ്സണ്‍ കോണ്‍ഗ്രസിന്റെ പദയാത്രയ്ക്ക് 1000 രൂപ പിരിവ് മേടിച്ചിരുന്നുവെന്ന് സാജുകുര്യന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് വീണ്ടും 5000 രൂപ ചോദിച്ചു. 500 രൂപ കൊടുക്കാമെന്ന് പറഞ്ഞു. ഇതിലുള്ള പ്രതിഷേധമാണ് വീടാക്രമണത്തിന് പിന്നിലെന്ന് സാജു പറയുന്നു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളിലും ജയ്സന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. സ്വകാര്യബസിന് കല്ലെറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ കണ്ണിന് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയാണ് ജയ്സണ്‍. കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്തതിലും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച നിരവധി കേസുകളിലും പ്രതിയാണ് ജയ്സണ്‍.

deshabhimani

No comments:

Post a Comment