ഹൈക്കോടതി അഭിഭാഷകനായ കെ തവമണി തിങ്കളാഴ്ച വസതിയിലെത്തി തന്നെ കാണുകയും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാലാണ് പിന്മാറുന്നതെന്ന് ജസ്റ്റിസ് രവികുമാര്‍ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കി. കേസില്‍ തന്റെ വിധിന്യായം പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഉത്തരവിനായി അവധിക്കാല കോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി.
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് എറണാകുളം പോളക്കുളം, തൃശൂര്‍ കല്ലട എന്നിവയടക്കം വിവിധ ജില്ലകളിലെ 54 പ്രമുഖ ബാര്‍ ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രില്‍ 11നാണ് ബാര്‍ ഉടമകളുടെ ഹര്‍ജികളില്‍ അന്തിമവാദം പൂര്‍ത്തിയാക്കി കോടതി വിധിപ്രസ്താവനയ്ക്കായി മാറ്റിയത്. വിധിന്യായവും തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് അഡ്വ. കെ തവമണി വീട്ടിലെത്തി കേസിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ ജില്ലയിലെ പെരുമ്പളം സ്വദേശിയായ തവമണി മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. ജസ്റ്റിസ് രവികുമാറിന്റെ പരിഗണനയിലുണ്ടായിരുന്ന ബാര്‍ ലൈസന്‍സ് കേസുകളില്‍ അഭിഭാഷകനായിരുന്നില്ല തവമണി. എന്നാല്‍, സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും ബാര്‍ ലൈസന്‍സ് കേസിനെക്കുറിച്ചു സംസാരിക്കാനല്ല; വസ്തു വാങ്ങുന്നതുസംബന്ധിച്ച കാര്യത്തിനാണ് പോയതെന്നും അഡ്വ. തവമണി അവകാശപ്പെട്ടു.
deshabhimani

No comments:
Post a Comment