Wednesday, April 23, 2014

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഗൗരവതരം: സുപ്രീം കോടതി

പത്മനാഭസ്വാമി ക്ഷേത്രം ഭരണനടത്തിപ്പിലെ വീഴ്ചയും സാമ്പത്തിക അരാജകത്വവും ശുചിത്വമില്ലായ്മയും വ്യക്തമാക്കുന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് പരിഗണിച്ച് സുപ്രീംകോടതി വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. കോടതി അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങള്‍ വ്യക്തമാക്കാന്‍ അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തോട് ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. ഭരണം താല്‍ക്കാലിക സമിതിയെ ഏല്‍പ്പിക്കണമെന്ന അമിക്കസ്ക്യൂറി നിര്‍ദേശത്തെ രാജകുടുംബം കോടതിയില്‍ എതിര്‍ത്തു. അമിക്കസ്ക്യൂറി നിര്‍ദേശിച്ച പേരുകളോട് രാജകുടുംബം വിയോജിച്ചു. ഭരണത്തിന് കഴിവും യോഗ്യതയും രാജകുടുംബാംഗങ്ങള്‍ക്കുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് എഴുത്തുകാരന്റെ ഭാവനാവിലാസംമാത്രമാണെന്ന് വേണുഗോപാല്‍ പരിഹസിച്ചു. സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ഒത്തുകളിയുണ്ടെന്ന റിപ്പോര്‍ട്ടിലെ ആക്ഷേപം ശരിയല്ലെന്ന് സംസ്ഥാന സര്‍ക്കാരിനായി ഹാജരായ എ വി വിശ്വനാഥന്‍ പറഞ്ഞു. ഭരണസമിതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ അമിക്കസ്ക്യൂറിയെ വ്യക്തിപരമായി ഇകഴ്ത്താനുള്ള കെ കെ വേണുഗോപാലിന്റെ ശ്രമം കോടതി വിലക്കി. അമിക്കസ്ക്യൂറി കോടതിയുടെ പ്രതിനിധിയാണെന്നും അദ്ദേഹത്തിനെതിരെ വിരലുയര്‍ത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് കോടതിമുമ്പാകെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും ലോധ പറഞ്ഞു. അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ അടുത്ത ദിവസം അരമണിക്കൂര്‍ അനുവദിക്കാമെന്നും ലോധ അറിയിച്ചു. ബുധനാഴ്ച കേസ് പരിഗണിക്കവെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്ഷേത്രനടത്തിപ്പ് പരിതാപകരമാണെന്നും സാമ്പത്തികകാര്യങ്ങളില്‍ സുതാര്യതയില്ലെന്നും അദ്ദേഹം ഉദാഹരണസഹിതം സമര്‍ഥിച്ചു.

കോടതി അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളും അമിക്കസ്ക്യൂറി അറിയിച്ചു.

1- എ മുതല്‍ എച്ച് വരെയുള്ള നിലവറകള്‍, മുതല്‍പ്പടി മുറികള്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ മുദ്രവച്ച് താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കുക.
2- ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ അടിയന്തരമായി ഓഡിറ്റ് ചെയ്യുക. മുന്‍ സിഎജി വിനോദ്റായിയെപ്പോലുള്ള വിശ്വസനീയ വ്യക്തിയെ ഈ ഉത്തരവാദിത്തം ഏല്‍പ്പിക്കുക.
3- കാണിക്ക മൂന്നുദിവസം കൂടുമ്പോഴെങ്കിലും ജുഡീഷ്യല്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തുക.
4- പൂജകള്‍ക്കും ഉത്സവങ്ങള്‍ക്കും മറ്റുമുള്ള ഉപയോഗത്തിനായി എടുക്കുന്ന വിലപിടിപ്പുള്ള പാത്രങ്ങളും മറ്റ് വസ്തുവകകളും കൃത്യമായി എണ്ണി തിട്ടപ്പെടുത്തുകയും അക്കമിട്ട് സൂക്ഷിക്കുകയും ചെയ്യുക.
5- അന്യാധീനമായ പണ്ടാരവക (ക്ഷേത്രം വക) ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുക.
6- മലിനമായ മിത്രാനന്ദ കുളവും പത്മതീര്‍ത്ഥ കുളവും ശുചിയാക്കുക.
7- ക്ഷേത്രം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുക.
8- പുറംപണി കരാറില്‍ വിട്ടുകൊടുത്തിരിക്കുന്ന പായസം, അപ്പം എന്നിവ ക്ഷേത്രത്തിലെ വഴിപാടുവസ്തുക്കളെന്ന പേരില്‍ വില്‍ക്കുന്നത് വിലക്കുക.
9- പ്രധാന വിഗ്രഹത്തിന് ഉള്‍പ്പെടെ കേടുപാടുകള്‍ പരിഹരിച്ച് ശക്തിപ്പെടുത്തുക.
10- നൈവേദ്യവും മറ്റും ശുചിയായി തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കുക. 11- ക്ഷേത്രം പൂര്‍ണമായും ശുചിയാക്കുക.
12- ക്ഷേത്രത്തിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്ക് ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുക.

എം പ്രശാന്ത് ദേശാഭിമാനി

No comments:

Post a Comment