കൊല്‍ക്കത്ത: സിപിഐ എമ്മിനെ ഊരുവിലക്കിയ നന്ദിഗ്രാമില്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ചെങ്കൊടി പാറി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ നന്ദിഗ്രാമില്‍ ചെങ്കൊടിയേന്തി താംലുക്ക് ലോക്സഭാ സീറ്റിലെ സിപിഐ എം സ്ഥാനാര്‍ഥി ഷേഖ് ഇബ്രാഹിമിനെ ആനയിച്ച് പര്യടനം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം റൊബിന്‍ ദേബ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണപരിപാടി. ഗ്രാമങ്ങള്‍തോറും ഊഷ്മളവരവേല്‍പ്പാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ദിവസം മുഴുവന്‍ നീണ്ട പര്യടനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ തെരുവുയോഗങ്ങള്‍ നടത്തി. സ്ത്രീകളുള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ എത്തിയത്.
സിപിഐ എമ്മിനെ നന്ദിഗ്രാമില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന തൃണമൂല്‍ഭീഷണി വകവയ്ക്കാതെയാണ് ജനത ചെങ്കൊടിയുമായി അണിനിരന്നത്. അഞ്ചുവര്‍ഷംമുമ്പ് ഭൂമി ഏറ്റെടുക്കല്‍വിരുദ്ധസമരത്തിന്റെ പേരില്‍ മമത ബാനര്‍ജിയും തൃണമൂലും നന്ദിഗ്രാമില്‍ അഴിച്ചുവിട്ട കലാപത്തെതുടര്‍ന്ന് ഇവിടെ സിപിഐ എം പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. നിരവധി പാര്‍ടിപ്രവര്‍ത്തകരെ തൃണമൂല്‍ അക്രമികള്‍ കൊന്നൊടുക്കി. നൂറുകണക്കിന് പ്രവര്‍ത്തകരെ അടിച്ചോടിച്ചു. നേതാക്കളുള്‍പ്പെടെ പലരുടെയും പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്തു. പാര്‍ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും കൈയേറുകയുമുണ്ടായി.
2011ല്‍ ബംഗാളില്‍ മമത അധികാരത്തില്‍ വന്നതോടെ അക്രമം ഇരട്ടിയായി. അക്രമം സഹിച്ചും വന്‍തുക കപ്പംനല്‍കിയും പല പാര്‍ടികുടുംബങ്ങള്‍ക്കും നിശബ്ദരായി കഴിയേണ്ടിവന്നു. സഹികെട്ട ജനത ഭീഷണി ചെറുത്താണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കള്ളപ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ജനത സത്യം മനസ്സിലാക്കിത്തുടങ്ങിയെന്ന് റൊബിന്‍ ദേബ് പറഞ്ഞു. നന്ദിഗ്രാമിനെക്കുറിച്ച് പ്രചരിപ്പിച്ചതെല്ലാം കെട്ടുകഥയായിരുന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ വെളിവായിരുന്നു. കലാപത്തില്‍ വീടുവിട്ട് ഓടിപ്പോയവര്‍ തിരികെ എത്തിത്തുടങ്ങി. നീതിപൂര്‍വം തെരഞ്ഞെടുപ്പ് നടന്നാല്‍ നന്ദിഗ്രാമില്‍ ഇടതുമുന്നണി കരുത്തുതെളിയിക്കുമെന്നതിന് തെളിവാണ് പ്രചാരണത്തിലെ ജനപങ്കാളിത്തം. തൃണമൂല്‍ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോഴും നന്ദിഗ്രാമില്‍ പുതുതായി ഒരു വികസനവും എത്തിയിട്ടില്ല. അക്രമത്തില്‍ നശിപ്പിക്കപ്പെട്ട പൊതുസ്ഥാപനങ്ങളും റോഡുകളും പാലങ്ങളും നന്നാക്കുകയോ പുതുക്കിപ്പണിയുകയോ ഉണ്ടായിട്ടില്ല.
ഗോപി deshabhimani
No comments:
Post a Comment