Wednesday, April 23, 2014

വര്‍ഗീയവിഷം ഒഴുക്കി ബിജെപി

ബിജെപി തീവ്രഹിന്ദുത്വ പ്രചാരണം പൂര്‍വാധികം ശക്തമാക്കുന്നു. വികസനത്തിന്റെ പേരില്‍ നരേന്ദ്രമോഡി പരസ്യമായി വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ പല മണ്ഡലങ്ങളിലും കടുത്ത വര്‍ഗീയത പ്രചരിപ്പിച്ച് വര്‍ഗീയധ്രുവീകരണം ശക്തമാക്കുകയാണ് ബിജെപി. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി അമിത് ഷായും നവാഡ സ്ഥാനാര്‍ഥി ഗിരിരാജ്സിങ്ങും വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയും നടത്തിയ വിദ്വേഷമുളവാക്കുന്ന പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണ്. ഗുജറാത്ത് വികസനമാതൃക ഉയര്‍ത്തിയാണ് നരേന്ദ്രമോഡി പ്രധാനമന്ത്രിയാകാന്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. വിവാദവിഷയങ്ങള്‍ പറയാതിരിക്കാനും മോഡി പരമാവധി ശ്രദ്ധിക്കുന്നു. ഇതുകൊണ്ടുമാത്രം ജയിച്ചുകയറുക വിഷമമാണെന്ന് തിരിച്ചറിഞ്ഞാണ് വര്‍ഗീയവിഷം തുപ്പുന്ന പ്രചാരണത്തെ ബിജെപി കൂട്ടുപിടിക്കുന്നത്. തെരഞ്ഞെടുപ്പു കമീഷനാകട്ടെ വര്‍ഗീയപ്രചാരണം തടയുന്നതിന് ശക്തമായ നടപടി എടുത്തിട്ടുമില്ല.

അമിത്ഷായാണ് ആദ്യം രംഗത്തെത്തിയത്. മുസഫര്‍നഗര്‍ കലാപത്തിന് വോട്ടിലൂടെ തിരിച്ചടി നല്‍കണമെന്നായിരുന്നു ഷായുടെ ആഹ്വാനം. അമിത്ഷാ ഒരാഴ്ച തെരഞ്ഞെടുപ്പു പരിപാടികളില്‍ പങ്കെടുക്കുന്നത് തെരഞ്ഞെടുപ്പു കമീഷന്‍ വിലക്കി. ഇതില്‍ നടപടി ഒതുങ്ങി. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പ്രചാരണച്ചുമതലയില്‍ അമിത് ഷാ എത്തിയശേഷമാണ് സംസ്ഥാനത്ത് വര്‍ഗീയസ്പര്‍ധ രൂക്ഷമായത്. ബിഹാറിലെ നവാഡയിലെ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിങ് ജാര്‍ഖണ്ഡില്‍ നടത്തിയ പ്രസംഗത്തില്‍ മോഡിയെ എതിര്‍ക്കുന്നവരുടെ ഇടം പാകിസ്ഥാനിലാണെന്നു പറഞ്ഞു. പാകിസ്ഥാനിലേക്ക്് നോക്കുന്നവരാണ് മോഡിയെ വിമര്‍ശിക്കുന്നത്. മോഡി വന്നാല്‍ അവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകേണ്ടി വരും- ഗരിരാജ് സിങ് പറഞ്ഞു. ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു അഹന്തയോടയുള്ള പ്രതികരണം. തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശപ്രകാരം മോഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ചെയ്തിട്ടുണ്ടെങ്കിലും മറ്റു നടപടികൊളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. "സബ്കേ സാഥ് സബ്കാ വികാസ്" എന്ന ബിജെപിയുടെ മുദ്രാവാക്യം വെറും പൊള്ളയാണെന്ന് ഗിരിരാജിന്റെ പ്രസംഗം വ്യക്തമാക്കുന്നു.

ഹിന്ദുമേഖലയില്‍ മുസ്ലിങ്ങള്‍ക്ക് ഭൂമിയോ വീടോ നല്‍കരുതെന്നാണ് ഗുജറാത്തില്‍ വിഎച്ച്പി നേതാവ് തൊഗാഡിയ പ്രസംഗിച്ചത്. ഭാവ്നഗറിലെ മേഘാനി സര്‍ക്കിളില്‍ മുസ്ലിംവ്യാപാരി വീട് വാങ്ങിയതാണ് തൊഗാഡിയയെ പ്രകോപിപ്പിച്ചത്. 48 മണിക്കൂറിനകം വീട് ഉപേക്ഷിച്ച് പോകാത്തപക്ഷം അദ്ദേഹത്തെ തുപ്പി പുറത്താക്കണമെന്നും തൊഗാഡിയ ആഹ്വാനംചെയ്തു. 2002ലെ വംശഹത്യക്ക് മോഡിയുടെ വലംകൈയായിരുന്ന തൊഗാഡിയയുടെ വെല്ലുവിളി മോഡിയുടെയും ബിജെപിയുടെയും യഥാര്‍ഥമുഖം വ്യക്തമാക്കുന്നു. രാജ്യത്തെ പൗരന്മാരെ ആട്ടിപ്പായിക്കണമെന്നു പറഞ്ഞിട്ടും തെരഞ്ഞെടുപ്പു കമീഷന്‍ നടപടി എഫ്ഐആറില്‍ ഒതുക്കി. പ്രസ്താവന തള്ളിപ്പറയാന്‍ മോഡി തയ്യാറായില്ല. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തരുതെന്നുമാത്രമാണ് മോഡി പ്രതികരിച്ചത്.

വി ബി പരമേശ്വരന്‍

ഇപ്പോഴേ.. അലക്സാണ്ടര്‍...

പട്നയില്‍ നടന്ന റാലിയില്‍ ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡി സ്വയം അലക്സാണ്ടര്‍ ദ ഗ്രേറ്റിനോടാണ് ഉപമിച്ചത്. അലക്സാണ്ടറെപ്പോലെ വിജയിച്ച് വിജയിച്ച് മുന്നേറുകയാണ് താനെന്ന് അദ്ദേഹം പറഞ്ഞു. അലക്സാണ്ടര്‍ തന്റെ ജൈത്രയാത്രയില്‍ ബിഹാറിലെത്തിയിരുന്നുവെന്ന് പുരാവൃത്തം. എന്നാല്‍, പുരാവൃത്തത്തില്‍ കഥ അവിടെ തീരുന്നില്ല. ഇന്ത്യയിലെത്തിയ അലക്സാണ്ടര്‍ പിന്നീട് ലോകം പിടിച്ചെടുക്കല്‍ദൗത്യവുമായി നീങ്ങിയില്ല. സൈന്യത്തെ പിരിച്ചുവിട്ട് മാസിഡോണിയയിലേക്ക് മടങ്ങി. ജൈത്രയാത്ര അങ്ങനെ സമാപിച്ചു. മോഡിയും അലക്സാണ്ടറും ഒരുപോലെയാകണമെങ്കില്‍ അലക്സാണ്ടറെപ്പോലെ മോഡിയും ഒപ്പമുള്ളവരെ പിരിച്ചുവിട്ട് വീട്ടിലേക്ക് പോകണം. ആ നിലയ്ക്ക് പ്രവചനാത്മകമാകുമോ നരേന്ദ്രമോഡിയുടെ വാക്കുകള്‍?

സ്ഥാനാര്‍ഥികളെ വേണോ..സ്ഥാനാര്‍ഥികള്‍

ബിജെപിക്ക് സ്ഥാനാര്‍ഥികളെ ദാനംചെയ്യുന്ന പാര്‍ടി എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വിശേഷണം. ഭിന്‍ഡിലെ ബിജെപിയുടെ ഭഗീരഥ് പ്രസാദ്, ആന്ധ്രയിലെ മുന്‍ കേന്ദ്രമന്ത്രി ഡി പുരന്ദേശ്വരി, ഗുഡ്ഗാവിലെ എംപിയായിരുന്ന ഇന്ദര്‍ജിത് സിദ്ധ, ഗുജറാത്തിലെ സുരേന്ദ്രരാജ്പുട്, ഹരിയാനയിലെ വിനോദ്ശര്‍മ എന്നുവേണ്ട അരുണാചല്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രി ഗഗോങ് അപാങ് വരെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയാണ്. എല്ലാവരും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായിരുന്നു ഇന്നലെവരെ.

deshabhimani

No comments:

Post a Comment