Thursday, April 24, 2014

കോടതിയില്‍ സര്‍ക്കാരും രാജകുടുംബവും കൈകോര്‍ത്തു

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ വീണ്ടും വ്യക്തമായത് സംസ്ഥാന സര്‍ക്കാരും രാജകുടുംബവുമായുള്ള ഒത്തുകളി. കേസ് ബുധനാഴ്ച പരിഗണിക്കവെ ക്ഷേത്രനടത്തിപ്പിനെ നിശിതമായി വിമര്‍ശിച്ച അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ ആക്രമിക്കാന്‍ സര്‍ക്കാരും രാജകുടുംബവും കൈകോര്‍ത്തു. അമിക്കസ്ക്യൂറിക്ക് വ്യക്തിപരമായ താല്‍പ്പര്യങ്ങളുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍, ഇത് കോടതി വിമര്‍ശിച്ചു. കോടതിയുടെ പ്രതിനിധിയാണ് അമിക്കസ്ക്യൂറിയെന്നും ഈ ഘട്ടത്തില്‍ അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാന്‍ അനുവദിക്കില്ലെന്നും രാജകുടുംബത്തിനും സര്‍ക്കാരിനും താക്കീതായി കോടതി പറഞ്ഞു.

അമിക്കസ്ക്യൂറിയുടെ കണ്ടെത്തലുകളില്‍ പലതും ഗൗരവമുള്ളതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കോടതി പറഞ്ഞു. നിലപാടുകളില്‍ ഉറച്ചുനിന്ന് ശക്തമായാണ് ഗോപാല്‍ സുബ്രഹ്മണ്യം വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. രാജകുടുംബത്തിന്റെ അഭിഭാഷകന്‍ കെ കെ വേണുഗോപാലും സര്‍ക്കാര്‍ അഭിഭാഷകന്‍ എ വി വിശ്വനാഥനും പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വന്‍ നിധിശേഖരമുള്ളതും വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതുമായ കല്ലറകള്‍ ഭദ്രമായി മുദ്രവച്ച് പൂട്ടി താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. താക്കോലുകള്‍ ഭദ്രമായ കരങ്ങളില്‍ ആണോയെന്നത് സംശയകരമാണ്. കല്ലറകളിലെ പല പെട്ടികളും തുറന്ന നിലയിലാണ്. വഴിപാട് സ്വര്‍ണവും വെള്ളിയും സംബന്ധിച്ച് കഴിഞ്ഞ മുപ്പതുവര്‍ഷമായി ഒരു കണക്കുമില്ല. കാണിക്ക കൃത്യമായ ഇടവേളകളില്‍ തുറന്ന് എണ്ണിതിട്ടപ്പെടുത്തുന്ന പതിവില്ല. കാണിക്കവഞ്ചിക്ക് കനംവയ്ക്കുമ്പോള്‍ തുറക്കുക എന്നതാണ് പതിവെന്ന് ഭാരവാഹികള്‍ പറയുന്നു. 45 ദിവസത്തില്‍ ഒരിക്കല്‍ തുറക്കുമെന്ന് പറയുമെങ്കിലും ഇതും പാലിക്കാറില്ല. എണ്ണിതിട്ടപ്പെടുത്തല്‍ സുതാര്യമല്ല. ക്ഷേത്രത്തിന് വരുമാനമില്ലെന്നാണ് ഭാരവാഹികളുടെ ആവലാതി. അതുകൊണ്ട് പുനരുദ്ധാരണം നടത്താനാകുന്നില്ലെന്നാണ് വാദം. എന്നാല്‍, ഫെബ്രുവരി- മാര്‍ച്ച് കാലയളവില്‍ മാത്രം 1.29 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന യന്ത്രം മഞ്ഞത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ മൂലവിഗ്രഹംപോലും കേടുവന്ന നിലയിലാണ്. ഈ നിലയില്‍ പോയാല്‍ ആറുവര്‍ഷത്തിന് അപ്പുറം വിഗ്രഹം നില്‍ക്കില്ല. തന്ത്രിമാര്‍ ഭരണസമിതിയെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രധാനവിഗ്രഹത്തിന്റെ രണ്ടുകിലോയോളം വരുന്ന ഭാഗങ്ങള്‍ ചാക്കില്‍ പൊതിഞ്ഞ് കണ്ടെത്തി. 14 ബാങ്കിലായി 34 അക്കൗണ്ടാണ് ക്ഷേത്രത്തിനുള്ളത്. എന്തുകൊണ്ട് ഇത്രയധികം അക്കൗണ്ടുകള്‍ എന്നതിന് വിശദീകരണമില്ല. തീര്‍ഥക്കുളങ്ങള്‍ ശുചീകരിക്കണമെന്നത് പാലിച്ചില്ല. ആദ്യം 65 ലക്ഷത്തിന് കൊടുത്ത കരാര്‍ സര്‍ക്കാര്‍ പിന്നീട് 90 ലക്ഷത്തിനാക്കി.

ആത്മാര്‍ഥതമില്ലായ്മ ബോധ്യപ്പെട്ടതിനാല്‍ തിരുപ്പതിയിലെ ക്ഷേത്രക്കുളം ശുചീകരിച്ച പ്രസാദിനെ സ്വന്തം ചെലവില്‍ താന്‍ കൊണ്ടുവന്നു. അദ്ദേഹം ശുചീകരണം ഏറ്റെടുത്തിട്ടുണ്ട്- ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍, ശുചീകരണത്തിന് നടപടി സ്വീകരിച്ചുവരികയാണെന്ന് സര്‍ക്കാര്‍ വാദിച്ചു. കുളം വൃത്തിയാക്കല്‍ വിഷയം ഉയര്‍ത്തി സര്‍ക്കാരും ഭരണസമിതിയും ഒത്തുകളിക്കുകയാണെന്ന് ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇക്കാര്യത്തില്‍ നിയമാനുസൃതമായ ടെന്‍ഡര്‍ നടപടികളിലൂടെയേ സര്‍ക്കാരിന് പോകാനാകൂ- സര്‍ക്കാര്‍ പറഞ്ഞു. താല്‍ക്കാലിക ഭരണസമിതിയിലേക്ക് അമിക്കസ്ക്യൂറി നിര്‍ദേശിച്ച സച്ചിദാനന്ദന്‍ കൊച്ചി ദേവസ്വം കമീഷണറായിരിക്കെ വിജിലന്‍സ് അന്വേഷണം നേരിട്ട വ്യക്തിയാണെന്ന് കെ കെ വേണുഗോപാല്‍ വാദിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറായി നിര്‍ദേശിച്ച ഗൗതം പത്മനാഭന്‍ കഴിഞ്ഞ ഒമ്പതുമാസമായി ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. താല്‍ക്കാലിക ഭരണസമിതിയെന്ന നിര്‍ദേശത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാനും രാജകുടുംബം ആലോചിക്കുന്നുണ്ട്.

deshabhimani

No comments:

Post a Comment