Wednesday, April 30, 2014

ഗ്രാമക്കൂട്ടായ്മയില്‍ പോസ്റ്റല്‍ വകുപ്പിന് ലഭിച്ചത് അഞ്ചുലക്ഷം രൂപയുടെ സുന്ദര സൗധം

ബത്തേരി: ഗ്രാമവാസികളുടെ സ്നേഹോപഹാരമായി വാളവയലില്‍ പോസ്റ്റോഫീസിന് സ്വന്തമായുള്ള കെട്ടിടം. പൂതാടി പഞ്ചായത്തിലെ വാളവയല്‍ പോസ്റ്റ് ഓഫീസ്് 30 കൊല്ലം മുമ്പാണ് ആരംഭിച്ചത്. പരിമിതമായ സൗകര്യം മാത്രമാണ് ഓഫീസിനുണ്ടായിരുന്നത്. ലാന്റ്ഫോണും മൊബൈലും വ്യാപകമാവുകയും ചെയ്തതോടെ കത്തുകളുടെ എണ്ണം കുറഞ്ഞെങ്കിലും വിവിധ ക്ഷേമപെന്‍ഷന്‍ തുകകളുടെ വിതരണം പോസ്റ്റ്ഓഫീസ് മുഖേനയായതിനാല്‍ വൃദ്ധജനങ്ങളുടെ ആശ്രയകേന്ദ്രമായി പോസ്റ്റ് ഓഫീസുകള്‍ മാറി. പരിമിത സൗകര്യം മാത്രമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാളവയല്‍ പോസ്റ്റ് ഓഫീസില്‍ എത്തുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഇത് ഏറെ പ്രയാസമുണ്ടാക്കി. അസൗകര്യമില്ലായ്മ കൊണ്ട് മാത്രം പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടല്‍ ഭീഷണിയും നേരിട്ടു. ഇത് തിരിച്ചറിഞ്ഞ നാട്ടുകാര്‍ തങ്ങളെ 30 കൊല്ലം സേവിച്ച പോസ്റ്റ് ഓഫീസിന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനുമായി മുന്നിട്ടിറങ്ങിയതിന്റെ ഫലമായാണ് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മനോഹര കെട്ടിടം പോസ്റ്റ് ഓഫീസിന് സ്വന്തമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയോ ജനപ്രതിനിധികളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ യാതൊരു സഹായവും സ്വീകരിക്കാതെയാണ് നാട്ടുകാരുടെ സംഭാവനയും ശ്രമദാനവും കൊണ്ടുമാത്രം വാളവയലുകാര്‍ കെട്ടിടം നിര്‍മിച്ചത്.

അടിച്ചാനാന്‍ ഗോപാലന്‍ എന്നയാളാണ് പൊതു ആവശ്യത്തിനായി തന്റെ അഞ്ചു സെന്റ് സ്ഥലം കൈമാറിയത്. ഇതില്‍ രണ്ടര സെന്റ് സ്ഥലത്താണ് പോസ്റ്റ് ഓഫീസ് നിര്‍മിച്ചത്. എടക്കുളത്തില്‍ ഗോപാലന്‍ ആദ്യകാല വോളി താരം തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാമീണര്‍ ഈ മാതൃകാ സ്ഥാപനം കെട്ടിപ്പൊക്കിയത്.തൊഴിലാളി ദിനമായ മെയ് ഒന്നിന് പോസ്റ്റല്‍ വകുപ്പിന് കൈമാറും. വ്യാഴാഴ്ച പകല്‍ രണ്ടിന് വാളവയലില്‍ ചേരുന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്യും. എസ്എല്‍എല്‍സി ഉന്നതവിജയം നേടിയ വാളവയല്‍ ഗവ. ഹൈസ്കൂളിലെ 47 വിദ്യാര്‍ഥികളെ ആദരിക്കും. ബൈക്കു റാലിയും ഉണ്ടാകും. കെ എന്‍ രമേശന്‍, ജനറല്‍ കണ്‍വീനര്‍ എം കെ ശ്രീനിവാസന്‍, ട്രഷറര്‍ വാളവയല്‍ തങ്കച്ചന്‍, തങ്കപ്പന്‍ വാകയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടത്തു.

deshabhimani

No comments:

Post a Comment