Thursday, April 24, 2014

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതി

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയ്ക്കാണ് ക്ഷേത്രത്തിന്റെ താല്‍ക്കാലിക ഭരണച്ചുമതല. ക്ഷേത്രം തന്ത്രിയും നമ്പിയും സമിതി അംഗങ്ങളാണ്. മറ്റ് രണ്ട് പേരെ സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനും നിര്‍ദ്ദേശിയ്ക്കാം. ഇവരെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ജില്ലാ ജഡ്ജിയായിരിക്കും.

ക്ഷേത്രത്തിന്റെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ ജില്ലയിലെ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജിയ്ക്ക് ചുമതല നല്‍കാം. ക്ഷേത്രത്തിലെ വരവ് ചെലവ് കണക്കുകള്‍ മുന്‍ സിഎജി വിനോദ് റോയി പരിശോധിക്കണമെന്ന അമിക്കസ് ക്യൂറി നിര്‍ദ്ദേശവും കോടതി അംഗീകരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി സതീഷ് കുമാര്‍ ഐഎഎസിനെ നിയമിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ജില്ലാ ജഡ്ജിയുടെ സാനിധ്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കാണിക്കയുടെ കണക്കെടുക്കണം. ക്ഷേത്രകുളം അടിയന്തരമായി ശുചീകരിക്കണം. ഇതിനായി പുതിയ ഭരണസമിതി നടപടിയെടുക്കണം. ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ അടിയന്തരമായി ഓഡിറ്റ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്യാധീനമായ പണ്ടാരവക (ക്ഷേത്രം വക) ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. ക്ഷേത്രത്തിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്ക് ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പുതിയ ഭരണസമിതിയ ഭരണനടത്തിപ്പിലെ വീഴ്ചയും സാമ്പത്തിക അരാജകത്വവും ശുചിത്വമില്ലായ്മയും വ്യക്തമാക്കുന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭരണം താല്‍ക്കാലിക സമിതിയെ ഏല്‍പ്പിക്കണമെന്ന അമിക്കസ്ക്യൂറി നിര്‍ദേശത്തെ രാജകുടുംബം കോടതിയില്‍ എതിര്‍ത്തിരുന്നു. അമിക്കസ്ക്യൂറി നിര്‍ദേശിച്ച പേരുകളോട് രാജകുടുംബം വിയോജിച്ചു. ഭരണത്തിന് കഴിവും യോഗ്യതയും രാജകുടുംബാംഗങ്ങള്‍ക്കുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് എഴുത്തുകാരന്റെ ഭാവനാവിലാസംമാത്രമാണെന്ന് വേണുഗോപാല്‍ പരിഹസിച്ചു. സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ഒത്തുകളിയുണ്ടെന്ന റിപ്പോര്‍ട്ടിലെ ആക്ഷേപം ശരിയല്ലെന്ന് സംസ്ഥാന സര്‍ക്കാരിനായി ഹാജരായ എ വി വിശ്വനാഥന്‍ പറഞ്ഞു.

കോടതിവിധി രാജകുടുംബത്തിനും സര്‍ക്കാരിനുമേറ്റ കനത്ത പ്രഹരം: വിഎസ്

തിരു: പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ അഞ്ചംഗ ഭരണസമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധി ഞാന്‍ സ്വാഗം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ക്ഷേത്രസ്വത്ത് കൊള്ളയടിച്ച തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിനും, അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുത്ത സംസ്ഥാന സര്‍ക്കാരിനും ഏറ്റ കനത്ത പ്രഹരമാണ് ഈ വിധി.

ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതി രൂപീകരിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഭരണസമിതി എക്സിക്യൂട്ടീവ് ഓഫീസറായി ഗുരുവായൂര്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ സതീഷ്കുമാറിനെയും ചുമതലപ്പെടുത്തി യിരിക്കുകയാണ്. ഇതിനൊപ്പം ക്ഷേത്രത്തിന്റെ 25 വര്‍ഷത്തെ കണക്കുകള്‍ മുന്‍ സിഎജി വിനോദ് റോയിയെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്.

അമികസ്ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ശരിവെച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. അമിക്കസ്ക്യൂറിയ്ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച സര്‍ക്കാരും മുന്‍ രാജകുടുംബവും ജനങ്ങളോട് മാപ്പ് പറയണം.

ഈ വിധി "കോര്‍ട്ട്മെയ്ഡ് ലോ" ആണ്. സര്‍ക്കാര്‍ പരാജയപ്പെടതുകൊണ്ടാണ് കോടതി ഇപ്രകാരം ഒരു നിയമം ഉണ്ടാക്കിത്. ജനാധിപത്യത്തിലെ ഏറ്റവും ലജ്ജാകരമായ സ്ഥിതിയാണിത്. ഇതുണ്ടാക്കിയതും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കള്ളക്കളികളുമാണ്.

deshabhimani

No comments:

Post a Comment