Friday, April 25, 2014

പ്രഹരമേറ്റത് സര്‍ക്കാരിന്റെ രാജഭക്തിക്ക്

രാജകുടുംബം പുറത്ത്, ഭരണത്തിന് പ്രത്യേക സമിതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണനിയന്ത്രണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് നഷ്ടമായി. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ താല്‍ക്കാലിക ഭരണസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. ക്ഷേത്രനടത്തിപ്പിലെ വീഴ്ചകള്‍ കണക്കിലെടുത്ത് എക്സിക്യൂട്ടീവ് ഓഫീസറോടും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും നാലുമാസത്തേക്ക് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷിനെ ചുമതലപ്പെടുത്തി. രാജകുടുംബത്തിന്റെ പ്രതിനിധിക്ക് ട്രസ്റ്റി സ്ഥാനത്ത് തുടരാമെങ്കിലും ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് ഓഫീസറുടെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ല. ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകളും കണക്കുകളും പരിശോധിച്ചു തിട്ടപ്പെടുത്താന്‍ മുന്‍ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.

ക്ഷേത്രസ്വത്ത് വ്യാപകമായി കവരുന്നതടക്കം ഭരണനടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച സമഗ്രറിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെടുന്ന ബെഞ്ച് താല്‍ക്കാലിക ഭരണസംവിധാനത്തിന് രൂപം നല്‍കിയത്. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത സീനിയര്‍ ജഡ്ജിയാകും അധ്യക്ഷന്‍. ക്ഷേത്രത്തിലെ മൂന്ന് തന്ത്രിമാരില്‍ ഒരാള്‍, മുഖ്യനമ്പി എന്നിവര്‍ അംഗങ്ങളായിരിക്കും. മറ്റ് രണ്ടംഗങ്ങളെ അധ്യക്ഷന് തീരുമാനിക്കാം. ഇതില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചുവേണം തീരുമാനിക്കാന്‍ . ആറ് നിലവറകളുടെയും രണ്ട് മുതല്‍പ്പടി മുറികളുടെയും താക്കോലുകള്‍ അടിയന്തരമായി പുതിയ ഭരണസമിതി അധ്യക്ഷന് കൈമാറണം.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയങ്ങളില്‍ അടിയന്തര നടപടിയെടുക്കാന്‍ പുതിയ ഭരണസമിതിയോട് കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദേശങ്ങള്‍:
(1) സിസിടിവികളും മറ്റും സ്ഥാപിച്ചും നിലവറകള്‍ ആവശ്യമായ വിധം ശക്തിപ്പെടുത്തിയും നിധിയുടെ സംരക്ഷണം ഉറപ്പാക്കുക.
(2) കാണിക്കയായി ലഭിക്കുന്ന പണം ആഴ്ചയിലൊരിക്കല്‍ (കഴിയുമെങ്കില്‍ ശനിയാഴ്ച) ഭരണസമിതി അധ്യക്ഷന്റെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ മേല്‍നോട്ടത്തില്‍ എണ്ണിത്തിട്ടപ്പെടുത്തുക. ബാങ്ക് പ്രതിനിധികളും ഈ ഘട്ടത്തില്‍ സന്നിഹിതരായിരിക്കണം.
(3) നിലവറകള്‍ക്ക് മുകളിലൂടെ കടന്നുപോകുന്ന ഇടനാഴി ശുചീകരിക്കണം.
(4) ക്ഷേത്ര സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം.
(5) പത്മതീര്‍ഥക്കുളവും മിത്രാനന്ദകുളവും സമയബന്ധിതമായി ഒരു അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തി വൃത്തിയാക്കണം.
(6) ക്ഷേത്രസ്വത്തുക്കളൊന്നും അന്യാധീനപ്പെടില്ലെന്ന് ഉറപ്പാക്കണം.

പുതിയ ഭരണസമിതി സ്വീകരിക്കുന്ന നടപടികള്‍ക്കും തീരുമാനങ്ങള്‍ക്കും ട്രസ്റ്റി ഉത്തരവാദിയായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ട്രസ്റ്റിയുമായി ആലോചിച്ച് എടുക്കുന്ന നടപടികളുടെ ഉത്തരവാദിത്തമുണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ ട്രസ്റ്റിയുടെ അഭിപ്രായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഭരണസമിതിയായിരിക്കും. വേനലവധിക്കുശേഷം ആഗസ്ത് ആദ്യവാരം കോടതി കേസ് വീണ്ടും പരിഗണിക്കും.

വ്യാഴാഴ്ച ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കോടതി കടന്നത്. ക്ഷേത്രഭരണം സര്‍ക്കാരിന് കൈമാറിയ ഹൈക്കോടതി ഉത്തരവിനെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീലില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ പുതിയ ഭരണസമിതിക്കായിരിക്കും അധികാരം. ചുമതല ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്നെ ഏല്പിച്ച ഉത്തരവാദിത്വം ആത്മാര്‍ഥതയോടെ നിര്‍വഹിക്കുമെന്നും മുന്‍ സിഎജി വിനോദ് റായ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എം പ്രശാന്ത്

പ്രഹരമേറ്റത് സര്‍ക്കാരിന്റെ രാജഭക്തിക്ക്

ശ്രീപത്മനാഭസ്വാമിക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് പൂര്‍ണമായി മാറ്റിയ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് കേരളത്തിന്റെ നവോത്ഥാനപ്രയാണത്തെ ശക്തിപ്പെടുത്തും. ഇത് രാജഭക്തിയില്‍ സര്‍വതും മറക്കുന്ന യുഡിഎഫ് സര്‍ക്കാരിനേറ്റ കനത്ത പ്രഹരം കൂടിയാണ്. സുപ്രീംകോടതിയുടെ അടികിട്ടിയിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്യൂഡല്‍ പ്രണയത്തില്‍നിന്ന് പിന്മാറുന്നില്ല. അതുകൊണ്ടാണ് രാജകുടുംബത്തെ ക്ഷേത്രഭരണത്തില്‍നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്.

ക്ഷേത്രാചാരത്തെയും ക്ഷേത്രത്തിലെ അമൂല്യസ്വത്തുവകകളുടെ സംരക്ഷണത്തെയും രണ്ടായി കണ്ട യുക്തിപൂര്‍വമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ക്ഷേത്രാചാരങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ക്കുള്ള പങ്ക് കോടതി ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ, സ്വത്തുവകകളിലും ഭക്തര്‍ നല്‍കുന്ന കാണിക്കയിലും തൊട്ടുകളിക്കാന്‍ രാജകുടുംബത്തെ അനുവദിക്കുന്നില്ല. ഇതുവരെ നടന്ന കള്ളത്തരങ്ങളെപ്പറ്റി അമിക്കസ്ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ക്ഷേത്രസമ്പത്ത് അടങ്ങുന്ന നിലവറകളുടെ താക്കോല്‍ ജില്ലാജഡ്ജി സൂക്ഷിക്കാന്‍ കോടതി കല്‍പ്പിച്ചിരിക്കുന്നത്. രാജകുടുംബം ഇനി ക്ഷേത്രം ഭരിക്കേണ്ടെന്ന് സാരം. ഈ ഉത്തരവിനെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്ക് കോടതിവിധിയോട് വല്ലാത്ത നീരസം. രാജകുടുംബത്തിന്റെ വിശ്വാസ്യതയെപ്പറ്റി വാതോരാതെ സംസാരം.

ക്ഷേത്രക്രമക്കേടുകളെപ്പറ്റിയുള്ള അമിക്കസ്ക്യൂറിയുടെ കണ്ടെത്തല്‍ ഗൗരവമേറിയതാണെന്ന സുപ്രിംകോടതിയുടെ വിലയിരുത്തലിനെ കോടതിക്കുപുറത്ത് വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി യഥാര്‍ഥത്തില്‍ കോടതിയലക്ഷ്യം കാട്ടുകയാണ്. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്താന്‍ മുന്‍ സിഎജി വിനോദ്റോയിയെ കോടതി ചുമതലപ്പെടുത്തിയത് രാജകുടുംബത്തോടുള്ള കോടതിയുടെ അവിശ്വാസമാണ്. അതു മനസ്സിലാക്കാനുള്ള സാമാന്യയുക്തിപോലുമില്ലാതെയാണ് മുഖ്യമന്ത്രിയും കൂട്ടരും പ്രതികരണം നടത്തിയിരിക്കുന്നത്. രാജകുടുംബാംഗങ്ങളില്‍ ചിലരുടെ മേല്‍നോട്ടത്തില്‍ ക്ഷേത്രത്തില്‍ നടത്തിയ സ്വര്‍ണക്കവര്‍ച്ചയെപ്പറ്റി അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് അന്വേഷിക്കാനും കവര്‍ച്ചമുതല്‍ കണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള നിയമപരമായ ബാധ്യത സംസ്ഥാനസര്‍ക്കാരിനുണ്ട്. അതുചെയ്യാതെ, കവര്‍ച്ചക്കാരെ രക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്.

രാജഭരണം അവസാനിച്ചിട്ട് 66 വര്‍ഷം കഴിഞ്ഞു. എന്നിട്ടും, ഒരിക്കല്‍പ്പോലും രാജാവായിട്ടില്ലാത്ത ഉത്രാടംതിരുനാളിന് "മഹാരാജാവ്" എന്ന ഉടയാട ചാര്‍ത്തുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ ഹൈക്കോടതി വിധിച്ചിട്ടും അതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ രാജകുടുംബത്തിനൊപ്പം നിലകൊണ്ട യുഡിഎഫ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വീണ്ടുവിചാരത്തിന് അവസരം നല്‍കിയതാണ്. പക്ഷേ, രാജഭക്തിയുപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തയ്യാറല്ല എന്നാണ് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മുന്‍ രാജാക്കന്മാര്‍ക്ക് അനുവദിച്ചിരുന്ന പ്രിവിപേഴ്സ് നിര്‍ത്തലാക്കിയ ഇന്ദിര ഗാന്ധിയുടെ അനുയായികളെന്ന് അഭിമാനിക്കുന്നവരാണ് രാജഭക്തി തുടരുന്നത്. ഇത് സുപ്രീംകോടതി മനസ്സിലാക്കിയതുകൊണ്ടാണ് ഭരണസമിതിയില്‍ സര്‍ക്കാരിന് പങ്കാളിത്തം നല്‍കാതിരുന്നത്. എങ്കിലും അഞ്ചംഗസമിതിയിലേക്ക് സര്‍ക്കാരിന് ഒരു പ്രതിനിധിയെ നിര്‍ദേശിക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. നിര്‍ദേശിക്കുന്ന പ്രതിനിധി അനുയോജ്യനാണെന്ന് ജില്ലാജഡ്ജിക്കു ബോധ്യമുണ്ടെങ്കില്‍മാത്രം നിയമിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളത് സര്‍ക്കാരിന്റെ സ്വഭാവവിശേഷത്തിനുള്ള സര്‍ട്ടിഫിക്കറ്റാണ്.

ആര്‍ എസ് ബാബു

സര്‍ക്കാര്‍ നീക്കം വിജയിച്ചില്ല

ന്യൂഡല്‍ഹി: ഭരണസമിതിയുടെ കാര്യത്തില്‍ അമിക്കസ്ക്യൂറിയും രാജകുടുംബവും കോടതിയില്‍ തര്‍ക്കിച്ചപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി. ഭരണസമിതിയിലേക്ക് നിവേദിത പി ഹരന്‍, എഡിജിപി ഹേമചന്ദ്രന്‍, കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് എന്നിവരുടെ പേരുകള്‍ സര്‍ക്കാര്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നെങ്കിലും സമര്‍പ്പിച്ചില്ല. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഭരണസമിതിയെന്ന നിര്‍ദേശം കോടതി തന്നെ മുന്നോട്ടുവച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം പാളിയത്. ഒടുവില്‍ സമിതിയില്‍ തങ്ങളുടെ ഒരംഗം വേണമെന്നത് മാത്രം കോടതിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസര്‍ക്കായി രാജകുടുംബം ശക്തമായി വാദിച്ചപ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിച്ചതും ശ്രദ്ധേയമായി.

അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ഉറച്ച നിലപാടു മൂലമാണ് എക്സിക്യൂട്ടീവ് ഓഫീസറിലൂടെ ഭരണനിയന്ത്രണം തുടര്‍ന്നും കൈയാളാനുള്ള കൊട്ടാരത്തിന്റെ നീക്കം പാളിയത്. പുതിയ എക്സിക്യൂട്ടീവ് ഓഫീസര്‍ വരുമെന്നു കണ്ടപ്പോള്‍ മാത്രമാണ് കെ എന്‍ സതീഷിന്റെ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അമിക്കസ്ക്യൂറിയും ഇതിനോട് യോജിക്കുകയായിരുന്നു. ഭരണസമിതിയില്‍ രാജകുടുംബത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താനും നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസറെ നിലനിര്‍ത്താനും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍, അമിക്കസ്ക്യൂറി നിര്‍ദേശിച്ച പേരുകള്‍ ഒഴിവാക്കുന്നതില്‍ രാജകുടുംബം വിജയിച്ചു.

deshabhimani

No comments:

Post a Comment