Friday, April 25, 2014

കോൺഗ്രസ്‌ നേതാക്കളുടെ ബിനാമികൾ ആദിവാസിഭൂമിയിൽ കൃഷി നടത്തുന്നു

കണ്ണൂർ: ആദിവാസി പുനരധിവാസ മേഖലയിലെ ഏക്കറ്‌ കണക്കിന്‌ ഭൂമി ഭരണകക്ഷിനേതാക്കളുടെ ബിനാമികൾ കയ്യേറി കൃഷിനടത്തുന്നതായി ആരോപണം. പുനരധിവാസമേഖലയിലെ 1500ഓളം ഏക്കർ ഭൂമി ഇടുക്കിയിലെ കോൺഗ്രസ്‌ നേതാക്കളുടെ ബിനാമികൾ കയ്യേറി പൈനാപ്പിൾ കൃഷി നടത്തുന്നതായാണ്‌ ആദിവാസികൾ ആരോപിക്കുന്നത്‌. 150 ഏക്കറോളം ഭൂമി പാട്ടത്തിന്‌ വാങ്ങിയ രേഖയുണ്ടാക്കിയാണ്‌ 1500 ഏക്കറോളം ഭൂമി കയ്യേറി പൈനാപ്പിൾകൃഷി നടത്തുന്നതെന്നാണ്‌ ആരോപണം, ആനകളെ ആകർഷിക്കുന്ന പൈനാപ്പിൾ പോലുള്ള വസ്‌തുക്കളുടെ കൃഷി ആറളത്ത്‌ നടത്തുന്നതും ഇവിടെ കാട്ടനശല്യം രൂക്ഷമാകാനുള്ള കാരണങ്ങളിലൊന്നാണ്‌. ഈ കയ്യേറ്റവും കൃഷിയും പല തവണ ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും കൃഷിയെയും കൃഷിനടത്തുന്നവരെയും സംരക്ഷിക്കാനുള്ള നടപടിയല്ലാതെ മറ്റൊന്നും അധികൃതർ സ്വീകരിക്കുന്നില്ലെന്നും ആദിവാസി സംഘടനകൾ ആരോപിക്കുന്നു.

രാസവളങ്ങളും മറ്റും ഉപയോഗിച്ചാണ്‌ ഇവിടെ കൃഷി നടത്തുന്നതെന്നാണ്‌ മറ്റൊരു വസ്‌തുത. ഈ വിഷമാലിന്യ പൈനാപ്പിൾ കൃഷി സംരക്ഷിക്കുന്നതിന്‌ വേണ്ടി ചുറ്റും വൈദ്യുതിവേലിയും സ്ഥാപിച്ചിട്ടുണ്ട്‌. ഇതിന്‌ സംരക്ഷണം നൽകുന്നതാകാട്ടെ പട്ടികവർഗ്ഗവകുപ്പിന്റെ സെക്യൂരിറ്റിയും. കാട്ടാനകളെ ആകർഷിക്കുന്ന പൈനാപ്പിൾ കൃഷിക്ക്‌ വേലികെട്ടി സംരക്ഷണം നൽകുന്ന വകുപ്പ്‌ അധികൃതർ ആദിവാസികളുടെ ജീവൻ രക്ഷിക്കാൻ വൈദ്യുതിവേലി കെട്ടുന്നില്ലെന്നതാണ്‌ വസ്‌തുത. കയ്യേറ്റക്കാർക്കും പൈനാപ്പിൾ മുതലാളിമാർക്കും അധികൃതർ നൽകുന്ന സംരക്ഷണം ആദിവാസികൾക്ക്‌ നിഷേധിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ആദിവാസികൾ ആരോപിച്ചു.

ആദിവാസികളുടെ കഷ്‌ടതയെ കുറിച്ചും ഇതിനുള്ള പരിഹാരം കാണാനും പല തവണ പട്ടികവകുപ്പ്‌ മന്ത്രി പി കെ ജയലക്ഷ്‌മിയെ നേരിട്ട്‌കണ്ട്‌ ആദിവാസികൾ ബോധ്യപ്പെടുത്തിയെങ്കിലും റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന പതിവ്‌ വാചകമല്ലാതെ മറ്റൊന്നും മന്ത്രിയുടെ ഭാഗത്ത്‌ നിന്നുണ്ടാകാറില്ലെന്നും ആദിവാസികൾ കുറ്റപ്പെടുത്തുന്നു.

കാട്ടാനശല്യം കാരണം ഭീതിയിലായിരിക്കുന്ന ആദിവാസികുടുംബങ്ങളെ സംരക്ഷിക്കാനും അവരെ സുരക്ഷിതമായ സ്ഥലത്തേക്ക്‌ മാറ്റാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്‌. സംഭവസ്ഥലം സന്ദർശിച്ച അധികൃതർ എത്രയും പെട്ടെന്ന്‌ സ്ഥലം ഒഴിയാനുള്ള നിർദ്ദേശം മാത്രമാണ്‌ ആദിവാസികൾക്ക്‌ നൽകിയത്‌. ആദിവാസി മേഖലയിൽ പ്രവേശിക്കുന്ന കാട്ടാനകളെ നിരീക്ഷിക്കാൻ ഫോറസ്റ്റ്‌ വാച്ചർമാരെ നിയോഗിക്കും എന്നത്‌ മാത്രമാണ്‌ ജില്ലാഭരണകൂടത്തിന്റെ പുതിയ തീരുമാനം. ഫോറസ്റ്റ്‌ വാച്ചർമാർക്ക്‌ കാട്ടാനകളെ തടയാൻ കഴിയില്ലെന്നതാണ്‌ യാഥാർത്ഥ്യം. വൈദ്യുതിവേലിയോ ട്രഞ്ചോ നിർമിക്കാതെ കാട്ടാനകളിൽ നിന്നും ആദിവാസികൾക്ക്‌ സംരക്ഷണം കിട്ടില്ല. ആനയുടെ കുത്തേറ്റ്‌ ആദിവാസി സ്‌ത്രീ മരിച്ച സംഭവത്തിൽ നിയമാനുസൃതം നടക്കേണ്ട ഒരന്വേഷണം നടത്തിയില്ലെന്നും ആരോപണവുമുണ്ട്‌. സംഭവം നടന്ന സ്ഥലമായ ആറളം പുനരധിവാസ മേഖലയിലെ പതിനൊന്നാം ബ്ളോക്ക്‌ ചോമാനിയിലെ മിക്ക ആദിവാസി കുടുംബങ്ങളും കാട്ടാനയുടെ അക്രമം ഭയന്ന്‌ വീടൊഴിഞ്ഞ്‌ പോകുകയാണ്‌. മരിച്ച സ്‌ത്രീയുടെ നാൽപതാം ദിവസത്തിൽ നടത്തേണ്ട മരണാനന്തര ചടങ്ങുകൾ ബന്ധുക്കൾ നേരത്തെ നടത്തുകയും ചെയ്‌തു. നാൽപത്‌ ദിവസം വരെ സ്ഥലത്ത്‌ നിൽക്കാനാവാത്ത സ്ഥിതിയായതിനാൽ സാധാരണയായി ആദിവാസികൾ നടത്തുന്ന മൂന്ന്‌ ദിവസം നീണ്ട്‌ നിൽക്കേണ്ട ചടങ്ങ്‌ പോലും നടത്താതെ ഇന്നലെയും ഇന്നുമായി ചടങ്ങുകൾ നടത്തി സ്ഥലം ഒഴിയാനാണ്‌ ബന്ധുക്കളും പരിസരവാസികളും തീരുമാനിച്ചിരിക്കുന്നതെന്നും ആദിവാസി ഗോത്ര മഹാസഭ കോ ഓർഡിനേറ്റർ എം ഗീതാനന്ദൻ പറഞ്ഞു.

janayugom

No comments:

Post a Comment