Tuesday, April 22, 2014

ഹിന്ദുമേഖലയില്‍ മുസ്ലിങ്ങള്‍ സ്ഥലം വാങ്ങരുതെന്ന് തൊഗാഡിയ

ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലകളില്‍ മുസ്ലിങ്ങള്‍ സ്ഥലം വാങ്ങരുതെന്ന വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗത്തിനെതിരെ പൊതുസമൂഹത്തിലും സൈബര്‍ ലോകത്തും പ്രതിഷേധം ശക്തമാവുന്നു. ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന യോഗത്തിലാണ് തൊഗാഡിയ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രഭാഷണം നടത്തിയത്. മെഗാനിയിലെ മുസ്ലിം വ്യവസായി വാങ്ങിയ വീടിനു മുന്നില്‍ തൊഗാഡിയയും സംഘവും പ്രതിഷേധയോഗവും നടത്തി. 48 മണിക്കൂറിനുള്ളില്‍ സ്ഥലം വിട്ടില്ലെങ്കില്‍ വീട് ആക്രമിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. അതേസമയം തൊഗാഡിയയെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. താന്‍ തൊഗാഡിയയുമായി സംസാരിച്ചെന്നും എന്നാല്‍ അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് പറഞ്ഞതെന്നും ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. തൊഗാഡിയ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെയും നിലപാട്.

ബര്‍ഖാദത്ത്, രാഹുല്‍ പണ്ഡിറ്റ് തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരും തൊഗാഡിയക്കെതിരെ രംഗത്തെത്തി. ""ആരെങ്കിലും പ്രവീണ്‍ തൊഗാഡിയയെ ഒഴിപ്പിച്ച് നാട്ടുകാര്‍ക്ക് ഉപകാരം ചെയ്യുമോ..?""- എന്ന് ബര്‍ഖാദത്ത് ട്വിറ്ററില്‍ കുറിച്ചു. തൊഗാഡിയയുടെ പ്രസംഗത്തില്‍ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റെന്തിന്റെ പേരില്‍ നടപടി കൈക്കൊള്ളുമെന്ന് രാഹുല്‍പണ്ഡിറ്റ് പ്രതികരിച്ചു. തൊഗാഡിയയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി പാര്‍ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു.

തൊഗാഡിയയുടെ വിഷലിപ്ത പ്രസംഗത്തിനെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ പ്രസംഗത്തിന്റെ ടേപ്പ് പരിശോധിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. അതിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കും. നരേന്ദ്രമോഡിയെ പിന്തുണയ്ക്കാത്തവര്‍ രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന് ബിഹാറിലെ ബിജെപി നേതാവ് ഗിരിരാജ് സിങ് പ്രസംഗിച്ചത് വന്‍വിവാദമായിരുന്നു. ഗിരിരാജ് സിങ്ങിന്റെ പ്രസംഗം ബിജെപിനേതൃത്വം തള്ളിയിരുന്നു. എന്നാല്‍, സിങ്ങിനു പിന്നാലെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗവുമായി വിഎച്ച്പിയുടെ മുതിര്‍ന്ന നേതാവ് രംഗത്തെത്തിയത് ബിജെപിയ്ക്ക് തലവേദനയായി.

deshabhimani

No comments:

Post a Comment