ന്യൂഡല്‍ഹി: നാവികസേനാമേധാവി നിയമനത്തിനു പിന്നാലെ കരസേനാമേധാവി നിയമനീക്കവും വിവാദത്തിലേക്ക്. വഴിവിട്ട നിയമനടപടികളിലും വിവാദങ്ങളിലും സൈന്യത്തില്‍ കടുത്ത അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. സേനാമേധാവി നിയമനങ്ങളിലെങ്കിലും രാഷ്ട്രീയം കലര്‍ത്തരുതെന്ന അഭിപ്രായം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നു. എ കെ ആന്റണി പ്രതിരോധ മന്ത്രിയായതോടെയാണ് സേനാമേധാവി നിയമനം വിവാദങ്ങളില്‍ കുടുങ്ങിയത്. സര്‍ക്കാരിനും മന്ത്രിക്കും ഉറച്ചതീരുമാനമെടുക്കാന്‍ കഴിയാത്തതാണ് കാര്യങ്ങള്‍ വഷളാക്കിയത്. നാവികസേനാമേധാവി നിയമനമാണ് ആദ്യം വിവാദമായത്. മുങ്ങിക്കപ്പലുകളും കപ്പലുകളും തുടര്‍ച്ചയായി അപകടങ്ങളില്‍പ്പെടുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി പദവി രാജിവയ്ക്കുകയായിരുന്നു.
കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതിരുന്നതും പഴയ കപ്പലുകള്‍ മാറ്റുന്നതിലെ വീഴ്ചയുമാണ് തുടര്‍ച്ചയായ ദുരന്തങ്ങള്‍ക്ക് വഴിവച്ചത്. മതിയായ ഫണ്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരാണ് അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍, ആന്റണി അധികാരത്തില്‍ കടിച്ചുതൂങ്ങിയപ്പോള്‍ ജോഷി സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുകയായിരുന്നു. ആന്റണിയാകട്ടെ മടിയില്ലാതെ രാജി സ്വീകരിച്ചു. ജോഷിയുടെ രാജിയോടെ അധികാരമാറ്റം വിവാദത്തിലായി. കീഴ്വഴക്കമനുസരിച്ച് ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് അടുത്ത മേധാവി. അഡ്മിറല്‍ റോബിന്‍ ധൊവാന് മേധാവിയുടെ താല്‍ക്കാലിക ചുമതല നല്‍കിയ സര്‍ക്കാര്‍ സ്ഥിരനിയമനം അനന്തമായി നീട്ടി. ഒടുവില്‍ ഏറ്റവും സീനിയറായ പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ തഴഞ്ഞ് അദ്ദേഹത്തേക്കാള്‍ ജൂനിയറായ റോബിന്‍ ധൊവാനെ പ്രതിഷ്ഠിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് സിന്‍ഹ സ്വയംവിരമിക്കലിന് അപേക്ഷിച്ചത്. കരസേനാമേധാവി ബിക്രംസിങ് ജൂലൈയില്‍ വിരമിക്കുകയാണ്. ഇപ്പോഴത്തെ ഉപമേധാവി ലെഫ്. ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗിനെ പകരം നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതും വിവാദമുയര്‍ത്തുകയാണ്്. ബിജെപി ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമീഷന് കത്തയച്ചു.
മുന്‍ കരസേനാമേധാവിയും ബിജെപി നേതാവുമായ ജനറല്‍ വി കെ സിങ്ങാണ് സുഹാഗിന്റെ വരവിനെ എതിര്‍ക്കുന്നത്. വി കെ സിങ് മേധാവിയായിരിക്കെ അച്ചടക്കമില്ലായ്മ ആരോപിച്ച് സുഹാഗിന്റെ സ്ഥാനക്കയറ്റത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വി കെ സിങ്ങിനു ശേഷം സ്ഥാനമേറ്റ ബിക്രംസിങ് വിലക്ക് പിന്‍വലിച്ച് അദ്ദേഹത്തെ ഉപമേധാവിയാക്കി. സുഹാഗിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ കുടുംബപരമായ താല്‍പ്പര്യങ്ങളുമുണ്ട്. സുഹാഗിന് അല്ലെങ്കില്‍ അടുത്ത അവസരം തെക്കന്‍ കരസേനാ കമാന്‍ഡ്് ലെഫ്. ജനറല്‍ അശോക് സിങ്ങിനാണ്. വി കെ സിങ്ങിന്റെ മകളെ വിവാഹം കഴിച്ചത് അശോക് സിങ്ങിന്റെ മകനാണ്. എന്നാല്‍, ബിജെപി പുറത്തുപറയുന്ന കാരണങ്ങള്‍ ഇതല്ല. നാവികസേനാമേധാവി നിയമനത്തില്‍ സീനിയോറിറ്റി മറികടന്ന സര്‍ക്കാര്‍ കരസേനയില്‍ എന്തുകൊണ്ട് സീനിയോറിറ്റി മുറുകെ പിടിക്കുന്നുവെന്നാണ്. ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ബിജെപി തിരിച്ചടിക്കുന്നതും ഇതേ കാര്യം തന്നെ.
deshabhimani
No comments:
Post a Comment