Thursday, April 24, 2014

ബാങ്കിങ്മേഖല കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നു: വി എസ്

ബാങ്കിങ് സ്ഥാപനങ്ങള്‍ അടക്കമുള്ള ധനകാര്യമേഖലയെ സ്വകാര്യ വിദേശകുത്തകകള്‍ക്ക് അടിയറവയ്ക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി സഹകരണമേഖല ഇന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ്. പൊതുവിതരണ സംവിധാനംപോലും തകര്‍ന്ന് ജനജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിലാണ് ഗ്രാമീണജീവിതത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയുള്ള സഹകരണമേഖലയില്‍ അനാവശ്യമായി കേന്ദ്രസര്‍ക്കാര്‍ കൈകടത്തുകയാണ്. പ്രാഥമികസഹകരണബാങ്കുകള്‍ ജില്ലാബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നബാര്‍ഡിന്റെ സര്‍ക്കുലര്‍ ഇതിന്റെ ഭാഗമാണ്. ഇതു സഹകരണമേഖലയുടെ അന്തകനായി മാറും. ഇന്‍കംടാക്സ് ഇളവുകള്‍ പിന്‍വലിക്കുകയും സര്‍വീസ് ടാക്സുകള്‍ മുന്‍കാല പ്രാബല്യത്തോടെ ബാധകമാക്കുകയുംചെയ്തത് സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കും. ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകുകയും പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കാതിരിക്കുകയും ചെയ്യുകവഴി ജീവനക്കാരുടെമേല്‍ കൂടുതല്‍ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. സഹകരണമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ് പി മുരളീധരന്‍നായര്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ബെഫി സംസ്ഥാനപ്രസിഡന്റ് പി വി ജോസ് എന്നിവര്‍ സംസാരിച്ചു. ധര്‍ണയ്ക്കു മുന്നോടിയായി രക്ഷക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു ജീവനക്കാര്‍ പങ്കെടുത്തു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതവും വി ടി ജയരാജന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment