Tuesday, April 29, 2014

എസ്ബിഐയെ റിലയന്‍സ് വിഴുങ്ങി

രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വന്‍കിട കോര്‍പറേറ്റ് കമ്പനിയായ റിലയന്‍സ് വിഴുങ്ങി. ബാങ്കിന്റെ 95 ശതമാനം പ്രവര്‍ത്തനങ്ങളും റിലയന്‍സിന് കൈമാറുന്ന കരാറില്‍ എസ്ബിഐയും റിലയന്‍സിന്റെ പണമിടപാട്് സ്ഥാപനമായ റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചറും ഒപ്പുവച്ചു. പാര്‍ലമെന്റിലോ മറ്റ് കേന്ദ്ര ധനസമിതികളിലോ ചര്‍ച്ചചെയ്യാതെ അതീവരഹസ്യമായി ഒപ്പുവച്ച ഈ കരാറിലൂടെ ബാങ്കിന്റെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും റിലയന്‍സ് പിന്‍വാതിലിലൂടെ കൈയടക്കിക്കഴിഞ്ഞു.

ഫെബ്രുവരി 24ന് എസ്ബിഐ ജനറല്‍ മാനേജരും (ആര്‍ബി-ഔട്ട് റീച്ച്) റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ ആഷിഷ് തുറാഖ്യയും ഒപ്പുവച്ച കരാര്‍ ഇതുവരെയും ബാങ്ക് അധികൃതരോ റിലയന്‍സോ പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ ഒന്നുമുതലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നതെങ്കിലും കരാറനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ താഴെത്തട്ടിലേക്ക് കൈമാറിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ബാങ്കിങ് മേഖലയില്‍ അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കരാറില്‍ ഒപ്പുവച്ചതിനു പിന്നില്‍ റിലയന്‍സും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന ഒത്തുകളിയാണ്. തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാകുംമുമ്പ് വിശദാംശം പുറത്തുവന്നാലുണ്ടാകുന്ന തിരിച്ചടി ഭയന്നാണ് ഇപ്പോഴും കരാര്‍ രഹസ്യമായി വയ്ക്കുന്നതും.

കരാറനുസരിച്ച് റിലയന്‍സാണ് ഇനിമുതല്‍ എസ്ബിഐയുടെ സര്‍വീസ് പ്രൊവൈഡര്‍ (സേവനദാതാവ്). വായ്പ ആവശ്യമുള്ളവരെ കണ്ടെത്തുകയും സഹായിക്കുകയും ചെയ്യുക, അപേക്ഷകരുടെ വായ്പയ്ക്കാവശ്യമായ രേഖകള്‍ പരിശോധിക്കുക,സമ്പാദ്യ അക്കൗണ്ടുകള്‍ വര്‍ധിപ്പിക്കുക,ഇതിനുള്ള അപേക്ഷകള്‍ ശേഖരിച്ച് സമര്‍പ്പിക്കുക, സ്വയം സഹായസംഘങ്ങളും സംയുക്ത ബാധ്യത-വായ്പാ സംഘങ്ങളുംഉണ്ടാക്കുക, അവയെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുക, വായ്പാ അനുബന്ധനടപടികള്‍ പൂര്‍ത്തിയാക്കുക, വായ്പ തിരിച്ചുപിടിക്കുക, വായ്പ എടുത്തവരില്‍നിന്ന്മുതലും പലിശയും പണമായി ശേഖരിക്കുകയും ബാങ്കില്‍ അടയ്ക്കുകയും ചെയ്യുക, മൈക്രോ-ഇന്‍ഷുറന്‍സ്-മ്യൂച്ച്വല്‍ ഫണ്ട്-പെന്‍ഷന്‍ ഫണ്ട് എന്നിവ വില്‍ക്കുക, ചുരുങ്ങിയ സംഖ്യ ബാങ്ക് കൗണ്ടറിലെന്നപോലെ റിലയന്‍സില്‍ അടയ്ക്കുകയും പിന്‍വലിക്കുകയും ചെയ്യുക (ഈ ചുരുങ്ങിയ തുക എത്രയെന്ന് കരാറില്‍ പറയുന്നുമില്ല), ബാങ്ക് അതത് കാലത്ത് ആവശ്യപ്പെടുന്ന മറ്റ് സേവനങ്ങള്‍ തുടങ്ങി എസ്ബിഐ ഇപ്പോള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനവും താമസിയാതെ റിലയന്‍സിന്റെ കൈയിലാകും. ഇത്തരം സേവനങ്ങള്‍ക്കെല്ലാം ഇടപാടുകാരില്‍നിന്ന് ഫീസ് ഈടാക്കാനും റിലയന്‍സിന് അധികാരം നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാമെന്നും കരാറില്‍ പരസ്പരം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടിയ തുകയ്ക്കുള്ള വായ്പകള്‍ അനുവദിക്കുകയെന്ന ജോലി മാത്രമേ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ ചെയ്യേണ്ടതുള്ളൂ. ചെറിയ വായ്പകളുടെ പരിധി എത്രയെന്ന് പറയാത്ത സാഹചര്യത്തില്‍ ഇതിലും റിലയന്‍സിന് വെള്ളം ചേര്‍ക്കാന്‍ എളുപ്പമാണ്.

പുതിയ ബാങ്ക് തുടങ്ങാനുള്ള അപേക്ഷ തള്ളിയപ്പോഴാണ് റിലയന്‍സ് പുതിയ തന്ത്രം പുറത്തെടുത്തത്. ഒരു ബാങ്ക് തുടങ്ങുന്നതിലും എളുപ്പത്തില്‍ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ വരുതിയിലാക്കി. സ്വന്തമായി ഒരുരൂപ പോലും മൂലധനമായി സമാഹരിക്കേണ്ടതില്ലെന്ന് മാത്രമല്ല മൂലധന പര്യാപ്തത തുടങ്ങിയ പൊല്ലാപ്പുകളേതുമില്ലാതെ ബാങ്കിങ് മേഖല അപ്പാടെ കൈയടക്കാനുമായി.

എം രഘുനാഥ് deshabhimani

No comments:

Post a Comment