ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം കൊച്ചി യൂണിറ്റിലെ അച്ചടി, പാക്കിങ് വിഭാഗങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. വെള്ളിയാഴ്ച വൈകിട്ട് തൊഴിലാളികള്‍ എത്തിയപ്പോള്‍ ജോലിക്കു കയറേണ്ടെന്നും ഒരുമാസത്തെ ശമ്പളവും ഗ്രാറ്റുവിറ്റിയും വാങ്ങി പിരിഞ്ഞുപോകാനുമുള്ള നിര്‍ദേശമാണ് മാനേജ്മെന്റ് നല്‍കിയത്. ഇതേത്തുടര്‍ന്ന്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പേഴ്സണല്‍ വിഭാഗം വൈസ് പ്രസിഡന്റ് ജൂന്‍ജൂന്‍വാലയെ തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചു. ഇതുതടയാന്‍ മാനേജ്മെന്റ് പൊലീസിനെ വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
അച്ചടി, പാക്കിങ് ജോലികള്‍ക്കു പുറംജോലി കരാര്‍ നല്‍കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചതന്നെ ഈ ജോലികള്‍ എറണാകുളം പാതാളത്തുള്ള സ്വകാര്യ സ്ഥാപനത്തിലേക്കു മാറ്റിയിരുന്നു. എന്നാല്‍, തൊഴിലാളികളെ ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച പതിവുപോലെ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എംപ്ലോയീസ് അസോസിയേഷന്‍ (കേരള) ജനറല്‍ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്താന്‍ തൊഴിലാളികള്‍ ശ്രമം നടത്തി. എന്നാല്‍, മാനേജ്മെന്റ് ഇതിന് അനുവദിച്ചില്ല. തൊഴിലാളികളെ കാണാന്‍പോലും കൂട്ടാക്കാതെ പേഴ്സണല്‍ വിഭാഗം വൈസ് പ്രസിഡന്റ് സ്ഥലത്തുനിന്ന് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കൊച്ചി യൂണിറ്റില്‍ അച്ചടി, പാക്കിങ് വിഭാഗങ്ങളിലായി 30 സ്ഥിരംതൊഴിലാളികളാണുള്ളത്. ഇവരോടാണ് ഒരുമാസത്തെ ശമ്പളവും ഗ്രാറ്റുവിറ്റിയും വാങ്ങി പിരിഞ്ഞുപൊയ്ക്കൊള്ളാന്‍ പറഞ്ഞത്. തീര്‍ത്തും അന്യായമായ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തൊഴില്‍വകുപ്പ് എന്നിവയ്ക്ക് പരാതിനല്‍കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എംപ്ലോയീസ് അസോസിയേഷന്‍ (കേരള) ജനറല്‍ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി അന്യായമാണെന്നും ഇത് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് ഇ വി രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും അറിയിച്ചു.
deshabhimani
Really?
ReplyDeletewww.scienceuncle.com - Malayalam Science Portal